ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമിച്ച് യുവാവ്; കീഴ്പ്പെടുത്തി സഹയാത്രികർ, വിഡിയോ
Mail This Article
ലണ്ടൻ∙ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ കീഴ്പ്പെടുത്തി. ക്രൊയേഷ്യയിലെ സദറിൽ നിന്നുള്ള റയാൻ എയർ വിമാനത്തിൽ ബ്രിട്ടീഷുകാരനായ 27 കാരനാണ് പരാക്രമം കാണിച്ചത്. സംഭവത്തിന് പിന്നാലെ ബ്രിട്ടീഷ് ബോക്‌സറെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ ഇയാൾക്കെതിരെ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസും ചുമത്തിയിട്ടുണ്ട്.
Read also: ലോകത്തിലെ മികച്ച സർവകലാശാലകളിൽ രണ്ടെണ്ണം യുഎഇയിൽ...
സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. റയാൻഎയർ വിമാനത്തിൽ സീറ്റിൽ നിന്ന് എഴുന്നേറ്റ് യുവാവ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാൾ സൺഗ്ലാസ് ഊരിയ ശേഷം ക്രൂവിനോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. പിന്നീട് സഹയാത്രക്കാരെ നോക്കി വിചത്രമായ ആംഗ്യം കാണിച്ച ശേഷമാണ് ഇയാൾ വാതിൽ തുറക്കാൻ ശ്രമിക്കുന്നത്.
ഉടനെ തന്നെ രണ്ട് പുരുഷന്മാർ സീറ്റിൽ നിന്നും എഴുന്നേറ്റ് വന്ന് ഇയാളെ കീഴ്പ്പെടുത്തി. സംഭവം നടക്കുമ്പോൾ വിമാനം റൺവേയിലൂടെ ലണ്ടനിലേക്ക് പറന്നുയരാൻ തയ്യാറെടുക്കുകയായിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ പാഗ് ദ്വീപിൽ നടന്ന ഹൈഡ്ഔട്ട് ക്രൊയേഷ്യൻ സംഗീതോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു വിമാനത്തിലെ യാത്രക്കാരിൽ ഭൂരിഭാഗവും.
‘’സദറിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനം ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ഒരു യാത്രക്കാരൻ പ്രശ്നമുണ്ടാക്കി. തുടർന്ന് അൽപ്പനേരത്തേക്ക് വിമാന യാത്ര മാറ്റിവയ്ക്കേണ്ടി വന്നു. പിന്നീട് ഈ യാത്രക്കാരനെ പൊലീസിനെ ഏൽപ്പിച്ച ശേഷമാണ് യാത്ര തുടർന്നത്.
കേസിൽ ഇപ്പോൾ ലോക്കൽ പൊലീസ് അന്വേഷിക്കുകയാണ്. ഒരു യാത്രക്കാരന്റെ പെരുമാറ്റത്തിന്റെ ഫലമായി മറ്റ് യാത്രക്കാർ നേരിട്ട അസൗകര്യത്തിൽ യാത്രക്കാരോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു’’ – വിമാനകമ്പനി വക്താവ് പറഞ്ഞു.
English Summary: UK Man Tries To Open Plane's Door During Take-Off, Restrained By Other Passengers