പഴയ വാഹനവുമായി ലണ്ടനിലെത്തിയാൽ 12.50 പൗണ്ട് പിഴ; മേയറുടെ തീരുമാനത്തിന് കോടതി അനുമതി
Mail This Article
ലണ്ടൻ ∙ പഴയ വാഹനങ്ങളുമായി ലണ്ടൻ നഗരത്തിൽ എത്തിയാൽ പണിപാളും. നഗരം മുഴുവൻ അൾട്രാ എമിഷൻ സോണാക്കി മാറ്റാനുള്ള മേയർ സാദിഖ് ഖാന്റെ തീരുമാനത്തിന് ഹൈക്കോടതി അനുമതി നൽകി. ഓഗസ്റ്റ് 29 മുതലാകും ലണ്ടൻ നഗരത്തിലെ 32 ബറോകളും അൾട്രാ എമിഷൻ സോണായി മാറുക. അതിനുശേഷം, കൂടുതൽ വായു മലിനീകരണത്തിന് വഴിവയ്ക്കുന്ന പഴയ വാഹനങ്ങളുമായി എത്തുന്നവർ ഓരോ 24 മണിക്കൂറും 12.50 പൗണ്ട് വീതം പിഴ നൽകേണ്ടിവരും.
2019ലാണ് നഗരത്തിലെ വായു മലിനീകരണത്തിന് പരിഹാരം കാണാനായി ആദ്യമായി അൾട്രാ എമിഷൻ സോൺ ചാർജ് ഏർപ്പെടുത്തിയത്. കൺജക്ഷൻ ചാർജ് നിലവിലുണ്ടായിരുന്ന സെൻട്രൽ ലണ്ടനിൽ മാത്രമായിരുന്നു അന്ന് ഈ നിയന്ത്രണം. 2021ൽ ഇത് വിപുലീകരിച്ച് നോർത്ത് ആൻഡ് സൗത്ത് സർക്കുലാർ റോഡുകൾക്ക് ഉള്ളിലുള്ള എല്ലാ ബറോകൾക്കും ബാധകമാക്കി. ഇതാണ് അടുത്തമാസം 29 മുതൽ നഗരത്തിലെ 32 ബറോകളിലേക്കും വ്യാപിക്കുന്നത്. ബക്കിങാംഷെയർ, എസെക്സ്, ഹെഡ്ഫോർഡ്ഷെയർ, കെന്റ്, സറെ എന്നീ കൗണ്ടികളുടെയെല്ലാം ഏതാനും പ്രദേശങ്ങൾ ഇതോടെ അൾട്രാ എമിഷൻ സോണിന്റെ ഭാഗമാകും.
മേയറുടെ തീരുമാനത്തെ എതിർത്ത് കൺസർവേറ്റീവ് പാർട്ടി ഭരിക്കുന്ന അഞ്ച് ബറോ കൗൺസിലുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ മേയറുടെ തീരുമാനം പൂർണമായും അദ്ദേഹത്തിന്റെ അധികാരപരിധിയിലുള്ള കാര്യമാണെന്നും നിയമവിരുദ്ധമായി ഇതിലൊന്നും ഇല്ലെന്നുമാണ് കോടതി വിലയിരുത്തിയത്. നിർണായകമായ കോടതി വിധിയെ സ്വാഗതം ചെയ്ത മേയർ, നഗരത്തിൽ ശുദ്ധവായു ഉറപ്പാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി. ബെക്സ്‌ലി, ബ്രോംലി, ഹാരോ, ഹില്ലിങ്ടൻ, സറെ എന്നീ കൗൺസിലുകളാണ് ലണ്ടൻ മേയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരുന്നത്. കോടതി വിധിയെ മാനിക്കുന്നെങ്കിലും തീർത്തും നിരാശാജനകമായ തീരുമാനമായിപ്പോയി ഇതെന്നായിരുന്നു ഹർജിക്കാരുടെ പ്രതികരണം. ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ അവസാനംവരെ തങ്ങൾ പൊരുതിയെങ്കിലും ഫലം നിരാശാജനകമായിപ്പോയി എന്നും നിയമയുദ്ധത്തിന് നേതൃത്വം നൽകിയ കൗൺസിലർമാർ പറഞ്ഞു. ഇപ്പോൾതന്നെ വിലക്കയറ്റത്തിലും പണപ്പെരുപ്പത്തിലും നട്ടം തിരിയുന്ന ലണ്ടൻ നിവാസികൾക്ക് കൂടുതൽ കടബാധ്യത വരുത്തിവയ്ക്കുന്ന തീരുമാനമാണിതെന്നും അവർ ചൂണ്ടിക്കാട്ടി. മേയറുടെ തീരുമാനത്തിനെതിരെ ലണ്ടൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ നേരിട്ട് നിരത്തിലിറങ്ങിയും പ്രതിഷേധിച്ചിരുന്നു.
ഓരോ വാഹനവും എമിഷൻ സ്റ്റാൻഡേർഡ് പാലിക്കുന്നവയാണോ എന്ന് ട്രാൻസ്പോർട്ട് ഫോർ ലണ്ടന്റെ വെബ്സൈറ്റിലൂടെ പരിശോധിക്കാം. എമിഷൻ സ്റ്റാൻഡേർഡ് പാലിക്കാത്ത വാഹനങ്ങളുമായി ലണ്ടനിലെത്തിയാൽ അന്നുതന്നെ പിഴ വൈബ്സൈറ്റിലൂടെ അടയ്ക്കണം. അല്ലാത്തപക്ഷം പിഴതുക വർധിക്കും. വാഹനങ്ങൾ ട്രാൻസ്പോർട്ട് ഫോർ ലണ്ടന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത് ഡയറക്ട് ഡെബിറ്റായും പണം അടക്കാം.
പുതിയ തീരുമാനം നലവിൽ വരുന്നതോടെ നഗരത്തിലെ ലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ പഴയ വാഹനങ്ങൾ വിറ്റ് പുതിയത് വാങ്ങേണ്ടി വരും. അല്ലാത്ത പക്ഷം സ്വന്തം വീട്ടിൽനിന്നു പുറത്തിറങ്ങാൻ പോലും ദിവസേന 12.50 പൗണ്ട് പിഴയടക്കേണ്ട സ്ഥിതി വരും.
ഇത്തരത്തിൽ പഴയ കാറുകൾ ഒഴിവാക്കി പുതിയതു വാങ്ങേണ്ടവരെ സഹായിക്കാൻ 110 മില്യൻ പൗണ്ടിന്റെ സ്ക്രാപ്പ്ഡ് സ്കീമിന് മേയർ തുടക്കം കുറിച്ചിരുന്നു. വരുമാനം കുറഞ്ഞവർക്കു മാത്രമാണ് നിലവിൽ സ്കീമിന്റെ ആനുകൂല്യമുള്ളത്. ഇതനുസരിച്ച് കാറുകൾ മാറ്റി വാങ്ങാൻ 2000 പൗണ്ടും മോട്ടോർ സൈക്കിളുകൾക്ക് 1000 പൗണ്ടുമാണ് ലഭിക്കുന്നത്. വീൽചെയർ അക്സെസുള്ള വാനങ്ങൾ മാറ്റി വാങ്ങാൻ 5000 പൗണ്ടും ലഭിക്കും.
മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലണ്ടൻ മേയറായിരുന്ന കാലത്താണ് അൾട്രാ എമിഷൻ സോൺ എന്ന ആശയം മുന്നോട്ടു വയ്ക്കുന്നത്. സാദിഖ് ഖാൻ ഇപ്പോൾ ഇത് നടപ്പാക്കുമ്പോൾ ശക്തമായി എതിർക്കുന്നത് ബോറിസിന്റെ പാർട്ടിയായ കൺസർവേറ്റീവാണ്.
English Summary: Penalties for arriving in London with old vehicles