പ്രളയത്തിൽ മുങ്ങി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളം; 70 വിമാനങ്ങൾ റദ്ദാക്കി
Mail This Article
ഫ്രാങ്ക്ഫര്‍ട്ട്∙ കനത്ത മഴ കാരണം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് 70 വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നു. ഇതുമൂലം നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. വെള്ളപ്പൊക്കത്തിൽ വിമാനത്താവളത്തിൽ ബേസ്മെന്റുകള്‍ മുങ്ങി. റൺവേയിൽ വെള്ളം കയറി. ഇതോടെ വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു.
ക്ലിയറൻസ് വൈകുന്ന സാഹചര്യം വന്നതോടെ 34 വിമാനങ്ങൾ കൃത്യസമയത്ത് ടേക്ക് ഓഫ് ചെയ്യാന്‍ കഴിഞ്ഞില്ല, രാത്രിയാത്രാ നിരോധനം കാരണം 23 വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ച് വിട്ടു. ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം, 10,000 ലധികം യാത്രക്കാരെയാണ് പ്രശ്നങ്ങള്‍ ബാധിച്ചത്.
അതേസമയം, ഹെസ്സന്‍, ബാഡന്‍–വുര്‍ട്ടംബര്‍ഗ്, റൈന്‍ലാന്‍ഡ്–പാലറ്റിനേറ്റ്, എന്നിവയുള്‍പ്പെടെ നിരവധി ഫെഡറല്‍ സംസ്ഥാനങ്ങളിലും കൊടുങ്കാറ്റും വെള്ളപ്പൊക്കവും അനുഭവപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴ ഹെസ്സനില്‍ കനത്ത നാശം വിതച്ചു.
തെക്കന്‍ ഹെസ്സെയില്‍ നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചതായി പൊലീസ് വക്താവ് പറഞ്ഞു. അവിടെയും വെള്ളത്തിനടിയിലായ ബേസ്മെന്റുകളും വെള്ളപ്പൊക്കത്തിൽ അകപ്പെട്ട തെരുവുകളും അടിപ്പാതകളും അടിയന്തര സേവനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നതായി പൊലീസ് അറിയിച്ചു.
അതിശക്തമായ ഇടിമിന്നലുകളും ജർമനിയിൽ അനുഭവപ്പെടുന്നുണ്ട്. ഇടിമിന്നലേറ്റ് ഏകദേശം 10,000 യൂറോയുടെ നാശനഷ്ടം ഉണ്ടായിയെന്നാണ് പുറത്ത് വരുന്ന വിവരം.
English Summary: Flooding disrupts about 70 flights at Frankfurt Airport