എ ലെവലിനു പിന്നാലെ ജിസിഎസ്ഇക്കും മിന്നും വിജയം നേടി മലയാളി കുട്ടികൾ
Mail This Article
ലണ്ടൻ ∙ കഴിഞ്ഞയാഴ്ച എ- ലെവൽ റിസൾട്ട് വന്നപ്പോൾ മിന്നിത്തിളങ്ങിയ മലയാളി കുട്ടികൾക്കു പിന്നാലെ ജിസിഎസ്ഇ പരീക്ഷയ്ക്കും മികച്ച വിജയം നേടിയതിന്റ തിളക്കത്തിലാണ് മലയാളി കുട്ടികൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എല്ലാ വിഷയത്തിനും ഗ്രേഡ് -9 (എ- പ്ലസ്) നേടിയ നിരവധി പേരുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.
വുഡ്ഫോർഡിലെ റെഡ്ബ്രിഡ്ജ് ഗ്രാമർ സ്കൂൾ വിദ്യാർഥിനിയായ നേഹ കാവാലം പത്തു വിഷയത്തിനും ഗ്രേഡ് -9 നേടിയാണ് മിന്നും വിജയം നേടിയത്. ഈസ്റ്റ് ലണ്ടനിലെ ഡഗ്നാമിൽ താമസിക്കുന്ന രാജ കാവാലം - ട്വിങ്കിൽ ദമ്പതിമാരുടെ മകളാണ് നേഹ. ചങ്ങനാശേരി സ്വദേശിയായ രാജ കാവാലവും പാലാ ഞരളയ്ക്കാട് വീട്ടിൽ ട്വിങ്കിളും ബ്രിട്ടനിൽ ഐടി പ്രഫഷനലുകളാണ്. ലണ്ടനിലെ തന്നെ ആൽവി മരിയയും ആദർശ് ജോർജും കോൾചെസ്റ്ററിലെ മാധവും ഇപ്സ്വിച്ചിലെ റിച്ചുവും സ്വാൻസിയിലെ ആന്റോയുമെല്ലാം ഈ ലിസ്റ്റിൽ ഇടംപിടിച്ച മിടുക്കരിൽ ഉൾപ്പെടുന്നു.
ഒൻപത് വിഷയങ്ങൾക്ക് ഗ്രേഡ് -9 നേടിയ മാധവ് സൗത്ത് എൻഡ് ബോയ്സ് ഗ്രാമർ സ്കൂൾ വിദ്യാർഥിയാണ്. ഐടി പ്രഫഷനലായ സുരേഷിന്റെയും നൃത്താധ്യാപികയും എൻഎച്ച്എസ് ഉദ്യോഗസ്ഥയുമായ സീമയുടെയും മകനാണ് മാധവ്. കോൾചെസ്റ്റർ ഗ്രാമർ സ്കൂളിലെ വിദ്യാർഥിയായ ഇപ്സ്വിച്ചിലെ അൽഡ്രിക് ജിജോ എന്ന റിച്ചു പത്ത് എ സ്റ്റാറും ഒരു എയുമാണ് ജിസിഎസ്ഇക്കു നേടിയത്. ജിജോ പിണക്കാട്ട് മഞ്ജു ദമ്പതിമാരുടെ മകനാണ്.
പത്തു വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയാണ് ലണ്ടനിൽ നിന്നുള്ള ആൽവി മരിയ മികച്ച വിജയം കൈവരിച്ചത്. കോടഞ്ചേരി വട്ടപ്പാറയിൽ സന്തോഷ് ജോണിന്റെയും ഷിബി മാത്യുവിന്റെയും മകളാണ്. വെയിൽസിലെ സ്വാൻസി ബിഷപ് വോൺ കാത്തലിക് സ്കൂളിലെ ആന്റോ ഫ്രാൻസിസ് എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടി. ഇടുക്കി രാജാക്കാട് ഫ്രാൻസിസ് പോളിന്റെയും ഡയാന ഫ്രാൻസിസിന്റെയും മകനാണ്.
ലണ്ടനിലെ അനീഷ് ജോർജിന്റെയും മഞ്ജു അനീഷിന്റെയും മകൻ ആദർശ് ജോർജാണ് മികച്ച വിജയം നേടിയ മറ്റൊരു മിടുക്കൻ. ബക്കിങാം ഷെയറിലെ സായൂജ് മേനോൻ സഞ്ജയും വാരിങ്ടനിലെ ഡിയോൺ ജോഷും ജിസിഎസ് ഇയിൽ മിന്നും വിജയം നേടി.