ADVERTISEMENT

ലണ്ടൻ∙ ചാൾസ് രാജാവിന്റെ 75-ാം ജന്മദിനാഘോഷം നവംബർ 14 ന് നടക്കുമ്പോൾ മകനായ ഹാരി രാജകുമാരൻ പങ്കെടുക്കില്ലെന്ന് റിപ്പോർട്ടുകൾ ‌. ഹാരി രാജകുമാരനും പിതാവ് ചാള്‍സ് രാജാവും തമ്മിലുള്ള  പ്രശ്നങ്ങൾ ബ്രിട്ടിഷ് മാധ്യമങ്ങൾക്ക് പ്രിയപ്പെട്ടതാണ്. അവയിൽ ഏറ്റവും ഒടുവിൽ പുറത്തു വന്ന വിവരങ്ങളിൽ ഒന്നാണ് ഹാരി രാജകുമാരൻ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചത്

പിതാവ് നല്‍കിയ ക്ഷണം മകന്‍ നിരസിച്ചെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ലണ്ടനിലെ ക്ലാരെന്‍സ് ഹൗസില്‍ ചൊവ്വാഴ്ച ആഘോഷപൂര്‍വ്വം പാര്‍ട്ടി സംഘടിപ്പിക്കാനാണ് ചാർൾസ് രാജാവ് ഒരുങ്ങുന്നത്. ഏറ്റവും അടുത്ത കുടുംബാംഗങ്ങളും, സുഹൃത്തുക്കളും പരിപാടിക്ക് എത്തുമ്പോള്‍ ഹാരിയുടെ മുഖം അക്കൂട്ടത്തില്‍ ഉണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്. നവംബര്‍ 14ന് നടക്കുന്ന പരിപാടിയിലേക്ക് ക്ഷണമുണ്ടെങ്കിലും സസെക്‌സ് ഡ്യൂക്ക് പങ്കെടുക്കില്ലെന്നാണ് സൂചന.

അഞ്ച് വര്‍ഷം മുന്‍പ് പിതാവിന്റെ 70-ാം പിറന്നാളില്‍ പങ്കെടുക്കാനായി ഹാരിയും ഭാര്യ മെഗാനും തങ്ങളുടെ ഹണിമൂണ്‍ പോലും വൈകിച്ചിരുന്നു. എന്നാൽ ഇപ്പോൾ പിതാവിനൊപ്പം സമയം ചെലവിടാനുള്ള അവസരം ഇത് രണ്ടാം തവണയാണ് ഹാരി ഒഴിവാക്കുന്നത്. സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ ചരമവാര്‍ഷികത്തില്‍ ബാല്‍മൊറാലില്‍ നടന്ന ചടങ്ങിലേക്ക് രാജാവ് ക്ഷണിച്ചെങ്കിലും ഹാരി എത്തിച്ചേര്‍ന്നിരുന്നില്ല.

ഹാരിയും ചാൾസ് രാജാവും തമ്മില്‍ ഇപ്പോള്‍ വലിയ സംസാരമില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഹാരിയുടെ ഓര്‍മ്മക്കുറിപ്പുകളായ സ്‌പെയറില്‍ തന്റെ ഭാര്യ കാമില്ല രാജ്ഞിയെ മകന്‍ വില്ലനായി ചിത്രീകരിച്ചതാണ് ചാള്‍സിനെനിരാശനാക്കിയത്. സീനിയര്‍ റോയല്‍സ് പദവി ഉപേക്ഷിച്ച് ഹാരിയും മെഗാനും കാലിഫോര്‍ണിയയിലേക്ക് പോയത് മുതല്‍ കുടുംബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നു.

English Summary:

King Charles' 75th birthday celebration on November 14; Prince Harry declined the invitation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com