യുകെയിൽ നഴ്സിനെ ബലാത്സംഗം ചെയ്ത കേസിൽ 66 കാരന് 12 വർഷം തടവ് ശിക്ഷ; ക്രൂരത അമ്മയുടെ പരിചരണത്തിനെത്തിയ നഴ്സിനെ തടഞ്ഞ് വച്ച്
Mail This Article
ഡോർസെറ്റ്∙ യുകെയിൽ വൃദ്ധയായ അമ്മയുടെ പരിചരണവുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ നഴ്സിനെ തടഞ്ഞുവച്ച് ബലാത്സംഗംചെയ്ത കേസിൽ 66 കാരനായ മകന് 12 വർഷത്തെ ശിക്ഷ വിധിച്ച് കോടതി. 2022 ജൂലൈ ഏഴിനാണ് ഡോർസെറ്റിലെ വീട്ടിൽ സന്ദർശനത്തിന് എത്തിയ നഴ്സിനെ ഗാരി ജോൺ ബ്രിഡ്ജർ ബലാത്സംഗം ചെയ്തത്. വൃദ്ധയായ അമ്മയെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവരുന്നത് സുരക്ഷിതമാണോ എന്ന പരിശോധനക്ക് എത്തിയതായിരുന്നു നഴ്സ്.
പരിശോധന പൂർത്തിയാക്കിയതിന് ശേഷം നഴ്സിനെ തിരികെ പോകുവാൻ അനുവദിക്കാതെ തടഞ്ഞുവെച്ച് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു എന്ന് ബോൺമൗത്ത് ക്രൗൺ കോടതി കണ്ടെത്തി. ബ്രിഡ്ജർ തന്റെ ഇരയെ കിടപ്പുമുറിയിലേക്ക് നിർബന്ധിച്ചു കൊണ്ടുപോകുകയും, അവിടെ അവളെ ക്രൂരമായ ആക്രമണത്തിന് വിധേയയാക്കിതായും കോടതിക്ക് ബോധ്യപ്പെട്ടു.ഇര അവിടെ വെച്ച് മരിച്ചു പോകുമെന്ന് പോലും ഭയപ്പെട്ടിരുന്നതായി പ്രോസിക്യൂട്ടർ ജമ്മ വൈറ്റ് കോടതിയിൽ ബോധിപ്പിച്ചു.
കുറ്റകൃത്യത്തിന് ശേഷം ബ്രിഡ്ജർ കുളിക്കുകയും സംഭവിച്ചത് മറച്ചുവെക്കാൻ ബെഡ് ഷീറ്റ് മാറ്റുകയും ചെയ്തുവെന്ന് അവർ വ്യക്തമാക്കി. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കുറ്റകൃത്യം നടപ്പിലാക്കിയതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. സാമൂഹിക പരിപാടികളിൽ പങ്കെടുക്കാൻ കഴിയാതെ മാസങ്ങളോളം ഇരയായ നഴ്സ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. പ്രതി കൃത്യമായി കുറ്റം ചെയ്തുവെന്ന കോടതിയിൽ വ്യക്തമായതിനെ തുടർന്നാണ് 12 വർഷത്തെ ശിക്ഷ കോടതി വിധിച്ചത്.
ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയാകുന്നവർക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യണമെങ്കിൽ ദയവായി 101 എന്ന നമ്പറിൽ വിളിച്ച് പ്രത്യേകം പരിശീലനം ലഭിച്ച് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാമെന്ന് യുകെ പൊലീസ് അറിയിക്കുന്നു. അടിയന്തിര സാഹചര്യങ്ങളിൽ എപ്പോഴും 999 ഡയൽ ചെയ്തും റിപ്പോർട്ട് ചെയ്യാം. 0800 970 9954 എന്ന നമ്പറിൽ ദി ഷോർസ് സെക്ഷ്വൽ അസാൾട്ട് റഫറൽ സെന്ററുമായും ബന്ധപ്പെടാം.