ADVERTISEMENT

ലണ്ടൻ ∙ വിദേശ ജോലിക്കാരെ യുകെയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ കുറഞ്ഞ വാർഷിക ശമ്പളം 30,000 പൗണ്ടായി വർധിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഉയരുന്ന കുടിയേറ്റത്തിന് മേല്‍ നിയന്ത്രണം കൊണ്ടുവരാനായാണ് ഇത്തരം ഒരു നീക്കം. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് ഇപ്പോള്‍ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടനിലെ ദേശീയമധ്യങ്ങളോട് സംസാരിക്കവെയാണ് നിയമപരമായ കുടിയേറ്റത്തിന് മേലും നടപടികള്‍ വരുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി സൂചന നല്‍കിയത്.

ഉയര്‍ന്ന ശമ്പള പരിധിക്കൊപ്പം വിദേശ എന്‍എച്ച്എസ്, കെയര്‍ ജോലിക്കാരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള സൂചന കൂടി ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. റെക്കോര്‍ഡ് നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള വഴികളുടെ ഭാഗമായി വിദേശ എന്‍എച്ച്എസ്, കെയര്‍ ജോലിക്കാര്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് ചില നിയന്ത്രണം കൊണ്ടുവരാനാണ് ആലോചന. നവംബര്‍ അവസാനത്തോടെ പുതിയ നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ പുറത്തുവരും. കൺസർവേറ്റീവ് പാർട്ടി പ്രകടനപത്രികയില്‍ കുടിയേറ്റം കുറയ്ക്കാന്‍ നടപടി ഉണ്ടാകുമെന്ന് 2019ൽ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ അന്ന് ഉള്ളതിനേക്കാൾ കുടിയേറ്റം മുകളിലേക്ക് വളര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

നിയമപരമായ കുടിയേറ്റവും ഉയര്‍ന്ന നിലയിലാണെന്ന് റോബര്‍ട്ട് ജെന്റിക്ക് പറഞ്ഞു. ബ്രക്സിറ്റിന് ശേഷം മൈഗ്രേഷന്‍ നിയന്ത്രിക്കാന്‍ അധികാരം ലഭിച്ചെങ്കിലും ഇത് ശരിയായ രീതിയില്‍ വിനിയോഗിച്ചിട്ടില്ല. കുടിയേറ്റം സാമ്പത്തിക മേഖലയ്ക്ക് അനിവാര്യമാണെന്ന വാദങ്ങളെ റോബര്‍ട്ട് ജെന്റിക്ക് തള്ളിക്കളഞ്ഞു. നിലവില്‍ യുകെയിലേക്ക് കുടിയേറാന്‍ കുറഞ്ഞ വാർഷിക ശമ്പളം 26,200 ആണ്. ഇത് 40,000 പൗണ്ടിലേക്ക് ഉയര്‍ത്താനാണ് മുന്‍ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ പദ്ധതിയിട്ടിരുന്നത്.

English Summary:

Minimum salary for recruiting foreign workers to be raised

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com