ADVERTISEMENT

ഡബ്ലിൻ∙ അയർലൻഡിലെ ആരോഗ്യ മേഖലയെ നിലനിർത്തുന്നത് വിദേശ നഴ്സുമാർ ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകരാണെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. അവരുടെ സേവനം അംഗീകരിക്കുന്നുവെന്നും പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും ലിയോ  വരദ്കർ പറഞ്ഞു. അയർലൻഡിലെ നഴ്സുമാരുടെയും മിഡ്‌വൈഫുമാരുടെയും സംഘടനയായ ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) ഇന്‍റർനാഷനൽ നഴ്സസ് വിഭാഗത്തിന്റെ ഇരുപതാം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ലിയോ വരദ്കർ.

ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) ഇന്‍റർനാഷനൽ നഴ്സസ് വിഭാഗത്തിന്റെ ഇരുപതാം വാർഷികത്തിൽ നിന്നും
ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) ഇന്‍റർനാഷനൽ നഴ്സസ് വിഭാഗത്തിന്റെ ഇരുപതാം വാർഷികത്തിൽ നിന്നും

ഡബ്ലിനിലെ റിച്ച്മണ്ട് സെന്ററിൽ വെച്ച് നടന്ന വാർഷിക സമ്മേളനത്തിൽ ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോൺലി, ചിൽഡ്രൻ ഇക്വാലിറ്റി, ഇന്റഗ്രേഷൻ മിനിസ്റ്റർ റോഡറിക് ഒ ഗോർമാൻ എന്നിവർ മുഖ്യഥിതികളായി പങ്കെടുത്തു സംസാരിച്ചു. വിദേശ  നഴ്സുമാർക്ക് സുരക്ഷയും സമത്വവും ഉറപ്പു വരുത്തുമെന്നും അവർ  നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടുമെന്നും ഭവന പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനായുള്ള എല്ലാ പരിശ്രമങ്ങളും ഉണ്ടാകുമെന്നും സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രിമാർ ഉറപ്പു നൽകി. വാർഷികത്തിന്റെ ഭാഗമായി ആഘോഷ പരിപാടികളും നഴ്സിങ് കോൺഫെറെൻസും സംഘടിപ്പിച്ചു.

വിദേശ രാജ്യങ്ങളിൽ നിന്നും ജോലിക്കെത്തുന്നവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും  പരിഹാരം  കണ്ടെത്തുന്നതിനുമായി 2003 ലാണ് ഐഎൻഎംഒ ഇന്‍റർനാഷനൽ നഴ്‌സസ് വിഭാഗം രൂപീകൃതമായത്. അയർലൻഡിൽ ജോലി ചെയ്യുന്ന വിദേശ നഴ്‌സുമാർക്ക് കുടുംബത്തെ കൂടെ കൊണ്ട് വരുവാനുള്ള അനുവാദം, അവരുടെ പങ്കാളിക്ക്  ജോലി ചെയ്യാനുള്ള അനുവാദം തുടങ്ങിയവ നേടിയെടുത്തതും സംഘടനയുടെ പ്രധാന നേട്ടങ്ങളിൽ ചിലതാണ്. അയർലൻഡിൽ എത്തുന്ന വിദേശ  നഴ്‌സുമാരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുഉള്ളവരാണ്. അയർലൻഡ് നഴ്സിംഗ് ബോർഡിന്റെ 2023 ലെ കണക്കുകൾ പ്രകാരം റജിസ്റ്റർ ചെയ്ത 6257 പേരിൽ 4673 പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

ഐഎൻഎംഒ നാഷണൽ ജനറൽ സെക്രട്ടറി ഫിൽ നെയി, നാഷണൽ  പ്രസിഡന്റ് കാരൻ മക്ഗോവൻ, ഇന്‍റർനാഷനൽ കൗൺസിൽ ഫോർ നഴ്സസ് പ്രസിഡന്റ് പമേല  സിപ്രിയനോ, യൂറോപ്യൻ ഫെഡറേഷൻ ഓഫ് നഴ്സസ് അസോസിയേഷൻസ് ജനറൽ  സെക്രട്ടറി പോൾ ഡി റേവ്, യുക്രയിൻ നഴ്സിങ് മേധാവി കാതറീന ബലബനോവ എന്നിവരും വാർഷിക ആഘോഷത്തിൽ പങ്കെടുത്ത് സംസാരിച്ചു. അയർലൻഡിലെ ചീഫ് നഴ്സിങ് ഓഫീസർ  റേച്ചൽ കെന്ന പങ്കെടുത്ത പാനൽ ചർച്ചയിൽ മലയാളികളായ ജാനറ്റ് ബേബി ജോസഫ്, ജിൻസി ജെറി എന്നിവർ സംസാരിച്ചു. അയർലൻഡ് നഴ്സിങ് ബോർഡിന്റെ മെമ്പർ ജോസഫ്  ഷാൽബിൻ, മൈഗ്രന്റ് നഴ്സസ് അയർലൻഡ് പ്രതിനിധി സോമി തോമസ് എന്നിവരും പങ്കെടുത്തു.

വാർഷിക ആഘോഷത്തോട് അനുബന്ധിച്ചു നടന്ന പൊതു യോഗത്തിൽ ഇന്‍റർനാഷനൽ നഴ്സസ് സെക്ഷൻ പ്രസിഡന്റ് ജിബിൻ സോമൻ അധ്യക്ഷത വഹിച്ചു. സംഘടനയിൽ നൈജീരിയ, ഫിലിപ്പിനോ അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. മലയാളി നഴ്സുമാരായ റീമ, ഷൈനി, ജിൽന, ജാനറ്റ്, നീനു, ക്രിസ്റ്റിന എന്നിവർ അവതരിപ്പിച്ച ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളുടെ ഫാഷൻ ഷോ വളരെ ആകർഷണീയമായി. ഐഎൻഎംഒ ഇന്‍റർനാഷനൽ നഴ്സസ് വിഭാഗത്തിന്റെ ഭാഗമാകുവാൻ താല്പര്യപ്പെടുന്നവർക്ക് 0894996722 എന്ന അയർലൻഡ് നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com