രോഗികളുടെ കാത്തിരിപ്പ് സമയം വെട്ടിച്ചുരുക്കാന്‍ വിരമിച്ച ഡോക്ടര്‍മാരെ നിയമിക്കാൻ ഒരുങ്ങി എൻഎച്ച്എസ്
Mail This Article
ലണ്ടൻ ∙ യുകെ എൻഎച്ച്എസിലെ രോഗികളുടെ മാസങ്ങൾ നീളുന്ന കാത്തിരിപ്പ് സമയം വെട്ടിച്ചുരുക്കാൻ വിരമിച്ച ഡോക്ടര്‍മാരെ നിയമിക്കാൻ ഒരുങ്ങുന്നു. ജൂനിയർ ഡോക്ടർമാർ, കൺസൾട്ടന്റുമാർ, നഴ്സുമാർ എന്നിവർ ഇടയ്ക്കിടെ നടത്തുന്ന പണിമുടക്കുകൾ മൂലം രോഗികൾക്ക് ലഭിച്ച കൂടിക്കാഴ്ച്ചകളും മാറ്റും നീട്ടി വയ്ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്‍എച്ച്എസ് പ്രഖ്യാപിച്ച 'ബാക്ക്-ടു-വര്‍ക്ക്' പദ്ധതി പ്രകാരം വിരമിച്ച ഡോക്ടർമാർ ഫെബ്രുവരി മുതൽ തിരികെ എത്തുമ്പോൾ കൂടുതൽ രോഗികൾക്ക് കൂടിക്കാഴ്ച്ചകൾക്ക് സമയം ലഭിച്ചു തുടങ്ങും.
ഇക്കഴിഞ്ഞ രണ്ട് മാസങ്ങളില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് മൂലം എൻഎച്ച്എസിന് എത്രത്തോളം പ്രത്യാഘാതം ഉണ്ടായെന്ന വിവരങ്ങള്‍ പുറത്തുവരാന്‍ ഇരിക്കുന്നതേയുള്ളൂ. ഫ്‌ളെക്‌സിബിള്‍ ജോലി സമയം, റിമോട്ട് വര്‍ക്കിങ് സൗകര്യം എന്നിവ ഉള്‍പ്പെടെ അനുവദിച്ച് വിരമിച്ച ഡോക്ടർമാരെ ആകര്‍ഷിക്കാൻ കഴിയും എന്നാണ് എൻഎച്ച്എസ് മേധാവികളുടെ പ്രതീക്ഷ. പദ്ധതി വിജയകരമാകുന്ന മുറയ്ക്ക് മറ്റ് ജീവനക്കാർക്ക് ഇടയിലേക്കും 'ബാക്ക്-ടു-വര്‍ക്ക്' പദ്ധതി വ്യാപിപ്പിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു.
ഓരോ വര്‍ഷവും ഏകദേശം 1000 കണ്‍സള്‍ട്ടന്റുമാരായ ഡോക്ടർമാർ എന്‍എച്ച്എസില്‍ നിന്നും വിരമിക്കുന്നുണ്ട്. യോഗ്യരായ ഡോക്ടര്‍മാരെ ആശുപത്രികളുമായി ബന്ധിപ്പിക്കാന്‍ ഒരു വെബ്‌സൈറ്റിന് തുടക്കം കുറിച്ചിട്ടുണ്ട്. ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകള്‍, സ്‌പെഷ്യലിസ്റ്റ് അഡൈ്വസ് റിക്വസ്റ്റ്, എജ്യുക്കേഷന്‍ ട്രെയിനിങ് സപ്പോര്‍ട്ട് എന്നിവ ട്രസ്റ്റുകള്‍ ഇതില്‍ അപ്‌ലോഡ് ചെയ്യുകയും താല്‍പര്യമുള്ള കണ്‍സള്‍ട്ടന്റുമാരെ തിരഞ്ഞെടുക്കുകയുമാണ് ചെയ്യുക. നിലവിൽ എന്‍എച്ച്എസിലെ കാത്തിരിപ്പ് ലിസ്റ്റിൽഉൾപ്പെട്ടിട്ടുള്ളത് 7.6 മില്യൻ രോഗികളാണ്.