യുകെ ക്നാനായ കുടുംബ സംഗമത്തിന്റെ ടിക്കറ്റ് പ്രകാശനം ചെയ്തു
Mail This Article
ലിവർപൂൾ∙ കഴിഞ്ഞ മാസം 27ന് ക്നാനായ കാത്തലിക് മിഷനുകൾ ഒന്നു ചേർന്ന് ലിവർപൂളിൽ നടത്തിയ പുറത്തു നമസ്കാരത്തിൽ വച്ച് ഏപ്രിൽ 20ന് നടക്കുന്ന കുടുംബ സംഗമം വാഴ്‌വ് 2024ലെ ടിക്കറ്റ് വിതരണം ആരംഭിച്ചു. ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയിൽ കാലങ്ങളായി നടത്തി വരുന്ന പുറത്തു നമസ്കാരം ലിവർപൂളിൽ ഭക്തി നിർഭരമായി നടത്തപ്പെട്ട ജനസാന്ദ്രമായ വേദിയിൽ വച്ചാണ് പ്രകാശന കർമ്മം നടത്തിയത്.
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ ക്നാനായക്കാരുടെ അധിക ചുമതല വഹിക്കുന്ന വികാരി ജനറാൾ ഫാ. സജി മലയിൽ പുത്തൻപുരയും, ജനറൽ കൺവീനർ എബി നെടുവാമ്പുഴയും 10 ക്നാനായ വൈദികരുടെയും അനേകം വിശ്വാസികളുടെയും, 15 ക്നാനായ മിഷനുകളിലെ കൈക്കാരൻമാരുടെയും, വിവിധ കമ്മിറ്റികളുടെ കോഡിനേറ്റർ മാരുടെയും സാന്നിധ്യത്തിൽ ഡയമണ്ട് ഫാമിലി ടിക്കറ്റും, പ്ലാറ്റിനം ഫാമിലി ടിക്കറ്റും പ്രകാശനം ചെയ്തത്. ഫൈനാൻസ്, റജിസ്ട്രേഷൻ കമ്മിറ്റികളുടെ കൺവീനർമാരായ റെമി ജോസഫ് പഴയിടത്ത്, സാജൻ പഠിക്ക്യമ്യാലിൽ, മറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ടിക്കറ്റ് പ്രകാശനത്തിന് നേതൃത്വം നൽകി.
ഏപ്രിൽ 20ന് യുകെയിലെ ബർമിങ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്‍ററിൽ വച്ചാണ് വാഴ്‌വ് 2024 നടത്തപ്പെടുന്നത്. കോട്ടയം അതിരൂപതയിലെ ബിഷപ്പുമാരുടെയും യുകെയിലെ ക്നാനായ വൈദികരുടെയും, കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയോടു കൂടിയാണ് കുടുംബ സംഗമത്തിന് ആരംഭം കുറിക്കുന്നത്. തുടർന്ന് യുകെയിലുള്ള എല്ലാ ക്നാനായ മിഷനുകളുടെയും കലാപരിപാടികൾ ഈ സംഗമത്തിന് മിഴിവേകും. യുകെ ക്നാനായ മിഷനുകളുടെ രണ്ടാമത്തെ കുടുംബസംഗമത്തിൽ പങ്കെടുക്കാൻ സമുദായ അംഗങ്ങൾ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.
15 ക്നാനായ മിഷനുകളിൽ നിന്നുമുള്ള കൈക്കാരൻമാരിൽ നിന്നും, അഡ്ഹോക്ക് പാസ്റ്റർ കൗൺസിൽ നിന്നും തിരഞ്ഞെടുത്ത വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഈ സംഗമത്തിനായി നടന്നു വരുന്നത്. ക്നാനായ സമുദായ അംഗങ്ങളുടെ കുടുംബ കൂട്ടായ്മയിൽ തനിമയും, ഒരുമയും, സന്തോഷവും നമ്മുടെ പിതാക്കന്മാരോടും വൈദികരോടുമൊപ്പം പങ്കിടാനും, ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാനും യുകെ യിലെ എല്ലാ ക്നാനായ മക്കളെയും ഏപ്രിൽ 20 ന് ബർമിങ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിലേക്ക് സാദരം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.