രണ്ട് വർഷത്തേക്ക് യുകെയിൽ ജീവിക്കാം, ജോലി ചെയ്യാം; ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം വീസയ്ക്ക് അപേക്ഷിക്കാം
Mail This Article
ലണ്ടൻ ∙ യൂത്ത് മൊബിലിറ്റി സ്‌കീമിന്‍റെ ഭാഗമായി യുകെ സർക്കാർ ഇന്ത്യൻ യുവാക്കൾക്കായി പുതിയതായി അവതരിപ്പിച്ച ‘ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം’ വീസയ്ക്കായുള്ള പ്രാഥമിക തിരഞ്ഞെടുപ്പ് ബാലറ്റ് ഫെബ്രുവരി 20 മുതൽ വീണ്ടും ആരംഭിക്കും.അടുത്ത മാസം 20 ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2:30 മുതലാണ് ബാലറ്റ് ആരംഭിക്കുക. അടുത്ത മാസം 22 ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2:30 ന് ബാലറ്റ് അവസാനിക്കും.
യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാർക്ക് ബാലറ്റ് നടക്കുന്ന സമയത്ത് എപ്പോൾ വേണമെങ്കിലും ഇതിനുള്ള ഓൺലൈൻ ലിങ്കിലൂടെ പ്രവേശിച്ച് അപേക്ഷ നൽകാം. അപേക്ഷിക്കാനുള്ള ലിങ്ക് www.gov.uk എന്ന വെബ്‌സൈറ്റിൽ ബാലറ്റ് നടക്കുന്ന സമയം ലഭ്യമാകും. ബാലറ്റിൽ അപേക്ഷിക്കാൻ പേര്, ജനനതീയതി, പാസ്പോർട്ട് വിശദാംശങ്ങൾ, പാസ്‌പോർട്ടിന്‍റെ സ്കാൻ അല്ലെങ്കിൽ ഫോട്ടോ, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ ബാലറ്റ് ആരംഭിക്കുന്ന സമയത്ത് കരുതി വയ്ക്കണം.
18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാരൻ, ബാച്ചിലേഴ്സ് ഡിഗ്രി തലത്തിലോ അതിനു മുകളിലോ ഉള്ള യോഗ്യത, യുകെയിൽ ജീവിക്കുന്ന കാലത്ത് ചിലവ് നേരിടാൻ കഴിയുമെന്നത് തെളിയിക്കാൻ 2,530 പൗണ്ട് (2,60,000 ഇന്ത്യൻ രൂപ) ബാങ്ക് സേവിങ്സ് എന്നിവയാണ് വീസക്ക് അപേക്ഷിക്കാൻ ഉള്ള യോഗ്യതകൾ. ബാങ്ക് സേവിങ്സിൽ കുറഞ്ഞത് 28 ദിവസമെങ്കിലും തുടർച്ചയായി പണം ഉണ്ടായിരിക്കണം. ഈ 28 ദിവസമെന്നത് വീസയ്ക്ക് അപേക്ഷിച്ച് 31 ദിവസത്തിനുള്ളിൽ ആയിരിക്കണം. വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ഇതിന്‍റെ തെളിവ് കാണിക്കേണ്ടതുണ്ട്.
അപേക്ഷകനൊപ്പം 18 വയസിന് താഴെയുള്ള കുട്ടികളോ അപേക്ഷകന്‍റെ സംരക്ഷണത്തിൽ കഴിയുന്ന സാമ്പത്തിക ബാധ്യതയുള്ളവരോ ഇല്ലെന്നും തെളിയിക്കണം. ബാലറ്റിൽ വിജയിച്ച എൻട്രികൾ ക്രമമായി തിരഞ്ഞെടുക്കും. ബാലറ്റ് അവസാനിച്ച് 2 ആഴ്ചയ്ക്കുള്ളിൽ ഫലങ്ങൾ ഇമെയിൽ വഴി അറിയിക്കും. അതിനുശേഷം മാത്രമാകും ഇന്ത്യ യങ് പ്രഫഷനൽസ് സ്‌കീം വീസയ്ക്കായി അപേക്ഷിക്കാൻ കഴിയുകയുള്ളു.
ഇന്ത്യ യങ് പ്രഫഷനൽസ് സ്‌കീം വീസ ലഭിക്കുന്നവർക്ക് 2 വർഷം യുകെയിൽ ജീവിക്കാനും ജോലിചെയ്യാനും സമ്പാദിക്കാനുമുള്ള അനുമതിയാണ് ലഭിക്കുക. ബാലറ്റിൽ പ്രവേശനം സൗജന്യമാണ്. അതേസമയം വീസയ്ക്ക് അപേക്ഷിക്കുമ്പോൾ 298 പൗണ്ട് ഫീസായി അടയ്ക്കണം. 2024 ൽ ഇന്ത്യ യങ് പ്രഫഷനൽസ് സ്കീമിൽ 3,000 വീസകളാണ് ലഭ്യമാവുക. ഫെബ്രുവരിയിലെ ബാലറ്റിൽ ഭൂരിഭാഗം വീസകളും ലഭ്യമാക്കും. ബാക്കിയുള്ള ഒഴിവുകൾ ജൂലൈയിലെ ബാലറ്റിൽ ലഭ്യമാക്കും.