‘കൊലപാതകത്തിൽ കലാശിച്ച ഒന്നരവർഷം പട്ടിണിക്കിട്ട കൊടുംപീഡനം’; ഷക്കീര വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ
Mail This Article
ലണ്ടൻ∙ ആരോഗ്യവതിയായിരുന്ന ഷക്കീര സ്പെൻസർ(39) 18 മാസം കൊണ്ട് ‘എല്ലുംതോല്ലുമായി’ മാറി മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ മൂന്ന് പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുൻ അയൽവാസിയും അയൽവാസിയുടെ കാമുകനും അവരുടെ സുഹൃത്തും ചേർന്ന് ഷക്കീരയെ പീഡിപ്പിക്കുകയും പട്ടിണിക്കിടക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ഇതാണ് ഷക്കീരയുടെ മരണ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
∙ സങ്കീർണ്ണമായ ബന്ധം
മെട്രോപൊളിറ്റൻ പൊലീസ് പറയുന്നതനുസരിച്ച് ഷക്കീരയ്ക്ക് മുൻ അയൽവാസിയായ ആശാന സ്റ്റുഡോറും (39), കാമുകൻ ഷോൺ പെൻഡിൽബറി (26), അവരുടെ സുഹൃത്ത് ലിസ റിച്ചാർഡ്സൺ (45) എന്നിവരുമായി ഉണ്ടായിരുന്നത് സങ്കീർണമായ ബന്ധമാണ്. ഇവരുടെ നിയന്ത്രണത്തിലാണ് ഷക്കീര കുറേക്കാലമായി കഴിഞ്ഞിരുന്നത്. ചെറിയ തോതിൽ തുടങ്ങിയ ആധിപത്യം പൂർണ്ണമായതോടെ ഷക്കീരയെ മൂവരും തുടർച്ചയായി ലൈംഗികമായി ദുരുപയോഗം ചെയ്തു. ഇവർ ഷക്കീരയുടെ പണം കൈവശപ്പെടുത്തി. ഇതിനു പുറമെ തങ്ങളുടെ വീടുകൾ വൃത്തിയാക്കാനും ജോലികൾ ചെയ്യാനും ഷക്കീരയെ മൂവരും ഉപയോഗിച്ചിരുന്നു
∙ മാസങ്ങൾ നീണ്ട ക്രൂര പീഡനം
മൂവരും ചേർന്ന് ഷക്കീര സ്പെൻസറിനെ മാസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചിരുന്നു. ഷക്കരീയുടെ കാലുകൾ പൊള്ളിക്കുകയും ഭക്ഷണമായി പലപ്പോഴും കെച്ചപ്പ് മാത്രമാണ് നൽകിയിരുന്നത്. ‘‘ 2021ൽ ആരോഗ്യമുള്ള വ്യക്തിയായിരുന്നു ഷക്കീര. അക്കാലത്ത് അവരുടെ സെസ് 16 ആയിരുന്നു. 2022 ജൂലൈ ആയപ്പോഴേക്കും ഷക്കീര സ്പെൻസർ എല്ലും തോല്ലുമായി. തല മുതൽ കാൽ വരെ മുറിവേറ്റ കണ്ണിന് ചുറ്റം കറുപ്പ് പടർന്ന നിലയിലായിരുന്ന ഷക്കീര. പ്രതികളുടെ ഉദ്ദേശ്യം അവ്യക്തമാണ്. അത് എന്തായിരുന്നാലും, ഈ മൂന്ന് പ്രതികളും ഷക്കീര സ്പെൻസറെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ശരീരം പൊള്ളിക്കുകയും നിരന്തരം മർദ്ദിക്കുകയും ചെയ്തു’’– പ്രോസിക്യൂട്ടർ ആലിസൺ ഹണ്ടർ കെസി പറഞ്ഞു
'ദയയും വിശ്വസ്ത സ്വഭാവവുമുള്ള സുന്ദരിയും സന്തോഷവതിയുമായ അമ്മ' യായിരുന്നു ഷക്കീരയെന്ന് സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫിസർ, ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ ബ്രയാൻ ഹോവി പറഞ്ഞു. എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന സ്വഭാവമായിരിക്കും ഷക്കീരയ്ക്ക് വിനയായി മാറിയതെന്ന് കരുതപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
∙ ഷക്കീരയുടെ അവസാന നിമിഷങ്ങൾ
2022 സെപ്തംബർ 11, 12 തീയതികളിൽ സ്റ്റുഡോറിന്‍റെ വീട്ടിൽ വച്ച് ഷക്കീരയെ അതിക്രൂരമായി പ്രതികൾ മർദ്ദിച്ചു. ഇതോടെ തീർത്തും അവശനിലയിലായ ഷക്കീരയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനുപകരം, പെൻഡിൽബറിയും സ്റ്റുഡോറും ചേർന്ന് കാറിന്‍റെ ഡിക്കിയിൽ കയറ്റി ഷക്കീരയുടെ വീട്ടിലേക്ക് കൊണ്ടുപോയി. പ്രതികൾ ഷക്കീരയെ ഒരു അലമാരയിൽ കെട്ടിയിട്ടു. അവിടെ വച്ചാണ് ഷക്കീര മരണത്തിന് കീഴടങ്ങിയത്.
' മനസ്സിലാക്കാൻ കഴിയാത്ത ദുഷ്പ്രവൃത്തി' എന്നാണ് പൊലീസ് സംഭവത്തെ വിശേഷിപ്പിച്ചത്. മൃതദേഹം പിന്നീട് കുട്ടികളുടെ ബങ്ക് ബെഡിന്‍റെ അടിയിലേക്ക് മാറ്റി. അവിടെ നിന്ന് അഴുകിയ നിലയിലാണ് പിന്നീട് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്‍റെ മോശം അവസ്ഥ മൂലം കൃത്യമായ മരണ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല.പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ഷക്കീരയുടെ ചെവിയിലും തലയോട്ടിയിലും മുറിവുകളും കാലിൽ പൊള്ളലേറ്റ പാടുകളും കണ്ടെത്തി.
∙പ്രതികൾ പിടിയിലായാകുന്നു
സംഭവം മൂടിവെക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി, പ്രതികൾ മൂവരും ചേർന്ന് ഷക്കീര സ്പെൻസറിന്‍റെ ബാങ്ക് കാർഡ് ഉപയോഗിച്ച് ക്ലീനിങ് ഉൽപ്പന്നങ്ങൾ വാങ്ങുകയും ഇരയുടെ രക്തം, ശരീരസ്രവങ്ങൾ, ഡിഎൻഎ എന്നിവ അവരുടെ വീടുകളിൽ നിന്ന് വൃത്തിയാക്കുകയും ചെയ്തു. ഷക്കീരയുടെ ഫ്ലാറ്റിൽ നിന്ന് തങ്ങളുടെ സാന്നിധ്യത്തിന്‍റെ എല്ലാ അടയാളങ്ങളും പ്രതികൾ നീക്കം ചെയ്തു.പടിഞ്ഞാറൻ ലണ്ടനിലെ ഈലിങ്ങിലുള്ള അവളുടെ ഫ്ലാറ്റിൽ നിന്ന് പുഴുക്കൾ വരുന്നത് അയൽക്കാർ കണ്ടതിനെത്തുടർന്നാണ് മരിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയതും അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയതും.
അന്ന് രാത്രി, പെൻഡിൽബറിയുടെ ബന്ധുക്കളിൽ ഒരാൾ പൊലീസിനെ വിളിച്ച്, സ്റ്റുഡോറും, റിച്ചാർഡ്‌സൺ എന്നിവർ ചേർന്ന് ഒരു സ്ത്രീയെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തി. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ മൂവരെയും പൊലീസ് പിടികൂടി. ഉദ്യോഗസ്ഥർ പ്രതികളുടെ ഫോണുകൾ പിടിച്ചെടുത്ത് പരിശോധിച്ച. ഫോണിൽ നിന്ന് ഷക്കീര മിസ് സ്പെൻസറെ മർദിച്ചതിന്‍റെ വിഡിയോകൾ ലഭിച്ചു. പ്രതികൾ ചിരിച്ച് കൊണ്ട് ഷക്കീരയെ മർദിക്കുന്ന നൂറുകണക്കിന് ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. കുറഞ്ഞത് 34 വർഷം ജീവപര്യന്തം തടവുശിക്ഷ പ്രതികൾ അനുഭവിക്കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.