ADVERTISEMENT

ബർമിങ്ഹാം∙ യു.കെ.യിലെ ക്നാനായ കത്തോലിക്കര്‍ക്ക് വേണ്ടി മാത്രമായി സ്ഥാപിതമായ 15 ക്നാനായ മിഷനുകളുടെ നേതൃത്വത്തില്‍ ഈ മാസം 20ന് നടത്തപ്പെടുന്ന രണ്ടാമത് ക്നാനായ കുടുംബ സംഗമത്തിന് വാഴ്‌വ് -24 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാര്‍ രൂപതയില്‍ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറാള്‍ ഫാ സജി മലയില്‍ പുത്തന്‍പുരയിലിന്‍റെ നേതൃത്വത്തിലാണ് ഇതിനായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്. യു.കെ. യില്‍ അനേക മഹാസംഗമങ്ങളുടെ വേദിയായിട്ടുള്ള ബർമിങ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് വാഴ്‌വ് - 24 ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്.

വാഴ്‌വ് - 24നു വേണ്ടി വിവിധ കമ്മറ്റികള്‍  പരിപാടികളുടെ ക്രമീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.  പബ്ലിസിറ്റി കമ്മറ്റിയുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം വഴിയായി ലോകമെമ്പാടുമുള്ള ക്നാനായക്കാര്‍  വാഴ്‌വ് - 24 നെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതോടൊപ്പംതന്നെ മധ്യസ്ഥ പ്രാര്‍ത്ഥന (Intercession & prayer) കമ്മറ്റി ആറു മാസങ്ങള്‍ക്ക് മുമ്പുതന്നെ പരിപാടിയുടെ വിജയത്തിനായുള്ള മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ ആരംഭിക്കുകയും പ്രയര്‍ കാര്‍ഡുകള്‍ മിഷനുകള്‍ വഴിയായി എല്ലാ ഭവനങ്ങളിലും എത്തിക്കുകയും ചെയ്തു.

യു.കെ.യിലെ ക്നാനായ കത്തോലിക്കാ മിഷനുകളുടെ ആഭിമുഖ്യത്തില്‍  ജനുവരി 27ന് സംഘടിപ്പിച്ച പുറത്തുനമസ്കാര പ്രാര്‍ത്ഥനയ്ക്ക് ശേഷം വാഴ്‌വ് - 24  ടിക്കറ്റ് വിതരണം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 15 മിഷനുകളിലായി വാഴ്‌വ് - 24 ന്‍റെ ടിക്കറ്റ് വിതരണ ഉദ്ഘാടനവും നടന്നു.  വിലക്കുറവില്‍ എൻട്രി പാസുകള്‍ നല്‍കുന്നതും, വിദ്യാർഥികൾക്ക് സൗജന്യ പാസ് അനുവദിച്ചിരിക്കുന്നതും ഈ വര്‍ഷത്തെ ഫിനാന്‍സ് & റജിസ്ട്രേഷന്‍ കമ്മറ്റിയുടെ മികവ് വിളിച്ചോതുന്നു. കൂടാതെ അന്നേ ദിവസത്തെ മുഴുവന്‍ പരിപാടികളും ഏറ്റവും മികവുറ്റതാക്കാന്‍ റിസപ്ഷന്‍, ഗസ്റ്റ് മാനേജ്മെന്‍റ്, ലിറ്റര്‍ജി, പ്രോഗ്രാം, ക്വയര്‍, ഫുഡ്, ഹെല്‍ത്ത് & സേഫ്റ്റി, ട്രാഫിക്ക് & ട്രാന്‍സ്പോര്‍ട്ടേഷന്‍, ഡെക്കറേഷന്‍ & ടൈം മാനേജ്മെന്‍റ്, വെന്യൂ & ഫെസിലിറ്റീസ് തുടങ്ങിയ നിരവധിയായ കമ്മറ്റികള്‍ അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

uk-kanaya-catholic-missions-family-reunion2

വി. കുര്‍ബാനയും, വ്യത്യസ്തതയാര്‍ന്ന കലാപരിപാടികളും, ക്നാനായ പൈതൃക പാരമ്പര്യങ്ങള്‍ വിളിച്ചൊതുന്ന സ്റ്റേജ് ഷോകളും, പ്രവര്‍ത്തന പരിചയമുള്ള സംഘാടക പാടവവും നിറഞ്ഞു നില്‍ക്കുന്ന വാഴ്‌വ് - 24ൽ ഉണ്ടാകും.  ക്നാകോട്ടയം അതിരൂപത മെത്രാൻ മാര്‍ മാത്യു മൂലക്കാട്ട്, മാർ കുര്യന്‍ വയലുങ്കല്‍, ഗ്രേറ്റ് ബ്രിട്ടൻ സീ‌ിറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരോടൊപ്പം യു.കെ. യിലെ മറ്റ് വിശിഷ്ട വ്യക്തികളും വേദിയില്‍ അതിഥികളായി എത്തുന്നു.

കൂടാതെ കെസിവൈഎൽ കോട്ടയം അതിരൂപത പ്രസിഡൻറ് ജോണീസ് പി സ്റ്റീഫനും വാഴ്‌വ് 2024-ന് അതിഥിയായി എത്തുന്നു. ഏപ്രില്‍ 20 രാവിലെ 10 മണിക്ക് പരിപാടികള്‍ ആരംഭിക്കും. 10.30-ന് മാര്‍ മാത്യു മൂലക്കാട്ടിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍, യു.കെ. യിലെ ക്നാനായ വൈദികരുടെ സഹകാര്‍മ്മികത്വത്തില്‍, പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കപ്പെടും. ഉച്ചഭക്ഷണത്തെ തുടര്‍ന്ന് ക്നാനായ സിംഫണി, പൊതുസമ്മേളനം എന്നിവയ്ക്ക് ശേഷം യു.കെ. യിലെ എല്ലാ മിഷനുകളില്‍നിന്നുമുള്ള കലാപ്രതിഭകളുടെ മികവുറ്റ പരിപാടികള്‍ വേദിയില്‍ അരങ്ങേറും. രാത്രി 7.30 ഓടെ പരിപാടികള്‍ക്ക് തിരശ്ശീല വീഴുമെന്ന് ജനറല്‍ കണ്‍വീനര്‍ എബി നെടുവാമ്പുഴ അറിയിച്ചു. തങ്ങളുടെ വിശ്വാസപ്രഘോഷണദിനമായും, ക്നാനായ പൈതൃക പാരമ്പര്യങ്ങളുടെ ഉണര്‍ത്തുപാട്ടായും, സൗഹൃദസംഗമ കൂട്ടായ്മ വേദിയായും മാറുന്ന ഏപ്രില്‍ 20 ലെ വാഴ്‌വ് - 24-നെ യു.കെ. യിലെ ക്നാനായ ജനത തികഞ്ഞ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

English Summary:

UK Knanaya Catholic Missions Family Reunion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com