ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിൽ ഇത്തവണ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി (ടോറി)യുടെയും  ലേബർ പാർട്ടിയുടെയും സ്ഥാനാർഥി പട്ടികയിൽ  മലയാളി സാന്നിധ്യം.  കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) സ്ഥാനാർഥിയായി എറിക് സുകുമാരനും മുഖ്യ പ്രതിപക്ഷമായ ലേബറിന്‍റെ സ്ഥാനാർഥിയായി സോജൻ ജോസഫുമാണ് ജനവിധി തേടുന്നത്. ഇവരിൽ ആരെങ്കിലും വിജയിച്ചാൽ ബ്രിട്ടിഷ് പാർലമെന്‍ററി ചരിത്രത്തിൽ ആദ്യമായി ഒരു മലയാളിയുടെ ശബ്ദം വെസ്റ്റ്മിനിസ്റ്റർ കൊട്ടാരത്തിലെ ഹൗസ് ഓഫ് കോമൺസിൽ മുഴങ്ങും.

ഇംഗ്ലണ്ടിന്‍റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്‍റിലെ ആഷ്ഫോർഡ് മണ്ഡലത്തിൽനിന്നാണ് കോട്ടയം കൈപ്പുഴ സ്വദേശിയായ സോജൻ ജോസഫ് ലേബർ ടിക്കറ്റിൽ മൽസരിക്കുന്നത്. കൈപ്പുഴ ചാമക്കാലായിൽ ജോസഫിന്‍റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് മെയിൽ നഴ്സായ സോജൻ. ഭാര്യ- ബ്രൈറ്റ ജോസഫ്. വിദ്യാർഥികളായ ഹാന്ന, സാറ, മാത്യു എന്നിവർ മക്കളാണ്.

british-parliament-malayali1

പതിറ്റാണ്ടുകളായി കൺസർവേറ്റീവിന്‍റെ കുത്തക മണ്ഡലമായ ആഷ്ഫോർഡിൽ അട്ടിമറി പ്രതീക്ഷിച്ചാണ് ലേബർ പാർട്ടി, സാമൂഹിക പ്രവർത്തനങ്ങളിലൂടെ ജനകീയനായ സോജൻ ജോസഫിനെ സ്ഥാനാർഥിയാക്കിയിരിക്കുന്നത്. തെരേസ മേ മന്ത്രിസഭയിൽ മന്ത്രിയും ഒരുവേള ഡപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ച  മുതിർന്ന ടോറി നേതാവ് ഡാമിയൻ ഗ്രീനാണ് സോജന്‍റെ മുഖ്യ എതിർ സ്ഥാനാർഥി. 1997 മുതൽ തുടർച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയൻ ഗ്രീന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം. ശക്തമായ സർക്കാർ വിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ മാർജിൻ മറികടക്കാനാകുമെന്നാണ് സോജന്‍റെ വിശ്വാസം . ഇതിനായി പ്രചാരണരംഗത്ത് ചിട്ടയായ പ്രവർത്തനങ്ങളാണ് സോജൻ നടത്തുന്നത്. ഇതുവരെ പുറത്ത് വന്ന പ്രീപോൾ സർവേകളിൽ പലതും സോജന് അനുകൂലമാണ്.

british-parliament-malayali4

നിലവിൽ എയിൽസ്ഫോർഡ് ആൻഡ് ഈസ്റ്റ് സ്റ്റൗർ വാർഡിലെ ലോക്കൽ കൗൺസിലറായ സോജൻ ‘’കെന്‍റ് ആൻഡ് മെഡ്വേ എൻ.എച്ച്.എസ് ട്രസ്റ്റിലെ’’ മെന്‍റൽ ഹെൽത്ത് ഡിവിഷനിൽ ഹെഡ് ഓഫ് നഴ്സിങ് ചുമതലയുള്ള അഞ്ച്  ഡയറക്ടർമാരിൽ ഒരാളാണ്. 22 വർഷമായി എൻ.എച്ച്.എസിൽ പ്രവർത്തിക്കുന്ന സോജൻ ക്വാളിറ്റി ആൻഡ് പേഷ്യന്‍റ് സേഫ്റ്റി ഹെഡാണ്.  ബ്രിട്ടനിൽ എത്തിയകാലം മുതൽ സാമൂഹിക സേവനത്തിൽ താൽപര്യം കാണിച്ച സോജൻ 2010-15 കാലഘട്ടത്തിൽ നഴ്സുമാരുടെ ശമ്പള വർധനയ്ക്കായുള്ള സമരത്തിലും ക്യാംപെയ്നിലും മുൻപന്തിയിലുണ്ടായിരുന്നു. നഴ്സിങ് വിദ്യാർഥികളുടെ ബർസറി (ഗ്രാൻഡ്)

british-parliament-malayali5

പു:നസ്ഥാപിക്കാനുള്ള പോരാട്ടത്തിലും സോജൻ നിർണായക നേതൃത്വമാണ് നൽകിയത്. മലയാളി അസോസിയേഷനുകളിലും കൂട്ടായ്മകളിലും സജീവ സാന്നിധ്യമായ സോജന്‍റെ സ്ഥാനാർഥിത്വത്തിൽ ആവേശത്തിലാണ് ആഷ്ഫോർഡിലെയും കെന്‍റിലെ മറ്റു ചെറുപട്ടണങ്ങളിലെയുമെല്ലാം മലയാളികൾ. ബെംഗളുരൂവിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ സോജൻ മാന്നാനം കെ.ഇ. കോളജിലെ പൂർവവിദ്യാർഥിയാണ്.

ലണ്ടനിലെ സൗത്ത്ഗേറ്റ് ആൻഡ് മണ്ഡലത്തിൽ നിന്നാണ് എറിക് സുകുമാരൻ ഭരണകക്ഷിയായ ടോറി ടിക്കറ്റിൽ മൽസരിക്കുന്നത്. ആറ്റിങ്ങൽ സ്വദേശിയായ ജോണി സുകുമാരന്‍റെയും  വർക്കല സ്വദേശിനിയായ അനിറ്റ സുകുമാരന്‍റെയും മകനാണ്. ഭാര്യ- ലിൻഡ്സെ. നോർത്ത് ഈസ്റ്റ് ലണ്ടനിൽ ജനിച്ചുവളർന്ന എറിക്കിന് സൗത്ത്ഗേറ്റ് ആൻഡ് വുഡ്ഗ്രീൻ മണ്ഡലത്തിൽ മലയാളികളായ ബന്ധുക്കളും സുഹൃത്തുക്കളും  ഏറെയുണ്ട്. റിന്യൂവബിൾ എനർജി സംരംഭകനായ എറിക് അമേരിക്കയിലും സിംഗപ്പൂരിലും പ്രവർത്തിച്ചിട്ടുണ്ട്.

british-parliament-malayali2

ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയിലും പെൻസിൽവേനിയ യൂണിവേഴ്സിറ്റിലും പഠിച്ച് ഉന്നതബിരുദങ്ങൾ നേടിയ എറിക്കിന് നിരവധി പ്രൈവറ്റ്-പബ്ലിക് സെക്ടർ ഇന്‍റർനാഷനൽ ഇൻസ്റ്റിറ്റ്യൂഷനുകളിൽ പ്രവർത്തിച്ച പരിചയമാണ് ഏറ്റവും വലിയ ശക്തി. ഹൈ സ്പീഡ് റെയിൽ പ്രോജക്ട്, ഇന്‍റഗ്രേറ്റിങ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ, ഇന്‍റർനാഷനൽ ക്ലൈമറ്റ് ട്രീറ്റീസ്, ബ്രക്സിറ്റ് ചർച്ചകൾ, വേൾഡ് ബാങ്ക് എന്നിവിടങ്ങളിലെല്ലാം പ്രവർത്തിച്ച പരിചയമാണ് എറിക്കിന് സ്ഥാനാർഥിത്വം നേടിക്കൊടുത്തത്. ഒപ്പം പ്രധാനമന്ത്രി ഋഷി സുനകുമായുള്ള അടുപ്പവും തുണയായി. എറിക്കിന് സ്വന്തമായി ഒരു റിന്യൂവബിൾ എനർജി ഡെവലപ്മെന്‍റ് ആൻഡ് അഡ്വൈസറി ബിസിനസുമുണ്ട്.

ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ ഗോവ തുടങ്ങി വിവിധ സ്ഥലങ്ങളിൽനിന്നും ബ്രിട്ടനിലെത്തിയ ഇന്ത്യക്കാരുടെ പ്രതിനിധികൾ  പാർലമെന്‍റിലേക്ക് മൽസരിക്കുകയും വിജയിക്കുകയും ചെയ്ത ചരിത്രമുണ്ടെങ്കിലും ആദ്യമായാണ് രണ്ട് മലയാളികൾ ഭരണ-പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥികളായി മൽസരരംഗത്ത് വരുന്നത്. ആരോഗ്യമേഖലയിലെയും ഐ.ടി രംഗത്തെയും  തൊഴിലവസരങ്ങൾ തേടി ബ്രിട്ടനിലെത്തി സ്ഥിരതാമസമാക്കിയ ആയിരക്കണക്കിന് മലയാളി കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവർക്കു പുറമെ വിദ്യാർഥികളായെത്തിയവരും ചേർന്നാൽ മലയാളി സമൂഹം നിർണായക സാന്നിധ്യമാണ്. എറിക്കും സോജനും വിജയിച്ചാൽ ബ്രിട്ടിഷ് പാർലമെന്‍റിൽ ബ്രിട്ടണിലെ മലയാളികളുടെ എല്ലാം പ്രതിനിധികൂടിയാകും ഇരുവരും. 

English Summary:

Two Malayalis to Contest in the Elections to the British Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com