മലയാളി ഇടപ്പെട്ടു; റിസോർട്ടിലെ ശുചിമുറിയിൽ സ്ഥാപിച്ച ഗാന്ധിജിയുടെ കാരിക്കേച്ചർ മാറ്റി
Mail This Article
ലണ്ടൻ ∙ ലണ്ടനിലെ ഒരു റിസോർട്ടിലെ ശുചിമുറിയിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ കാരിക്കേച്ചർ മലയാളിയുടെ ഇടപെടലിനെ തുടർന്ന് മാറ്റി. സുഹൃത്തുക്കൾക്കൊപ്പം വാരാന്ത്യം ആഘോഷിക്കാൻ റിസോർട്ടിൽ ഒത്തുകൂടിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകനായ രാമപുരം സ്വദേശി വിൻസന്റ് ജോസഫ് അറിഞ്ഞോ അറിയാതെയോ ആരോചെയ്ത ഈ തെറ്റ് തിരുത്തിച്ചത്. ഫലംകണ്ട തന്റെ ഇടപെടലിനെക്കുറിച്ച് കാരിക്കേച്ചർ സഹിതം അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിപ്പുമിട്ടു.
‘’വിദേശത്ത്, അതും ഇംഗ്ലണ്ടിൽ ഗാന്ധിജിയുടെ ഒരു ചിത്രം കാണുമ്പോൾ അഭിമാനം തോന്നും. എന്നാൽ ഫ്രെയിം ചെയ്ത് ഭിത്തിയിൽ തൂക്കിയിരുന്ന ആ ഗാന്ധിചിത്രം കണ്ടപ്പോൾ എനിക്കും സുഹൃത്തുക്കൾക്കും ഒട്ടും സന്തോഷം ഉണ്ടായില്ല. മാത്രമല്ല, ഞങ്ങൾ അസ്വസ്ഥരാകുകയും ചെയ്തു. കാരണം അത് സ്ഥാപിച്ചിരുന്നത് ഒരു ശുചിമുറിയിലായിരുന്നു.’’ വികാരപരമായാണ് ഗാന്ധിജിയോട് റിസോർട്ട് നടത്തിപ്പുകാർ കാണിച്ച അവഹേളനം വിൻസന്റ് സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടിയത്.
ഗാന്ധിജി ആരെന്നും ഇന്ത്യക്കാരുടെ മനസിൽ രാഷ്ട്രപിതാവായ ഗാന്ധിജിക്കുള്ള സ്ഥാനം എന്തെന്നും വിൻസന്റും കൂട്ടുകാരും റിസോർട്ട് നടത്തിപ്പുകാരെ പറഞ്ഞു മനസിലാക്കിയപ്പോൾ അവർ അത് മാറ്റി സ്ഥാപിക്കാൻ തയാറായി. ചിത്രം തങ്ങൾക്ക് ലഭിച്ചപ്പോൾ വയ്ക്കാൻ മറ്റൊരു ഇടവും കിട്ടിയില്ല എന്ന വിചിത്ര ന്യായമായിരുന്നു റിസോർട്ട് നടത്തിപ്പുകാർ ദേശസ്നേഹികളായ ഈ ഇന്ത്യൻ യുവാക്കൾക്കു മുന്നിൽ നിരത്തിയത്. എന്തായാലും സഫോക്സിലെ ഈ റിസോർട്ടിൽ ഇനി പ്രമുഖസ്ഥാനത്തു തന്നെ ഗാന്ധിജിയുടെ ചിത്രം ഇടംപിടിക്കും, വിൻസന്റിന്റെ ഇടപെടൽ മൂലം.
ഈസ്റ്റ്ലണ്ടനിലെ ഡെഗ്നാമിൽ താമസിക്കുന്ന വിൻസന്റ് ജോസഫ് രാമപുരത്ത് കോൺഗ്രസിന്റെ പ്രാദേശിക നേതാവായിരുന്നു. ഒഐസിസി-യുകെയുടെ സജീവ പ്രവർത്തകനുമാണ്.