അയർലൻഡിൽ വടംവലിക്കായി പുതിയ ഭരണസമിതി
Mail This Article
ഡബ്ലിൻ ∙ അയർലൻഡിലെ മലയാളി സമൂഹത്തിൽ വടംവലി മത്സരങ്ങൾക്ക് അനുദിനം പ്രചാരം ലഭിക്കുകയാണ്. രണ്ട് വർഷം മുൻപ് പല ആഘോഷങ്ങളുടെ ഭാഗമായി മാത്രം ഒതുങ്ങി നിന്നിരുന്ന വടംവലി മത്സരം ഇപ്പോൾ വ്യാപകമായി പല ടീമുകളായി തിരിഞ്ഞു കരുത്ത് കാട്ടുന്നു നിലയിലേക്ക് വളർന്നിരിക്കുന്നു.മൈൻഡ് അയർലൻഡ്, കേരള ഹൗസ് കാർണിവൽ, കോയിൻസ് സമ്മർഫെസ്റ്റ് കോർക്ക്, ടിഐപിപി ഇന്ത്യൻ ക്ലോൺമെൽ സമ്മർഫെസ്റ്റ്, മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, ഉത്സവ് പോർട്ട്‌ലോയിസ തുടങ്ങിയ മുഖ്യ ആഘോഷങ്ങളിൽ വടംവലി മത്സരങ്ങൾ പ്രധാന ആകർഷണമായി മാറി. 16-ലധികം ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ ഇതിന് തെളിവാണ്.
വടംവലി ടീമുകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് കളിയെ പരിപോഷിപ്പിക്കുന്നതിനായി അയർലൻഡിൽ "ഓൾ അയർലൻഡ് മലയാളി ടഗ് ഓഫ് വാർ യൂണിയൻ" (AIMTU) എന്ന പേരിൽ ഒരു ഭരണസമിതി രൂപീകരിച്ചു. രാജ്യാന്തര നിലവാരത്തിലേക്ക് വടംവലിയെ ഉയർത്തുക,കളിക്കാരുടെ ക്ഷേമം ഉറപ്പാക്കുക, കേരള ശൈലിയിലുള്ള വടംവലിയുടെ സുരക്ഷയും വളർച്ചയും ഉറപ്പാക്കുക. ഒരു പൊതു നിയമാവലി തയ്യാറാക്കുക, അയർലണ്ടിലെ മറ്റ് കായിക വിനോദങ്ങളിൽ വടംവലിയെ ഉൾപ്പെടുത്തുകയും ടീമുകളുടെ പരിശീലനം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതും ഓൾ അയർലൻഡ് മലയാളി ടഗ് ഓഫ് വാർ യൂണിയന്‍റെ പദ്ധതികളിലുണ്ട്.
അയർലൻഡിൽ കേരളീയ സംസ്കാരത്തിന്റെ പ്രചാരണത്തിന് വടംവലി ഒരു പ്രധാന മാധ്യമമായി മാറുമെന്നും വടംവലിയിലൂടെ മലയാളി സമൂഹം ഒന്നിച്ചു ചേരുകയും സൗഹൃദം വർധിപ്പിക്കുകയും ചെയ്യുമെന്നും യൂണിയൻ പ്രതീക്ഷിക്കുന്നു.