'ഹി ആന്‍ഡ് ഫ്രണ്ട്‌സ്' കൂട്ടായ്മയിലെ അംഗങ്ങള്‍ ലണ്ടനില്‍ ഒത്തുകൂടി
Mail This Article
കൊച്ചി ∙ സമൂഹത്തില്‍ പോസിറ്റീവ് മാറ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 'ഹി ആന്‍ഡ് ഫ്രണ്ട്‌സ്' (ഹൈബിയും സുഹൃത്തുക്കളും) കൂട്ടായ്മയിലെ അംഗങ്ങള്‍ ലണ്ടനില്‍ ഒത്തുകൂടി. എറണാകുളം എം.പി ഹൈബി ഈഡനും അദ്ദേഹത്തിന്റെ ലണ്ടനിലെ അറുപതോളം സുഹൃത്തുക്കളുമാണ് യോഗത്തില്‍ പങ്കെടുത്തത്. രാഷ്ട്രീയത്തിനപ്പുറം സമൂഹത്തിന്റെ നാനാതുറകളിലുള്ള ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനത്തിനാണ് കൂട്ടായ്മ മുന്‍തൂക്കം നല്‍കുന്നത്. സമൂഹ നന്മയാഗ്രഹിക്കുന്ന സമാനചിന്താഗതിയുള്ളവരെ ഒരു കുടക്കീഴില്‍ എത്തിച്ച് നാടിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.
സാമൂഹിക പുരോഗതി ലക്ഷ്യമാക്കി ഹൈബി ഈഡന്‍ ആവിഷ്‌കരിച്ച നിരവധി പദ്ധതികളെ കുറിച്ച് കൂട്ടായ്മ ചര്‍ച്ച ചെയ്തു. ആര്‍ത്തവകാലത്ത് സാനിട്ടറി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രുവല്‍ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ആവശ്യകതയും നേട്ടങ്ങളും ചര്‍ച്ചയായി. കൂടാതെ, ഉന്നത പഠനം ലക്ഷ്യമാക്കി വിദേശരാജ്യങ്ങളിലേക്കുള്ള കേരളത്തിലെ യുവതലമുറയുടെ കുടിയേറ്റം, മാറിയ സാഹചര്യത്തില്‍ കേരളത്തിലെ തൊഴില്‍സാധ്യതകള്‍ തുടങ്ങിയവും ലണ്ടനിലെ യോഗത്തില്‍ ചര്‍ച്ചാവിഷയമായി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കുക, സാമൂഹിക പുരോഗതിലക്ഷ്യമാക്കിയുള്ള നവീന ആശയങ്ങള്‍ രൂപീകരിക്കുക, മികച്ച ആശയമുള്ളവരെ പ്രോത്സാഹിപ്പിക്കുക തുടങ്ങി നിരവധി പദ്ധതികള്‍ വരും ദിവസങ്ങളില്‍ നടപ്പാക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സമാനചിന്താഗതിക്കാരായ നിരവധിയാളുകളെ ഉള്‍പ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹീ ആൻഡ് ഫ്രൻഡ്സ് ചാപ്റ്ററുകള്‍ രൂപീകരിക്കുകയാണ് ലക്ഷ്യം.