ലണ്ടനിലേക്ക് ലോറയുടെ ‘സോളോ ഹണിമൂൺ’; കാരണം അറിഞ്ഞതോടെ കയ്യടിച്ച് സോഷ്യൽ മീഡിയ
Mail This Article
ലണ്ടൻ∙ വിവാഹത്തിന് ഒരു മാസം മുൻപുണ്ടായ പ്രതിശ്രുതവരന്‍റെ പെട്ടെന്നുള്ള മരണം കനേഡിയൻ യുവതിയെ വല്ലാതെ തളർത്തി. ജീവിതത്തിൽ ഏകാന്ത വേട്ടയാടി തുടങ്ങിയപ്പോൾ അതിനെ മറികടക്കാൻ യുവതി നടത്തുന്ന ശ്രമങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ പ്രശംസ. ഹൃദയാഘാതത്തെ തുടർന്ന് മേയിലാണ് ലോറ മർഫിയുടെ പ്രതിശ്രുതവരനായ ഡെവോൺ ഒഗ്രാഡി (31) അന്തരിച്ചത്. ജീവിതത്തിൽ നിരാശ ബാധിച്ചെങ്കിലും ലോറയെ പ്രതിസന്ധിയെ അതിജീവിക്കാൻ പ്രേരിപ്പിച്ച് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒന്നിച്ചു.
വീട്ടിലിരുന്ന് മടുത്ത്, സ്വന്തം ജീവിതം ജീവിക്കാത്തതിൽ 'കുറ്റബോധം' തോന്നിയ യുവതി ഇംഗ്ലണ്ടിലേക്ക് ബുക്ക് ചെയ്ത ഹണിമൂൺ തനിച്ച് നടത്താൻ തീരുമാനിച്ചു. ജീവിതം ഇപ്പോഴും തനിക്ക് പ്രിയപ്പെട്ടതാണോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഈ വിശേഷങ്ങൾ ലോറ മർഫി ടിക്ക് ടോക്കിലൂടെ പങ്കുവച്ചു. വിധവകളും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഖത്തിൽ കഴിയുന്നവർക്കും യാത്രകൾ ആശ്വാസമായി മാറുന്നതായി സമൂഹ മാധ്യമത്തിലെ പ്രതികരണത്തിൽ പലരും വ്യക്തമാക്കി.
‘‘ഇത് വലിയ ഏകാന്തയാണ് തന്നത്. കാരണം പങ്കാളിയെ നഷ്ടപ്പെട്ട എന്‍റെ പ്രായത്തിലുള്ള ആരെയും എനിക്കറിയില്ല. എനിക്ക് ഇനി എങ്ങനെ മുന്നോട്ട് പോകാൻ സാധിക്കുമെന്ന് അറിയാൻ താൽപ്പര്യമുണ്ടായിരുന്നു. അതിനാൽ എന്‍റെ ജന്മനാട്ടിൽ നിന്നും ഞങ്ങളുടെ വീട്ടിൽ നിന്നും മാറിനിൽക്കണമെന്ന് തോന്നി. മാസങ്ങളോളം എന്തുചെയ്യണമെന്നറിയാതെ ഞാൻ വീട്ടിലായിരുന്നു’’ – ലോറ മർഫി പറഞ്ഞു.
ലോറയുടെ അക്കൗണ്ട് നിറയെ ലണ്ടനിലും ഫ്രാൻസിലുമുടനീളമുള്ള യാത്രകളിൽ നിന്നുള്ള ദൃശ്യങ്ങളാണ്. സോളോ ഡിന്നറുകൾക്കും ഏകാന്ത സംഗീതകച്ചേരികൾക്കും ഇടയിലും പ്രിയപ്പെട്ടവൻ നഷ്ടമായ വേദന തന്നെ വേട്ടയാടുന്നതായി ലോറ പറയുന്നു.
സാധാരണ ഞാൻ തനിച്ച് യാത്ര ചെയ്യുന്ന പതിവില്ല. ഇപ്പോൾ എന്നെ വേട്ടയാടുന്ന ദുഖത്തെ മറികടക്കാൻ ഇതാണ് ഉചിതമെന്ന് തോന്നിയെന്നും ലോറി കൂട്ടിച്ചേർത്തു