യുകെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസന ഉദ്ഘാടനം: വിശുദ്ധ കുർബാനയും പൊതുസമ്മേളനവും
Mail This Article
ലണ്ടൻ∙ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പതിനാലാമത് ഭദ്രാസനമായി യുകെ–യൂറോപ്പ്–ആഫ്രിക്ക ഭദ്രാസനം രൂപംകൊള്ളുന്നു. വളർന്നുവരുന്ന പ്രവാസി വിശ്വാസ സമൂഹത്തിന്റെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അഭിവന്ദ്യ സിനഡിന്റെ തീരുമാനപ്രകാരം യുകെ–യൂറോപ്പ്–ആഫ്രിക്ക മേഖലകളിലുള്ള മാർത്തോമ്മാ ഇടവകകളെ ഉൾപ്പെടുത്തികൊണ്ട് 2024 ജനുവരി മാസം 01 മുതൽ പുതിയ ഭദ്രാസനമായി മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയൊഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ പ്രഖ്യാപിച്ചു.
ഈ അനുഗ്രഹീത നിമിഷത്തിന്റെ ഔപചാരിക ഉദ്ഘാടനം 2024 സെപ്റ്റംബർ 29ന് ബിർമിങ്ങാമിലുള്ള ബെഥേൽ കൺവൻഷൻ സെന്ററിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയോടെ യോഗം ആരംഭിക്കും. സഭയുടെ അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയൊഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്താ വിശുദ്ധ കുർബാനക്ക് നേതൃത്വം നൽകും.
അഭിവന്ദ്യരായ ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ, ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, ഡോ. ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പാ, ഭദ്രാസന അദ്ധ്യക്ഷൻ ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ എന്നിവർ സഹകാർമ്മികരാകും. ഉച്ചക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ മാർത്തോമ്മാ സഭയിലെ അഭിവന്ദ്യരായ തിരുമേനിമാരോടൊപ്പം അഭിവന്ദ്യരായ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ (മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ), ഐസക്ക് മാർ ഒസ്താസിയോസ് മെത്രാപ്പോലീത്ത (മലങ്കര സിറിയൻ ഓർത്തഡോക്സ് സഭ), മാർ ജോസഫ് സ്രാമ്പിക്കൽ തിരുമേനി (സീറോ മലബാർ കത്തോലിക്ക സഭ), ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ വൈസ് പ്രിൻസിപ്പലായ റവ. കാനൻ പ്രഫസർ ഡോ. മാർക്ക് ചാപ്പ്മാൻ, യുകെയിലെ ആദ്യ മലയാളി എംപിയായ സോജൻ ജോസഫ് എന്നിവർ അതിഥികളായി പങ്കെടുക്കും.
പൊതുസമ്മേളനത്തിലേക്ക് യുകെ, യൂറോപ്പ്, ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം ആയിരത്തിയെണ്ണൂറോളം ആളുകൾ ഇതിനകം രജിസ്റ്റർ ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ തിരുമേനിയുടെ നേതൃത്വത്തിൽ ഭദ്രാസനത്തിലെ പട്ടക്കാർ ഉൾപ്പെടെ നൂറ്റിയൻപതിലധികം ആളുകൾ ഉൾപ്പെടുന്ന വിവിധ സബ് കമ്മിറ്റികളിലൂടെ ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി സെക്രട്ടറി റവ. ജോൺ മാത്യു സി., ജനറൽ കൺവീനർ റവ. സോജു എം. തോമസ്, കൺവീനർ പി. എം. മാത്യു, ട്രഷറർ തോമസ് ഏബ്രഹാം എന്നിവർ അറിയിച്ചു.