കേരള സദ്യ വിളമ്പി ബ്രിട്ടനിലെ ഓണാഘോഷം, സെറ്റ് സാരിയുടുത്ത് വിദേശ വനിതകൾ; ചിത്രങ്ങൾ വൈറൽ
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിലെ ഓണാഘോഷം തദ്ദേശീയരുടെ പിന്തുണയും പങ്കാളിത്തവും കൊണ്ട് അനുദിനം വ്യത്യസ്തമാവുകയാണ്. ഇത്തരം വ്യത്യസ്തകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗ്ലോസ്റ്റര്‍ഷെയർ എന്‍എച്ച്എസ് ആശുപത്രിയിലെ ഓണാഘോഷം. ഇവിടെ ഓണാഘോഷത്തോടനുബന്ധിച്ച് എൻഎച്ച്എസ് ക്യാന്റീനിൽ നാടൻ ഓണസദ്യ തന്നെയാണ് വിളമ്പിയത്.
ഇത്തരത്തിൽ എൻഎച്ച്എസ് ട്രസ്റ്റിന്റെ പിന്തുണയോടെ ഓണസദ്യ വിളമ്പുന്നത് അപൂർവമായ കാഴ്ചയാണ്. അതോടൊപ്പം തദ്ദേശീയരായ ജീവനക്കാരും ഓണത്തിന്റെ തനതായ വസ്ത്രമണിഞ്ഞാണ് ആഘോഷങ്ങളിൽ പങ്കെടുക്കാനും സദ്യ കഴിക്കുവാനുമായി എത്തിയത്.
ആഘോഷത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിരവധി പേരാണ് ഷെയർ ചെയ്തിട്ടുള്ളത്. ഗ്ലോസ്റ്റര്‍ഷെയർ എന്‍എച്ച്എസ് ആശുപത്രി ക്യാന്റീനില്‍ പ്രൊഡക്ഷന്‍ ചുമതലയുള്ള കോട്ടയം മാൻവെട്ടം സ്വദേശിയായ ഉലഹന്നാൻ ബെന്നിയും സഹ ജീവനക്കാരും ചേര്‍ന്നാണ് രുചികരമായ ഓണ സദ്യ ഒരുക്കിയത്. സദ്യ ഒരുക്കുന്നതിനായി മലയാളികളായ വിപിൻ ജൂഡി, ജോൺസൺ എബ്രഹാം, അവിനാശ് കുമാർ, ജോസി തോമസ് എന്നിവർ ഉൾപ്പടെയുള്ള 15 അംഗ സംഘമാണ് ഉലഹന്നാൻ ബെന്നിക്ക് ഒപ്പം ഉണ്ടായിരുന്നത്. ഇതിൽ തദ്ദേശീയരായ ജീവനക്കാരും ഉൾപ്പെടും. ഇവർ മനോഹരമായ പൂക്കളവും ഒരുക്കിയിരുന്നു. എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഓണസദ്യ.
മുന്നൂറോളം പേര്‍ ഓണസദ്യ കഴിച്ചതായി ബെന്നി ഉലഹനാൻ പറഞ്ഞു. 22 വിഭങ്ങളോട് കൂടിയ ഒരു സദ്യക്ക് 5 പൗണ്ട് വീതമാണ് ജീവനക്കാരിൽ നിന്നും ഇടാക്കിയത്. സന്ദർശകരിൽ നിന്നും 10 പൗണ്ട് വീതം ഈടാക്കി. നേരത്തെ ഇതേ ക്യാന്റീനില്‍ ദോശയും ചമ്മന്തിയും സാമ്പാറും വിളമ്പിയത് ശ്രദ്ധ നേടിയിരുന്നു. ബ്രിട്ടനിൽ ഏറ്റവും കൂടുതല്‍ മലയാളി നഴ്‌സുമാര്‍ ജോലിചെയ്യുന്ന ആശുപത്രികളില്‍ ഒന്നാണ് ഗ്ലോസ്റ്റർഷെയർ എൻഎച്ച്എസ് ആശുപത്രി. എന്തായാലും ‘കൊച്ചി, പഴയ കൊച്ചിയല്ല’ എന്ന പ്രശസ്തമായ സിനിമ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധം ‘ബ്രിട്ടൻ, പഴയ ബ്രിട്ടനല്ല‘ എന്ന് തന്നെ പറയാം.