എനിക്കും ആരാധകർ കാണുമോ? ഡോ. ഷംഷീറിനോട് സൂപ്പർ താരം; പിന്നെ, മലയാളികൾക്ക് ആശംസകളും
Mail This Article
അബുദാബി ∙ ഫുട്‌ബോൾ മൈതാനത്ത് ആക്രമണ ചുവടുകൾ വയ്ക്കുന്ന ഇവാൻ റാകിട്ടിച്ച് കേരളമെന്ന കൊച്ചു സംസ്ഥാനത്തെ അറിയുമോ? കാൽപന്ത് ആവേശം തലയിൽ കൊണ്ടു നടക്കുന്ന മലപ്പുറത്തെയും കോഴിക്കോടിനെയും പറ്റി റാകിട്ടിച്ച് കേട്ടിട്ടുണ്ടാകുമോ? സംശയം വേണ്ട, അദ്ദേഹത്തിന് കേരളത്തെയും അവിടുത്തെ ഫുട്ബോൾ ആവേശത്തെയും പറ്റി നന്നായി അറിയാം. ക്രൊയേഷ്യയുടെയും ബാഴ്സിലോണയുടെയും ജേഴ്‌സികൾ അണിഞ്ഞു റാകിട്ടിച്ച് ഗോൾ പോസ്റ്റിലേക്ക് പന്ത് തൊടുക്കുമ്പോൾ നമ്മൾ മലയാളികൾക്ക് ഇനി അഭിമാനത്തോടെ പറയാം, ‘ഓൻ നമ്മളെ നാടിനെ അറിയുന്ന കളിക്കാരൻ ആണെന്ന്’!
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഫുട്ബോൾ പ്രേമികൾക്ക് ആശംസകൾ നേർന്നാണ് കേരളത്തോടുള്ള സ്നേഹം റാകിട്ടിച്ച് പങ്കുവച്ചത്. ഇൻസ്റ്റാഗ്രാമിലെ പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത സ്റ്റോറിയിലൂടെയാണ് ആശംസയും അഭിവാദ്യവും നേരൽ. കേരളവുമായി റാകിട്ടിച്ചിനെ ബന്ധിപ്പിച്ചത് സുഹൃത്തും വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിലാണ്. ഡോ.ഷംഷീറിനും പോസ്റ്റിൽ റാകിട്ടിച്ച് നന്ദി പറയുന്നു.
അതിന് പിന്നിലെ കഥ ഇങ്ങനെ: കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം യുഎഇ സന്ദർശിച്ച ഇവാൻ റാകിട്ടിച്ചിന് ഡോ. ഷംഷീർ വയലിൽ അത്താഴവിരുന്ന് ഒരുക്കിയിരുന്നു. ഫുട്‌ബോളിനെ ചുറ്റിപ്പറ്റിയുള്ള ഇരുവരുടെയും സംഭാഷണത്തിനിടെ ഡോ. ഷംഷീറാണ് കേരളത്തിലെ ഫുട്‌ബോൾ ആവേശത്തെയും മലബാറിലെ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റുകളെയും പറ്റി അദ്ദേഹത്തോട് പറയുന്നത്. തനിക്ക് കേരളത്തിൽ ആരാധകർ ഉണ്ടാകുമോ എന്നായിരുന്നു റാകിട്ടിച്ച് അത്ഭുതം. ഉറപ്പായും ഉണ്ടാകുമെന്ന മറുപടി കേട്ടതോടെ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ആശംസകൾ നേർന്ന് വിഡിയോ സന്ദേശം തയാറാക്കി. ഈ വിഡിയോ ഡോ. ഷംഷീർ വയലിൽ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.
നിലവിൽ ക്രൊയേഷ്യൻ വൈസ് ക്യാപ്റ്റനാണ് ഇവാൻ റാകിട്ടിച്ച്. ബാഴ്സലോണയുടെ മിന്നും താരങ്ങളിൽ പ്രമുഖൻ. ലോകകപ്പിൽ ക്രൊയേഷ്യ ഫൈനലിൽ എത്തിയത് സ്‌ട്രൈക്കറായ റാകിട്ടിച്ചിന്റെ കൂടി മികവിലാണ്. ലോകത്തെ പത്ത് സൂപ്പർ കളിക്കാരിൽ ഒരാളാണ് ഈ 31കാരൻ. മെസിയുമായി മികച്ച രസതന്ത്രം. ബാഴ്സലോണയ്ക്ക് വേണ്ടി മെസിക്ക് ഗോൾ ഒരുക്കുന്നതിൽ സുവാരസിനൊപ്പം റാകിടിച്ചിനും നിർണ്ണായക പങ്കുണ്ട്. ലോകമെമ്പാടും ആരാധകർ ഉള്ള റാകിടിച്ച് ഒന്നര കോടി ഫോളോവേഴ്‌സ് ഉള്ള ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് മലയാളി ഫുട്ബോൾ പ്രേമികൾക്ക് ആശംസകൾ നേർന്നിരിക്കുന്നത്.