എൻഡോസ്‌കോപ്പിക് ബ്രെയിൻ സർജറിയിലൂടെ അർബുദത്തെ തോൽപിച്ച് 72 കാരി
Mail This Article
ദോഹ∙ ഒരു വർഷം മുൻപ് നടത്തിയ എൻഡോസ്‌കോപ്പിക് ബ്രെയിൻ സർജറിയിലൂടെ അർബുദത്തെ തോൽപിച്ച് 72 കാരിയായ സ്വദേശി വനിത ജീവിതത്തിലേക്ക് മടങ്ങിയെത്തിയതായി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ പ്രഥമ എൻഡോസ്‌കോപ്പിക് ബ്രെയിൻ സർജറിയായിരുന്നു ഇത്. രോഗിയുടെ തലച്ചോറിന്റെ മധ്യഭാഗത്ത് നിന്ന് വലിയ ട്യൂമർ നീക്കിയ ശസ്ത്രക്രിയ ഹമദ് ജനറൽ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തിലാണു നടത്തിയത്.
അബോധാവസ്ഥയിലെത്തിയ രോഗിക്ക് ഓപ്പൺ ശസ്ത്രക്രിയ നടത്താൻ ആരോഗ്യനിലയും തൃപ്തികരമായിരുന്നില്ല. ഇതേ തുടർന്നാണ് ന്യൂറോസർജറി വകുപ്പ് മേധാവി ഡോ.സിറാജ് ബെൽഖെയ്‌റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം എൻഡോസ്‌കോപിക് സർജറി നടത്തിയത്. തലച്ചോറിൽ ആഴത്തിൽ ഉടലെടുത്ത ട്യൂമറുകൾ കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സ നടത്താൻ എൻഡോസ്‌കോപ്പിക് സർജറി ഫലപ്രദമാണ്.
എൻഡോസ്‌കോപ്പും ന്യൂറോ നാവിഗേഷൻ സംവിധാനവും ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കീമോതെറപ്പി ഉൾപ്പെടെയുള്ള ചികിത്സ ദേശീയ അർബുദ പരിചരണ ഗവേഷണ കേന്ദ്രത്തിലായിരുന്നു. സങ്കീർണതകളില്ലാതെ അർബുദ രോഗത്തിൽ നിന്നു രോഗി പൂർണമായും മുക്തയായി ആരോഗ്യകരമായ ജീവിതം നയിക്കുന്നതായും അധികൃതർ വ്യക്തമാക്കി.