ലക്ഷ്യം വികസനം; മാർഗം സമാധാനം
Mail This Article
സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഇത്യോപ്യൻ പ്രധാനമന്ത്രി അബി അഹ്മദ് അലിയെ കുറിച്ച് വിപിഎസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ എഴുതുന്നു.
‘പുതിയ ഇത്യോപ്യയിലേക്ക് സ്വാഗതം. ഇത്യോപ്യയുടെ മുഖവും മനസ്സും മാറുകയാണ്. ഇവിടത്തെ ജനങ്ങൾക്ക് ആഗോള തലത്തിലുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. സമാധാനമാണ് മാർഗം.’കഴിഞ്ഞ വർഷവും ജനുവരിയിലുമായി നടത്തിയ 2 കൂടിക്കാഴ്ചകളിൽ ഇത്യോപ്യൻ പ്രധാനമന്ത്രി അബി അഹ്‌മദ് അലി ഊന്നിപ്പറഞ്ഞത് ഇക്കാര്യമായിരുന്നു. സൗമ്യതയും നിശ്ചയദാർഢ്യതയുമുള്ള സംസാരം. പഴയ പട്ടാളക്കാരന്റെ ചിട്ടകൾ തന്നെയാകും ആ ലക്ഷ്യ ബോധത്തിന്റെ അടിത്തറയെന്നു തോന്നിയിട്ടുണ്ട്, സുഹൃത്തെന്ന നിലയിൽ അടുത്തു നിന്നും അകലെ നിന്നും അദ്ദേഹത്തെ കാണുമ്പോൾ. പ്രധാനമന്ത്രിയുടെ അധികാര ശൈലികൾ മാറ്റിവച്ച് സൗഹൃദമാണ് സമീപനം.
ഇത്യോപ്യയിലെ ആരോഗ്യ മേഖലയിൽ അത്യാധുനിക സൗകര്യങ്ങൾ കൊണ്ടുവരാനായുള്ള സഹകരണ ചർച്ചകളാണ് അബി അഹ്മദ് അലിയുമായുള്ള സൗഹൃദത്തിലേക്കു വാതിൽ തുറന്നത്. സാമ്പത്തിക രാഷ്ട്രീയ നവോത്ഥാനം, ചലനാത്മക ജനാധിപത്യം, സാമ്പത്തിക ഊർജസ്വലത എന്നിവയാണ് ഇത്യോപ്യയുടെ 3 പരസ്പരാശ്രിത നെടുംതൂണുകൾ എന്നാണ് അദ്ദേഹം സ്വന്തം ജനതയോടും ലോകത്തോടും പറഞ്ഞത്. ഇത്യോപ്യയിലെ ആരോഗ്യ രംഗത്തെ സഹകരണത്തെപ്പറ്റിയുള്ള ഞങ്ങളുടെ സംഭാഷണം ഒരിക്കൽ അവസാനിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ എല്ലാവർക്കും പ്രചോദനമാണ്. ‘ഇത്യോപ്യയും ലോകവും കൈകോർത്താൽ തുറക്കുന്നത് സാധ്യതകളുടെ ആകാശമാണ്.
മികച്ച തീരുമാനങ്ങളാണ് വേണ്ടത്.’ ഇത്യോപ്യയും എറിത്രിയയും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾക്ക് അവസാനമാകുന്ന കരാറിലേക്ക് രാജ്യങ്ങൾ നീങ്ങിയ ദിവസങ്ങളിൽ അഡിസ് അബാബയിലെത്തിയപ്പോൾ നാട്ടുകാർ നേതാവിനെപ്പറ്റി പറയുന്നത് കേട്ടിരുന്നു. നവോത്ഥാന പ്രതീകമായാണ് അദ്ദേഹത്തെ പലരും കാണുന്നതും കേൾക്കുന്നതും. എറിത്രിയയുമായി പതിറ്റാണ്ടുകൾ നീണ്ട സംഘർഷങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ വിജയം കണ്ടത് അവർക്ക് അനുഭവ പാഠമാണ്. എൺപതിനായിരത്തിൽ അധികം ജീവൻ നഷ്ടമായ സംഘർഷങ്ങളുടെ തുടർച്ചയായി നടത്തിയ സമാധാന ശ്രമങ്ങളുടെ വിജയം ഉണക്കിയ മുറിവുകൾ ചെറുതല്ല. ആസൂത്രണം, സമയനിഷ്ഠ എന്നിവ എങ്ങനെ ഒരു നേതാവിനിണങ്ങുന്ന ശ്രേഷ്ഠശീലങ്ങൾ ആകുന്നുവെന്ന് അബി അഹ്മദ് അലിയുടെ പ്രവർത്തനശൈലി പഠിപ്പിക്കും.
സമാധാന കരാർ ഒപ്പുവയ്ക്കുന്നതിന് ഏതാനും ദിവസം മുൻപ് പാർലമെന്റ് സമ്മേളന തിരക്കുകൾക്കിടയിൽ നിശ്ചയിച്ച കൂടിക്കാഴ്ച മാറ്റിവയ്ക്കാതെ അദ്ദേഹം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. ജനുവരിയിൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ ഇത്യോപ്യയുടെ വികസന സാധ്യതകൾ തികഞ്ഞ ആത്മവിശ്വാസത്തോടെ ലോകത്തിനു മുന്നിൽ തുറന്നുപിടിച്ച ഭരണാധികാരിയെയാണ് കാണാനായത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം അബി അഹ്മദ് അലിയെ തേടിയെത്തിയിരിക്കുന്നു. ഇത് ഒരു മനുഷ്യന്റെ നിശ്ചയദാർഢ്യത്തിനും നേതൃപാടവത്തിനുമുള്ള ലോകത്തിന്റെ സമ്മാനമാണ്. സമാധാനമാണ് സാധ്യത എന്നതാണ് ഈ നേട്ടം ലോകത്തിന് നൽകുന്ന പാഠം. ഈ ആദരം ഒരു രാജ്യത്തെയും ജനതയെയും കൂടുതൽ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നതാണ്.