ADVERTISEMENT

ദുബായ് ∙ പ്രവാസി വ്യവസായി ഡോ.ബി.രവിപിള്ള ആതിഥേയ വ്യവസായ രംഗത്ത് ശക്തമാകുന്നതിന്റെ ഭാഗമായി 11000 കോടി രൂപയുടെ മുതൽമുടക്ക് നടത്തും. 41 ഹോട്ടലുകൾ ലണ്ടൻ ആസ്ഥാനമായുള്ള ഗ്രൂപ്പിൽ നിന്ന് ഏറ്റെടുക്കുന്നതിനൊപ്പം കേരളത്തിലും ആയിരം കോടി രൂപ മുതൽ മുടക്കും. ഇപ്പോൾ റാവിസ് എന്നറിയപ്പെടുന്ന ഹോട്ടൽ ശ്രംഖല ഇനി രവീസ് എന്ന് പുനർനാമകരണം ചെയ്യുന്നതുൾപ്പടെ ആഗോളതലത്തിൽ വൻ കുതിപ്പിന് ഒരുങ്ങുകയാണ് ഗ്രൂപ്പെന്ന് ദുബായിൽ അദ്ദേഹം മനോരമയോടു പറഞ്ഞു. 

RavizCalicut

രവീസ് എന്ന് ബ്രാൻഡിങ് നടത്തുന്നതിന്റെ സോഫ്റ്റ് ലോഞ്ചിങ് ജനുവരി ഒന്നിന് തിരുവനന്തപുരത്ത് നടത്തും. അക്ഷരങ്ങൾക്ക് മാറ്റമില്ലെങ്കിലും ഉച്ചാരണത്തിന് മാറ്റം വരുത്തി രവിപിള്ള ഗ്രൂപ്പിനോടു താതാത്മ്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മകൾ ഡോ.ആരതി കമ്പനിയുടെ ഡയറക്ടറായി കേരളത്തിൽ കൂടുതൽ സജീവമാകും. മകൻ ഗണേഷ് രാജ്യാന്തരതലത്തിൽ നിർമാണമേഖലയുടെ ചുമതല വഹിക്കും.  

ravi-pillai-daughter

യൂറോപ്പ്, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിലും അമേരിക്കയിലും ഹോട്ടൽ ശ്രംഖലയുള്ള ഗ്രൂപ്പിന്റെ ഹോട്ടലുകൾ വാങ്ങുന്നതു സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ലീല ഗ്രൂപ്പിന്റെ പക്കൽ നിന്ന് കോവളം ലീല ഹോട്ടൽ 500 കോടിയോളം രൂപയ്ക്ക് രവിപിള്ള വാങ്ങിയിരുന്നെങ്കിലും ഹോട്ടൽ നടത്തിപ്പിന്റെ ചുമതല ലീല ഗ്രൂപ്പിനു തന്നെയായിരുന്നു. ഇനി രവീസ് ഗ്രൂപ്പ് സ്വന്തമായി ഹോട്ടലുകൾ നടത്തും. ഈ രംഗത്ത് വൈദഗ്ധ്യമുള്ള വൻ സംഘത്തെ തന്നെ ഇതിനായി നിയമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

leela-kovalam-rp

തിരുവനന്തപുരത്ത് ഉടൻതന്നെ ഹോട്ടലും കൺവൻഷൻ സെന്ററും പണികഴിപ്പിക്കും. ഇതിനായി സ്ഥലം വാങ്ങിക്കഴിഞ്ഞു. കൊല്ലത്ത് 150 വർഷം പഴക്കമുള്ള കൊട്ടാരം അടുത്ത കാലത്ത് ജർമൻ സംഘത്തിന്റെ പക്കൽ നിന്നു വാങ്ങിയിരുന്നു. ഇത് പൂർണമായും ആയൂർവേദ റിസോർട്ടാക്കി മാറ്റും. കൊട്ടാരത്തിന്റെ തനിമ നിലനിർത്തി പത്തുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.

ravi-pillai-son

ഇതിനു പുറമെ ഹോട്ടലുകളിലേക്ക് ശുദ്ധമായ പച്ചക്കറികളും പാലും ഉൽപ്പാദിപ്പിക്കാൻ ഗ്രൂപ്പ് കരുനാഗപ്പള്ളിയിൽ സ്വന്തമായി ഫാം ഹൗസും ആരംഭിച്ചു. ആധുനിക രീതിയിൽ സജ്ജമാക്കുന്ന ഫാം ഹൗസിൽ ഗീർ പശുക്കൾ ഉൾപ്പടെയുള്ളവയെ വളർത്തുന്നുണ്ട്. ഇതിന്റെ ചില നിർമാണ ജോലികൾ ഉടൻ പൂർത്തിയാകും. ഗോവയിലും കൂടുതൽ വസ്തുക്കൾ വാങ്ങി സ്വന്തമായി ഹോട്ടൽ നിർമിക്കും. ഇന്ത്യയിലും ദുബായിലുമായി ഒമ്പത് ഹോട്ടലുകളാണ് ഗ്രൂപ്പിനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com