ഒരു പാലം അരികെ ദോഹ
Mail This Article
ദോഹ∙ രാജ്യത്തിന്റെ തെക്കന്‍ മേഖലയെയും ദോഹ നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന രണ്ടര കിലോമീറ്റർ ഹൈവേ തുറന്നു. വ്യവസായ മേഖലാ റോഡില്‍ ഈസ്റ്റ് സ്ട്രീറ്റ് 33 ഇന്റര്‍ചേഞ്ചിനും ജി റിങ് റോഡിലെ അബ അല്‍ സ്‌ലീല്‍ ഇന്റര്‍ചേഞ്ചിനും ഇടയിലാണു പാത.
രാജ്യത്തെ 1.7 കിലോമീറ്റർ നീളമുള്ള രണ്ടാമത്തെ വലിയ പാലവും ഇതിലുണ്ട്. ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റ് വിപുലീകരണ പദ്ധതിയിലെ പ്രധാന പാതയാണിത്. രണ്ടര കിലോമീറ്റര്‍ ഹൈവേ തുറന്നതോടെ രാജ്യത്തിന്റെ തെക്ക് നിന്ന് നഗരത്തിന്റെ പടിഞ്ഞാറേക്കുള്ള യാത്രാ സമയത്തില്‍ 80 ശതമാനമാണ് കുറവ്. ഇരു വശങ്ങളിലേക്കും മൂന്ന്-നാല് വരി പാതകളിലായി മണിക്കൂറില്‍ 12,000ത്തിലധികം വാഹനങ്ങളെ ഉള്‍ക്കൊള്ളാം.
മിസൈദ്, സീലൈന്‍, അല്‍ വക്ര, അല്‍ വുഖൈര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹമദ് തുറമുഖ റോഡ്, ജി റിങ് റോഡ് എന്നിവയിലൂടെ നേരിട്ട് അബ അല്‍ സ്‌ലീല്‍ ഇന്റര്‍ചേഞ്ചിലെത്തി അവിടെ നിന്ന് നേരെ പുതിയതായി നിര്‍മിച്ച അല്‍ ഫുറൗസിയ സ്ട്രീറ്റിലേക്ക് പ്രവേശിക്കാം. ഉം അല്‍ സനീം, എയ്ന്‍ ഖാലിദ്, വ്യവസായ മേഖലാ റോഡ് ഉപയോക്താക്കള്‍ക്കും മിസൈദ്, സീലൈനിലേക്കുള്ള പുതിയ റോഡ് ഗുണകരമാണ്. തെക്കന്‍ മേഖലയിലെ ഏഷ്യന്‍ ടൗണ്‍, പൊതുഗതാഗത കമ്പനിയായ കര്‍വ, ഖത്തര്‍ മോട്ടര്‍, ഖത്തര്‍ മോട്ടര്‍ റേസിങ് ക്ലബ്ബ് എന്നിവിടങ്ങളിലേക്കും സൗകര്യപ്രദമായി യാത്ര ചെയ്യാം.
ചരക്ക് ഗതാഗതം സുഗമമാകും
പുതിയ ഹൈവേ തുറന്നതോടെ തെക്കന്‍ മേഖലകളായ മിസൈദ്, അല്‍ വക്ര, അല്‍ വുഖൈര്‍ എന്നീ പ്രദേശങ്ങളില്‍ നിന്ന് വ്യവസായ മേഖല, സല്‍വ റോഡ്, അല്‍ ഫുറൗസിയ സ്ട്രീറ്റ് എന്നിവയിലൂടെ അല്‍ റയ്യാന്‍, അല്‍ ഗരാഫ എന്നിവിടങ്ങളിലേക്ക് നേരിട്ടെത്താം. ഹമദ് തുറമുഖം, ഹമദ് രാജ്യാന്തര വിമാനത്താവളം, വ്യവസായ മേഖല എന്നിവക്കിടയിലുള്ള ചരക്ക് ഗതാഗതവും ഇനി എളുപ്പമാകും.
അടുത്തവർഷം പൂര്‍ത്തിയാകും
പദ്ധതിയുടെ 87 ശതമാനം നിര്‍മാണങ്ങളും ഇതോടെ പൂര്‍ത്തിയായി. അവശേഷിക്കുന്നവ 2020 രണ്ടാം പാദത്തില്‍ തുറക്കും. മൂന്ന് സിഗ്‌നല്‍ നിയന്ത്രിത ഇന്റര്‍ചേഞ്ചുകള്‍, പത്ത് കിലോമീറ്റര്‍ നീളുന്ന കാല്‍നട, സൈക്കിള്‍ പാതകള്‍, കാല്‍നടയാത്രക്കാര്‍ക്കായി ഏഷ്യന്‍ ടൗണിനും വ്യവസായ മേഖലയ്ക്കും ഇടയിലായി തുരങ്കപാത, സര്‍വീസ് റോഡുകള്‍ എന്നിവയാണ് ഇനി തുറക്കാനിരിക്കുന്നത്.
english summary: Ashghal opens second longest bridge in Qatar