ഇസ്രയേൽ പ്രധാനമന്ത്രിയുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തില്ല: സൗദി മന്ത്രി
Mail This Article
റിയാദ്∙ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുമായി കൂടിക്കാഴ്ചയ്ക്കു പദ്ധതിയിട്ടിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പശ്ചിമേഷ്യൻ സമാധാന പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി താൽപര്യം പ്രകടിപ്പിച്ചു എന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ പലസ്തീനികളുടെ നിയമാനുസൃത അവകാശങ്ങൾ ഉറപ്പുവരുത്താതെ ഇസ്രയേലുമായുള്ള ബന്ധത്തെക്കുറിച്ച് ആലോചിക്കില്ലെന്നും ഇക്കാര്യം നേരത്തേ തന്നെ സൗദി ഭരണാധികാരി സൽമാൻ രാജാവ് വ്യക്തമാക്കിയതാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
സമാധാന ചർച്ച നടത്തി സംഘർഷത്തിന് പരിഹാരം കാണണമെന്നാണ് സൗദി അറേബ്യയുടെ നിലപാട്. പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം കാണാനുള്ള ഏതു ശ്രമങ്ങളെയും സൗദി അറേബ്യ സ്വാഗതം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.