ഊർജം പകർന്ന അക്ഷരങ്ങളെക്കുറിച്ച് പറയുന്നു മിനിമോൾ സാം
Mail This Article
ഞാൻ, ബാല്യവും കൗമാരവും യൗവനവും പിന്നിട്ട് വാർദ്ധക്യമെന്ന പ്രകൃതിയുടെ കടമ്പയ്ക്ക് അഭിമാനത്തോടെ കാത്തിരിക്കുന്ന മധ്യവയസ്സുകാരി. ജീവിതത്തിന്റെ പലവിധ വേഷഭാവങ്ങൾ നന്നായി അഭിനയിച്ച് മധ്യവയസ്സായെങ്കിലും മനസ്സിൽ മധുര പതിനേഴിന്റെ സന്തോഷം കാത്തു സൂക്ഷിക്കുന്ന ഹൃദയത്തിന്റെ ഉടമ. ഒരു ഗാന്ധിയൻ ചിന്താഗതിക്കാരനും അല്പം കർക്കശക്കാരനുമായിരുന്നു എന്റെ പിതാവ്. ഒരിക്കലും പണം നൽകിയും ശുപാർശ നടത്തിയും എനിക്ക് ഒരു ജോലി നേടാൻ കഴിയില്ല എന്ന് നല്ല ഉറപ്പുണ്ടായിരുന്നതിനാൽ സ്വന്തമായി പഠിച്ചു ജോലിനേടണമെന്ന വാശിയുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ഒരു കോളജിൽ 40 കുട്ടികൾക്കൊപ്പം ഒരേ ഒരു മലയാളിയായി പഠിച്ചു.
ചപ്പാത്തിയും പരിപ്പും ബസുമതി ചോറും കഴിച്ച് പരീശീലിച്ചു. ഒരു വർഷം നാട്ടിലെ ആതുരാലയത്തിൽ ഡയറ്റിഷ്യനായി ജോലി ചെയ്തു. പിന്നെ ഗൾഫിലേക്ക്. നാടും വീടും വിട്ട് ഒരു പ്രവാസ ജീവിതത്തിലേയ്ക്ക് പോകണം എന്നുള്ള ചിന്ത വല്ലാതെ വിഷമിപ്പിച്ചിരുന്നു എങ്കിലും ഒരു നല്ല ജോലി കിട്ടിയതിന്റെ സന്തോഷം എന്റെ ജീവിതത്തിലും ഉണ്ടായി. പിന്നീട് വിവാഹം, പുതിയ വീട്, നാട്, അയൽക്കാർ, വ്യത്യസ്തമായ ജീവിത രീതികൾ, പലവിധ രുചി ഭേദങ്ങൾ, സ്വഭാവക്കാർ,രാജ്യക്കാർ ഞാൻ ഇതിൽ എല്ലാം സന്തോഷം കണ്ടെത്തി. ഇക്കാലമെല്ലാം ഞാൻ കൈവിടാതെ സൂക്ഷിച്ചത് എന്റെ എഴുത്തുശീലത്തെയാണ്.
ഞാൻ മുറുകെ പിടിച്ച ഇഷ്ടം. എനിക്ക് ഊർജം പകർന്ന കൂട്ട്. കഥയായും, കവിതയായും, ലഘു നാടകങ്ങളായും എന്റെ രചനകൾ പുറത്തുവന്നിട്ടുണ്ട്. ചില ലഘു നാടകങ്ങൾക്ക് സംവിധാനം ചെയ്ത് അവതരിപ്പിച്ചു. അതിനെയെല്ലാം പ്രേക്ഷകർ സ്വീകരിച്ചപ്പോൾ എന്റെ സന്തോഷത്തിന് അതിരുണ്ടായില്ല. ഇന്നു വരെയുള്ള എന്റെ ജീവിതത്തിൽ എന്ത് പ്രശ്നങ്ങളെയും വളരെ ലാഘവത്തോടെ കാണാൻ എന്നെ സഹായിക്കുന്നത് ഞാൻ കൈവിടാതെ കൂടെക്കൂട്ടിയ എഴുത്തുശീലമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഔദ്യോഗിക ജീവിതത്തോടൊപ്പം കുടുംബ ജീവിതത്തിനൊപ്പം ഈ സന്തോഷം ജീവിതാവസാനം വരെ നിലനിർത്താൻ ഞാൻ സ്നേഹിയ്ക്കുന്ന ഭാഷയെ എന്നും ഞാൻ ചേർത്തുപിടിക്കും.