ADVERTISEMENT

ദോഹ ∙ ഖത്തര്‍ ദേശീയ മേല്‍വിലാസ നിയമ പ്രകാരം സ്വദേശികളും പ്രവാസികളും ജൂലൈ 26ന് മുമ്പായി നിര്‍ബന്ധമായും തങ്ങളുടെ മേല്‍വിലാസം റജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓര്‍മപ്പെടുത്തല്‍. 2017 ലെ 24-ാം നമ്പര്‍ ദേശീയ മേല്‍വിലാസ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണിത്.

ആഭ്യന്തര മന്ത്രിയുടെ 2019 ലെ 96-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് വ്യവസ്ഥകള്‍ നടപ്പാക്കുന്നത്. പൗരന്മാര്‍, പ്രവാസികള്‍, നിയമപരമായ വ്യക്തികള്‍, കമ്പനികള്‍ എന്നിവരാണ് മേല്‍വിലാസം റജിസ്റ്റര്‍ ചെയ്യേണ്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ www.moi.gov.qa എന്ന വെബ്‌സൈറ്റിലൂടെ അല്ലെങ്കില്‍ മെട്രാഷ് 2 മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ റജിസ്റ്റര്‍ ചെയ്യണം. ഉത്തരവ് പാലിക്കാത്തവര്‍ കര്‍ശന നിയമനടപടികള്‍ നേരിടേണ്ടി വരും. പത്ത് ലക്ഷത്തോളം പേര്‍ ഇതിനകം മേല്‍വിലാസം റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 

   18 വയസിന് മുകളിലുള്ള സ്വദേശികളും താമസാനുമതി രേഖയുള്ള എല്ലാ പ്രവാസികളും വ്യക്തിഗതമായി തന്നെ മേല്‍വിലാസം റജിസ്റ്റര്‍ ചെയ്യണം. 18 വയസില്‍ താഴെയുള്ള കുട്ടികളുടെ വിവരങ്ങള്‍ അവരുടെ രക്ഷിതാവ് റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി റജിസ്റ്റര്‍ ആകും. ഖത്തറില്‍ താമസിക്കുന്ന വീടിന്റെ വിലാസം, മൊബൈല്‍, ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍, ജോലി ചെയ്യുന്ന കമ്പനിയുടെ വിലാസം, സ്വദേശത്തെ സ്ഥിര മേല്‍വിലാസം എന്നിവയാണ് നല്‍കേണ്ടത്. അതോറിറ്റി ആവശ്യപ്പെടുന്ന മറ്റ് വിവരങ്ങളും നല്‍കണം. താമസിക്കുന്ന കെട്ടിടത്തിന് മുമ്പില്‍ നഗരസഭ പതിപ്പിച്ചിരിക്കുന്ന നീല ബോര്‍ഡിലുള്ള വിലാസമാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. മേല്‍വിലാസം റജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 26 ആണ്‌.

ദേശീയ മേല്‍വിലാസ നിയമ പ്രകാരം രാജ്യത്തെ താമസക്കാരായ മുഴുവന്‍ വ്യക്തികളും നിര്‍ബന്ധമായും വിലാസം റജിസ്റ്റര്‍ ചെയ്തിരിക്കണം. റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 10,000 റിയാലില്‍ കുറയാത്ത പിഴ നല്‍കേണ്ടി വരും. റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാലും 10,000 റിയാലില്‍ കുറയാത്ത പിഴ നല്‍കേണ്ടി വരും. മേല്‍വിലാസം റജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ ഏകീകൃത സേവന കേന്ദ്രങ്ങളുമായി ഫോണില്‍ ബന്ധപ്പെടാം. സാധാരണ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ ഒന്ന് വരെയുമാണ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം.

സേവന കേന്ദ്രങ്ങളും ഫോണ്‍ നമ്പറും

∙മിസൈമീര്‍-2350888

∙അല്‍ദായീന്‍-2351205

∙ഇന്‍ഡസ്ട്രിയല്‍ ഏരിയ-2351151

∙അല്‍ഖോര്‍-2351299

∙ഷമാല്‍-2351900

∙ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍-2350380

∙ഷഹാനിയ-2352888

∙ഉംസലാല്‍-2351822

∙അല്‍ വക്ര-2351090

∙ദുഖാന്‍-2353131

∙റയ്യാന്‍-2350333

∙മിസൈദ്-2351003

∙സൂഖ് വാഖിഫ്-2340608

∙ഒനൈസ-2350444

∙പേള്‍ ഖത്തര്‍-2340404

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com