ADVERTISEMENT

ദുബായ് ∙ കോവിഡ് നിയന്ത്രണങ്ങളിൽ അയവുണ്ടായതോടെ ദുബായ് മെട്രോ അടക്കമുള്ള  പൊതുവാഹന സമയത്തിൽ മാറ്റം. പ്രവൃത്തിദിവസങ്ങളിൽ റെഡ്, ഗ്രീൻ ലൈനുകളിൽ രാവിലെ 7 മുതൽ രാത്രി 12 വരെ സർവീസ് ഉണ്ടാകും. വെള്ളിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 12 വരെ.

റെഡ് ലൈൻ തുടങ്ങുന്ന റാഷിദിയ സ്റ്റേഷനിൽ നിന്ന് യുഎഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്ക് രാത്രി 10.54നാണ് അവസാന ട്രെയിൻ. യുഎഇ എക്സ്ചേഞ്ചിൽ നിന്നു തിരികെ രാത്രി 10.53ന്. ഗ്രീൻ ലൈനിലെ ക്രീക് സ്റ്റേഷനിൽ നിന്ന് ഇത്തിസലാത്ത് സ്റ്റേഷനിലേക്ക് രാത്രി 11.21നും ഇത്തിസലാത്തിൽ നിന്നു ക്രീക്കിലേക്ക് രാത്രി 11.20നുമാണ് അവസാന സർവീസ്.

സർവീസിന് കൂടുതൽ ട്രെയിൻ

തിരക്കേറിയ സമയങ്ങളിൽ റെഡ് ലൈനിൽ 54 ട്രെയിനുകളും ഗ്രീൻ ലൈനിൽ 17 ട്രെയിനുകളും സർവീസ് നടത്തും. റെഡ് ലൈനിൽ 2.38 മിനിറ്റ് ഇടവേളയിലും ഗ്രീൻ ലൈനിൽ 5 മിനിറ്റ് ഇടവേളയിലും ട്രെയിനെത്തും. ഉം റമൂൽ, ദെയ്റ, ബർഷ ഹാപ്പിനെസ് സെന്ററുകളും 21 സേവന കേന്ദ്രങ്ങളും രാവിലെ 8 മുതൽ വൈകിട്ട് 4 വരെ പ്രവർത്തിക്കും.

ട്രാം സർവീസ്

പ്രവൃത്തി ദിവസങ്ങളിൽ ദുബായ് ട്രാമുകൾ രാവിലെ 7 മുതൽ രാത്രി 12 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 10 മുതൽ അർധരാത്രി വരെയുമാണ് സർവീസ്. 11 സ്റ്റേഷനുകളിലായി 8 മിനിറ്റ് ഇടവേളകളിൽ 6 ട്രാമുകളാണ് സർവീസ് നടത്തുക.

ബസുകൾ ഓടും, ഇന്റർസിറ്റിയില്ല

Rta-bus

142 റൂട്ടുകളിൽ 902 ബസുകൾ രാവിലെ 6 മുതൽ രാത്രി 11 വരെ സർവീസ് നടത്തും. ആശുപത്രികളുള്ള റൂട്ടുകളിൽ അണുനശീകരണ സമയത്തും സർവീസുണ്ട്. 13 റൂട്ടുകളിൽ 74 ബസുകൾ. റൂട്ടുകൾ: 8, 10, 12, എ13, 17, സി01, സി07, എഫ് 18, എഫ് 21, എഫ് 34, എക്സ് 23.  ഈ റൂട്ടുകളിൽ 19 ആശുപത്രികളുണ്ട്. അതേസമയം, ഇന്റർസിറ്റി സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല.

ജലയാനങ്ങൾ രാത്രി 10 വരെ

ferry

വാട്ടർ ബസ് അടക്കമുള്ള ജലയാനങ്ങൾ 7 റൂട്ടുകളിൽ രാവിലെ 7 മുതൽ രാത്രി 10 വരെ സർവീസ് നടത്തും. ദുബായ് വാട്ടർ കനാലിലൂടെയുള്ള സർവീസുകൾ, ടൂറിസ്റ്റ് ബോട്ടുകൾ, അൽ ഗുബൈബ-ഷാർജ അക്വേറിയം റൂട്ടിലെ ഫെറി സർവീസ് എന്നിവ ഉടൻ പുനരാരംഭിക്കില്ല.

ടാക്സികൾ രാത്രി 12 വരെ

dubai-taxi

ടാക്സി സർവീസ് രാവിലെ 6 മുതൽ രാത്രി 12 വരെ.10,936 ടാക്സികളും 7,000 ലിമോകളും സർവീസിനുണ്ട്. അണുനശീകരണ വേളയിൽ അത്യാവശ്യ കാര്യങ്ങൾക്ക് യാത്രക്കാർ ആവശ്യപ്പെട്ടാൽ ടാക്സിയെത്തും. കരീം, ഊബർ ആപ്പുകൾ വഴി വാഹനങ്ങൾ ബുക്ക് ചെയ്യാം. ഷെയർ വാഹനങ്ങൾ യു ഡ്രൈവ്, ഇകാർ ആപ്പുകൾ വഴി ലഭ്യമാണ്. കരീം ബൈക്ക് സർവീസും തുടങ്ങി. 78 ഡോക്കിങ് സ്റ്റേഷനുകളിലായി 780 ബൈക്കുകൾ രാവിലെ 6 മുതൽ രാത്രി 11വരെ വാടകയ്ക്ക് ലഭിക്കും.

ദുബായിൽ റോഡുകളിൽ വൻ തിരക്ക്, കുരുക്ക്

ദുബായ് ∙ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ റോഡുകൾ വീണ്ടും തിരക്കിലേക്ക്. ഷാർജ-ദുബായ് റോഡുകളിലും ദുബായിലെ പ്രധാന പാതകളിലും ഇന്നലെ രാവിലെയും വൈകിട്ടും വൻ തിരക്കനുഭവപ്പെട്ടു. ചില മേഖലകളിൽ ഏറെസമയം ഗതാഗതക്കുരുക്കുണ്ടായി. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഷാർജ വ്യവസായ മേഖല മുതൽ ദുബായ് മുഹൈസിന വരെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. റാസൽഖോറിൽ വാഹനാപകടത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു. വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുകയും കൂടുതൽ ജീവനക്കാരെ അനുവദിക്കുകയും ചെയ്തതോടെ പൊതുവാഹനങ്ങളിൽ തിരക്കു കൂടി. തിരക്കും സുരക്ഷാ മുൻകരുതലും കണക്കിലെടുത്ത് യാത്രക്കാർ 30 മിനിറ്റ് മുൻപ് മെട്രോ സ്റ്റേഷനുകളിൽ എത്തണമെന്ന് ആർടിഎ നിർദേശിച്ചു.

സുരക്ഷാ നിയന്ത്രണം തുടരും: ആർടിഎ

ദുബായ് ∙ടാക്സികളിൽ  2 യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്ന് ആർടിഎ. മുന്നിൽ ഡ്രൈവർ മാത്രം. പിൻസീറ്റിൽ ഇരു വശങ്ങളിലുമായി യാത്രക്കാർക്ക് ഇരിക്കാം. മുൻ-പിൻ സീറ്റുകളെ വേർതിരിച്ച് സുതാര്യ പ്ലാസ്റ്റിക് ഷീറ്റ് ഉണ്ടാകണം. പൊതുവാഹനങ്ങളിൽ യാത്രക്കാർ അകലം പാലിക്കണം. അടയാളപ്പെടുത്തിയ ഭാഗങ്ങളിൽ മാത്രം നിൽക്കുക. സ്റ്റിക്കർ പതിച്ച സീറ്റുകളിൽ ഇരിക്കരുത്. വാഹനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കും.

ദിവസവും അണുനശീകരണം നടത്തും. സ്റ്റേഷനുകളും അനുബന്ധ മേഖലകളും അണുവിമുക്തമാക്കും. ഇതിനായി 1,000 ജീവനക്കാരെ ആർടിഎ ചുമതലപ്പെടുത്തി. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിക്കണം. ഗ്ലൗസ് ധരിക്കുന്നതും സാനിറ്റൈസർ കരുതുന്നതും സുരക്ഷിതമാണ്. ലക്ഷ്യത്തിലെത്തിയ ശേഷം കൈകൾ സോപ്പുലായനിയിൽ 20 സെക്കൻഡ് കഴുകണം. മെട്രോ എലിവേറ്ററുകളിൽ 2 പേരെ മാത്രമേ അനുവദിക്കൂ. സ്റ്റേഷന് അകത്തോ പുറത്തോ ട്രെയിനുകളിലോ  ആൾക്കൂട്ടം അനുവദിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com