ADVERTISEMENT

അബുദാബി ∙ കോവിഡ് ചികിത്സയിൽ ആശ്വാസ കേന്ദ്രമാവുകയാണ് അൽ വത്തബയിലെ അൽ റസീൻ ഫീൽഡ് ആശുപത്രി. വെറും 9 ദിവസം കൊണ്ട് നിർമിച്ച 46,500 ചതുരശ്ര അടി വലുപ്പമുള്ള ഈ താൽക്കാലിക ആശുപത്രിയിൽ 205 രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുണ്ട്. ഇതിനൊപ്പം 48 അത്യന്താധുനിക ഐസിയു സംവിധാനങ്ങളുമുണ്ട്. 

മലയാളികൾക്ക് ഏറ്റവും വലിയ അഭയ കേന്ദ്രമാവുകയാണ് ഈ കേന്ദ്രം. കാരണം ഇവിടെയത്തുന്ന രോഗികളിൽ അറുപതുശതമാനം പേരും ഇന്ത്യക്കാരാണ്. അവരിൽത്തന്നെ അറുപതു ശതമാനം പേർ മലയാളികളുമാണെന്ന് ഇവിടെ രോഗീ പരിചരണം കൈകാര്യം ചെയ്യുന്ന അൽ മസ്റൂയി മെഡിക്കൽ സെന്റർ സിഇഒ ഡോ.പാർഥ ബാനർജി പറഞ്ഞു. 

പത്തുവർഷത്തോളം ഈ ആശുപത്രി പ്രവർത്തിപ്പിക്കാനാകും. അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശ പ്രകാരം അടിയന്തരമായി നിർമിച്ചതാണ് അബുദാബിയിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള ഈ കേന്ദ്രം. കോവിഡ് 19 ചികിത്സയിൽ യുഎഇ അനന്യമാകുന്നത് ഇതുപോലുള്ള കേന്ദ്രങ്ങളിലൂടെയാണെന്ന് മെഡിക്കൽ സംഘത്തിന് പരിശീലനം നൽകുന്ന മെഡിക്യൂ ഹെൽത്ത് കെയർ സിഇഒ ബിധാൻ ചൗധരി ചൂണ്ടിക്കാട്ടി. 

ഒരോ രോഗിക്കും ഇന്റർനെറ്റ്, ടിവി, വയർലെസ് ഹെഡ് ഫോൺ, സോഫ, മേശ ഇവയെല്ലാമൊരുക്കി വീടിന്റെ പ്രതീതി ജനിപ്പിച്ചിട്ടുണ്ട്. പച്ച, നീല, മഞ്ഞ എന്നിങ്ങനെ സോണുകൾ തിരിച്ചിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി 48 ഐസിയു കിടക്കകൾ പച്ച സോണിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓക്സിജൻ ലൈനുകളുള്ള 52 കിടക്കകൾ നീല സോണിലാണ്. 

ചെറിയ ലക്ഷണങ്ങളുള്ളവരെ കിടത്താൻ 105 കിടക്കകൾ മഞ്ഞ സോണിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടുത്തെ സ്റ്റാഫിലും 40 ശതമാനം മലയാളികളുണ്ടെന്ന് ഡോ. ബാനർജി ചൂണ്ടിക്കാട്ടി. 

മികച്ച ചികിത്സയാണ് ഇവിടെ നൽകുന്നതെന്നും അധികാരികളുടെ പൂർണ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഡോ. വൈശാഖ് ചൂണ്ടിക്കാട്ടി. 

വീട്ടിലുള്ളവരെ പരിചരിക്കുന്നതു പോലെ രോഗികളെ കരുതാൻ തങ്ങളുണ്ടെന്നും ഒട്ടും പേടിക്കേണ്ടെന്നും മലയാളി നഴ്സ്മാരായ നീതു നായർ, സജീൻ സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com