ഇത് കലക്കി; കോവിഡ് മുന്നണിപ്പോരാളികൾക്ക് നന്ദിയോതി ദുബായ്– വിഡിയോ
Mail This Article
ദുബായ് ∙ യുഎഇയിലെ ആയിരക്കണക്കിന് കോവിഡ് 19 മുന്നണിപ്പോരാളികൾക്ക് അവിസ്മരണീയമായ നന്ദിയോതി ദുബായ്. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കുവച്ച വിഡിയോയിലാണ് ആരെയും പുളകം കൊള്ളിക്കുന്ന ദൃശ്യങ്ങളുള്ളത്.
അടിയന്തര വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളും ഡ്രോണുകളും ഒന്നിച്ച് താങ്ക് യു എന്ന് ഇംഗ്ലീഷിലും ശുക്റൻ എന്ന് അറബികിലും നന്ദി സന്ദേശം പകരുകയായിരുന്നു. യുഎഇയുടെ മുദ്രകളായ ബുര്‍ജ് ഖലീഫ, ബുർജ് അൽ അറബ്, ദുബായ് ഫ്രെയിം എന്നിവിടങ്ങളിലും നന്ദിയുട വർണപ്രകാശം ചൊരിഞ്ഞു. ഒട്ടേറെ പൊലീസ് പട്രോൾ കാറുകൾ, ബൈക്കുകൾ, ആംബുലൻസുകൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ തുടങ്ങിയവ ഷെയ്ഖ് സായിദ് റോഡിൽ രാത്രി ഒന്നിച്ചണിനിരന്നപ്പോൾ അത് കണ്ടുനിന്നവർക്ക് അവിസ്മരണീയാനുഭവമായി.
ഡ്രോണുകൾ ആകാശത്ത് നന്ദി എന്നെഴുതുകയും ദേശീയ പതാക ചിത്രീകരിക്കുകയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്ദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മുഖം വരയ്ക്കുകയും ചെയ്തു. ബ്രാൻഡ് ദുബായ് പദ്ധതിയുടെ ഭാഗമായി ദുബായ് മീഡിയാ ഒാഫീസാണ് അറബ് മീഡിയാ ഗ്രൂപ്പിന്റെ ഡൺ ഇവന്റ്സിന്റെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്. #StrongerTogether എന്ന ടാഗ് ലൈനിൽ ഷെയ്ഖ് മുഹമ്മദും വിഡിയോ ട്വീറ്റ് ചെയ്തു.