നേട്ടങ്ങളുടെ വിജയഗാഥയുമായി ഡോ.മോഹൻ തോമസ്
Mail This Article
ദോഹ ∙ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവായ ഡോ.മോഹൻ തോമസിന് എപ്പെക്‌സ് സംഘടനാ തിരഞ്ഞെടുപ്പിലെ വിജയം ഇരട്ടിമധുരം. ഖത്തറിലെ സ്വദേശി-പ്രവാസി സമൂഹങ്ങളിൽ ആരോഗ്യ, സാമൂഹിക, സാംസ്‌കാരിക, കായിക, ബിസിനസ് രംഗത്ത് അറിയപ്പെടുന്ന വ്യക്തിയായ മോഹൻ തോമസ് കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യൻ എംബസിയുടെ ആരോഗ്യ സേവനങ്ങൾക്കു നേതൃത്വം നൽകുന്ന അദ്ദേഹം
പ്രവാസി വിഷയങ്ങളിലും സജീവമായി ഇടപെടുന്നു. എറണാകുളം പകലോമറ്റം കുടുംബാംഗമായ ഡോ.മോഹന്‍ തോമസ് ഖത്തര്‍ സര്‍ക്കാരിന്റെ സ്ഥിര റസിഡന്‍സി പെര്‍മിറ്റ് ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രവാസിയാണ്. 38 വർഷമായി ഖത്തറിലുള്ള അദ്ദേഹം ദോഹയിൽ ഡോ.തോമസ് ഇഎൻടി ക്ലിനിക് നടത്തുന്നു. കൊച്ചി മെഡിക്കൽ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെ കേരളത്തിലും ദോഹയിലുമുള്ള ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങളുടെ ചെയർമാനും കേരളത്തിലെ ശാന്തി ഭവൻ പാലിയേറ്റീവ് ആശുപത്രി രക്ഷാധികാരിയുമാണ്.
ഏറെക്കാലം കൊച്ചി ലേക്‌ഷോർ ആശുപത്രി ഡയറക്ടർ ആയിരുന്നു. ദോഹയിലെ ബിർള പബ്ലിക് സ്‌കൂൾ സ്ഥാപക ചെയർമാനും ഡയറക്ടറുമായ മോഹൻ തോമസ് ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനകളായ ഇന്ത്യൻ കമ്യൂണിറ്റി ബനവലന്റ് ഫോറത്തിന്റെ (ഐസിബിഎഫ്) അഡ്‍വൈസറി കൗൺസിൽ ചെയർമാനും ഇന്ത്യൻ കൾചറൽ സെന്ററിന്റെ അഡ്‍വൈസറി കൗൺസിൽ അംഗവും ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ വൈസ് പ്രസിഡന്റുമാണ്.
ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് സ്ഥാപകാംഗം, പ്രവാസി കോൺക്ലേവ് ട്രസ്റ്റ് ട്രസ്റ്റി തുടങ്ങി ഒട്ടേറെ പ്രഫഷനൽ, സാമൂഹിക, ആരോഗ്യ സംഘടനകളിലും ക്ലബ്ബുകളിലും പ്രധാന സ്ഥാനം വഹിക്കുന്നു. ഐസിബിഎഫ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് എന്നിവയിൽ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2011ല്‍ ദോഹയില്‍ നടന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ അംബാസഡര്‍ ആയിരുന്നു. ഐസിബിഎഫ് കാൻജാണി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ തങ്കം ആണ് ഭാര്യ. ടോം (ദോഹ ബാങ്ക്), ജേക്ക് (ബിസിനസ്), മരിയ (ഡയറക്ടര്‍, ബിര്‍ള പബ്ലിക് സ്‌കൂള്‍) എന്നിവരാണു മക്കൾ.