ADVERTISEMENT

അബുദാബി∙ അക്ഷർധാം മാതൃകയിൽ അബുദാബിയിലെ അബൂമുറൈഖയിൽ നിർമിക്കുന്ന ക്ഷേത്രത്തിന്റെ അടിത്തറ നിർമാണം ഏപ്രിലിൽ പൂർത്തിയാകും. ശിൽപങ്ങളും മറ്റും സ്ഥാപിക്കുന്ന ജോലികൾ മേയിൽ ആരംഭിക്കും. പൂർണമായും ഇന്ത്യയിൽ കൊത്തുപണികൾ പൂർത്തിയാക്കിയ ശിലകൾ അബുദാബിയിൽ എത്തിച്ചു ബന്ധിപ്പിച്ചാണു മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രം സജ്ജമാക്കുന്നത്.

4.5 മീറ്റർ ഉയരത്തിൽ അടിത്തറ സജ്ജമാക്കുന്ന ജോലികൾ അന്തിമ ഘട്ടത്തിലാണെന്നു അബുദാബി ബാപ്സ് ഹിന്ദുമന്ദിർ പ്രൊജക്ട് എൻജിനീയർ അശോക് കൊണ്ടെറ്റി പറഞ്ഞു. 4500 ക്യുബിക് മീറ്റർ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണു തറ രൂപപ്പെടുത്തിയത്. അടിത്തറ ബലപ്പെടുത്താൻ 3000 ക്യൂബിക് മീറ്റർ കോൺക്രീറ്റ് ഉപയോഗിച്ചു. രണ്ട് ഭൂഗർഭ അറകളുടെ നിർമാണവും പുരോഗമിക്കുകയാണ്. 

abu-dhabi-hindu-temple1
അബുദാബിയിൽ നിർമാണം പുരോഗമിക്കുന്ന ബാപ്സ് ഹിന്ദു മന്ദിർ

മധ്യപൂർവദേശത്തു പരമ്പരാഗത രീതിയിലുള്ള ആദ്യ ഹിന്ദു ക്ഷേത്രത്തിന് യുഎഇയിലെ 7 എമിറേറ്റുകളെ പ്രതിനിധീകരിക്കുംവിധം 7 കൂറ്റൻ ഗോപുരങ്ങളുമുണ്ടാകും. 707 ചതുരശ്ര മീറ്റർ ശിലകളിലെ പുരാണ കഥകളുടെ ശിൽപാവിഷ്കാരം സന്ദർശകർക്കു പുതുമ പകരും.  ഇന്ത്യയുടെയും അറബ് രാജ്യങ്ങളുടെയും പൈതൃകം പ്രതിഫലിക്കും. 12,550 ടൺ റെഡ് സ്റ്റോണും 5000 ടൺ ഇറ്റാലിയൻ മാർബിളും നിർമാണത്തിന് ഉപയോഗിക്കുന്നു.  രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽനിന്നുള്ള 2000 ശിൽപികളാണു കൊത്തുപണികൾ നടത്തിയത്. 

abu-dhabi-hindu-temple

ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രബന്ധത്തിന്റെ പ്രതീകമായ ക്ഷേത്രം ബാപ്സ് സ്വാമി നാരായൺ സൻസ്തയുടെ ഇന്റർനാഷനൽ റിലേഷൻസ് മേധാവി സ്വാമി ബ്രഹ്മവിഹാരിയുടെ മേൽനോട്ടത്തിലാണു നിർമാണം പുരോഗമിക്കുന്നത്. പ്രാർഥനാ മുറികൾക്കു പുറമെ ആത്മീയവും സാംസ്‌കാരികവുമായ ആശയ വിനിമയത്തിനുള്ള ആഗോള വേദി, സന്ദർശക കേന്ദ്രം, പ്രദർശന ഹാളുകൾ, പഠന മേഖലകൾ, ഉദ്യാനം, കായിക കേന്ദ്രങ്ങൾ, ഗിഫ്റ്റ് ഷോപ്പ്,  ജലാശയങ്ങൾ, ഭക്ഷണശാലകൾ, ഗ്രന്ഥശാലകൾ തുടങ്ങിയവയും സജ്ജമാക്കും.

അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ക്ഷേത്രനിർമാണത്തിനുള്ള സ്ഥലം അനുവദിച്ചത്. നിർമാണം 2023ൽ പൂർത്തിയാകും.  

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com