ലോകകപ്പ് കാണികൾക്കായി 1,100 ഇലട്രിക് ബസുകൾ
Mail This Article
ദോഹ∙ 2022 ഫിഫ ഖത്തർ ലോകകപ്പിനെത്തുന്ന കാണികൾക്ക് സഞ്ചരിക്കാൻ 1,1,00 ഇലക്ട്രിക് ബസുകൾ. ലോകകപ്പിന് ശേഷം ബസുകൾ പൊതുഗതാഗതത്തിനായി ഉപയോഗിക്കും.
ഇ-ബസുകൾക്കായി നാല് പാർക്കിങ് കേന്ദ്രങ്ങൾ, 700 ചാർജിങ് സ്‌റ്റേഷനുകൾ എന്നിവയാണ് നിർമിക്കുന്നത്. പ്രഥമ കാർബൺ രഹിത ലോകകപ്പ് ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് കാണികൾക്ക് സഞ്ചരിക്കാൻ വൈദ്യുത ബസുകൾ സജ്ജമാക്കുന്നത്. വൈദ്യുത കാറുകളിലേക്ക് മാറാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് രാജ്യത്തുടനീളമായി 20 കാർ ചാർജിങ് സ്റ്റേഷനുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കഹ്‌റാമ തർഷീദ്-എനർജി എഫിഷ്യൻസി ഡയറക്ടർ അബ്ദുല്ലസീസ് അഹമ്മദ് അൽ ഹമ്മദിയാണ് കഹ്‌റാമയുടെ വെർച്വൽ ഇവന്റിൽ പങ്കെടുക്കവേ വിശദീകരിച്ചത്.
കഹ്‌റാമയുടെ പ്രധാന കെട്ടിടം, അബുഹമൂറിലെ കഹ്‌റാമ കെട്ടിടം, ഖത്തർ ഫൗണ്ടേഷൻ, ഏതാനും ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് നിലവിലെ സ്റ്റേഷനുകൾ. ഷോപ്പിങ് മാളുകൾ, പാർപ്പിട മേഖലകൾ, സ്റ്റേഡിയങ്ങൾ, പാർക്കുകൾ, സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിലായിരിക്കും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക. വൈദ്യുത വാഹനങ്ങൾ, ചാർജിങ് സ്റ്റേഷനുകൾ എന്നിവ സംബന്ധിച്ച വിശദമായ പദ്ധതി ഈ വർഷം മൂന്നാം പാദത്തിൽ പ്രഖ്യാപിക്കും. വൈദ്യുത കാർ ചാർജിങ് സ്റ്റേഷനുകൾക്കുള്ള ടെക്‌നിക്കൽ മാനദണ്ഡങ്ങൾ, മൊഡ്യൂളുകൾ എന്നിവ പൊതു, സ്വകാര്യ മേഖലകളിൽ നടപ്പാക്കും.
ഗതാഗത വാർത്താവിനിമയ മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ), ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്‌റാമ) എന്നിവ ചേർന്നാണ് ലോകകപ്പ് കാണികൾക്കായി ഇ-ബസ് സൗകര്യമൊരുക്കുന്നത്.