ദുബായിയുടെ വ്യത്യസ്ത കാഴ്ചകൾ ക്യാമറക്കണ്ണിലൂടെ പകർത്തി മലയാളി യുവതി
Mail This Article
ദുബായ് ∙ ക്യാമറക്കണ്ണുകളിലൂടെ പ്രകൃതിയെയും മനുഷ്യരെയും ഭക്ഷണ വൈവിധ്യങ്ങളെയും തൊട്ടറിഞ്ഞ് മലയാളി യുവതി. ദുബായിൽ താമസിക്കുന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശിനി നീതു തോമസ് ആണ് വ്യത്യസ്തമായ ഫൊട്ടോഗ്രഫിയിലൂടെ ശ്രദ്ധേയയാകുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഫൊട്ടോഗ്രഫിയിൽ തത്പരയായിരുന്ന നീതു രണ്ടു വർഷം മുൻപാണ് തന്റെ ആഗ്രഹം സഫലീകരിച്ചു തുടങ്ങിയത്.
ശാസ്ത്രീയമായി ഫൊട്ടോഗ്രഫി പഠിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും 10 വർഷം മുൻപ് യുഎഇയിലെത്തിയ ശേഷം ഇതിനായി സ്വയം പഠനങ്ങളിലും പരിശീലനങ്ങളിലുമായിരുന്നു. സാധാരണ ക്യാമറ ഉപയോഗിച്ചായിരുന്നു ഫോട്ടോയെടുക്കാൻ തുടങ്ങിയത്. ഇപ്പോൾ ഉപയോഗിക്കുന്നത് കാനൻ 5ഡി മാർക്4 ക്യാമറയും.
പ്രകൃതിയെ പകർത്തിയായിരുന്നു ഇൗ രംഗത്തേയ്ക്കുള്ള ആദ്യ ചുവടുകൾ. വീട്ടുപറമ്പിലെയും ചുറ്റുവട്ടത്തെയും കാഴ്ചകൾ ക്യാമറയിലാക്കിയത് കണ്ടവരെല്ലാം നന്നായിട്ടുണ്ടെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിന്നീട്, ദുബായിലെ പരമ്പരാഗതമായ കാഴ്ചകളും ഒപ്പിയെടുത്തു. പക്ഷികളുടെയും മൃഗങ്ങളുടെയും വേറിട്ട ചിത്രങ്ങൾ വളരെ ശ്രദ്ധേയമായി. ഇതേ തുടർന്നായിരുന്നു ഫൂഡ് ഫൊട്ടോഗ്രഫിയിൽ ഒരു കൈനോക്കാൻ തുടങ്ങിയത്.
നല്ലൊരു പാചകക്കാരി കൂടിയായ നീതു ആദ്യം മൊബൈൽ ഫോണിൽ പകർത്തിയാണ് ഇതിന് തുടക്കംകുറിച്ചത്. പിന്നീട് ദുബായിലെ റസ്റ്ററന്റുകളിലെ വിഭവങ്ങളും ക്യാമറയിലാക്കി. ഭക്ഷണം വശ്യമായ രീതിയിൽ ഒരുക്കി വച്ചാൽ ആ ചിത്രങ്ങൾക്ക് പ്രത്യേക ഭംഗിയാണെന്ന് നീതു പറയുന്നു.
ഈ യുവ ഫൊട്ടോഗ്രഫർ ഇതിനകം ആയിരത്തോളം ചിത്രങ്ങൾ പകര്‍ത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം നൂറു കണക്കിന് ചിത്രങ്ങൾ കാണാൻ സാധിക്കും. വന്യജീവി ഫൊട്ടോഗ്രഫിയാണ് അടുത്ത ലക്ഷ്യം. കോവിഡ് കാലം കഴിഞ്ഞ് അതിനായുള്ള ശ്രമം ആരംഭിക്കാനാണ് തീരുമാനം. ദുബായിൽ ജോലി ചെയ്യുന്ന ലിപിൻ തോമസാണ് ഭർത്താവ്. മകൻ: ഇവാൻ തോമസ്.