ക്രൂഡ് ഓയിൽ ഉൽപാദനം പ്രതിദിനം 50 ലക്ഷം ബാരലാക്കാൻ യുഎഇ
Mail This Article
അബുദാബി∙ എണ്ണ ഉൽപാദന മേഖലയിൽ 600 കോടി ഡോളർ (2200 കോടി ദിർഹം) നിക്ഷേപം നടത്തുമെന്ന് ദേശീയ എണ്ണക്കമ്പനിയായ അഡ്നോക്. ക്രൂഡ് ഓയിൽ ഉൽപാദന ശേഷി പ്രതിദിനം 50 ലക്ഷം ബാരലാക്കി ഉയർത്തുകയാണ് ലക്ഷ്യം. പ്രകൃതിവാതക ഉൽപാദനത്തിൽ 2030ഓടെ സ്വയം പര്യാപ്തത നേടാനും യുഎഇ ലക്ഷ്യമിടുന്നു. അബുദാബി ഇന്റർനാഷനൽ പെട്രോളിയം എക്‌സിബിഷൻ ആൻഡ് കോൺഫറൻസിലാണ് (അഡിപെക്) അഡ്നോകിന്റെ പ്രഖ്യാപനം.
എണ്ണ, പ്രകൃതി വാതക ഖനനവുമായി ബന്ധപ്പെട്ട വെൽഹെഡ്, ഡൗൺഹോൾ കംപ്ലീഷൻ എക്യുപ്‌മെന്റ് (ഡിസിഇ), ലൈനർ ഹാംഗറുകൾ, സിമന്റിങ് ആക്‌സസറികൾ, അനുബന്ധ സേവനങ്ങൾ എന്നിവയിലാണ് നിക്ഷേപിക്കുകയെന്ന് മന്ത്രിയും അഡ്നോക് ഗ്രൂപ്പ് സിഇഒയും എംഡിയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ പറഞ്ഞു. കോവിഡിനുശേഷം എണ്ണവില ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഇന്ത്യയിലെയും ചൈനയിലെയും ഗ്യാസ്, കൽക്കരി വിതരണത്തിലെ കുറവും വർധിച്ചുവരുന്ന ഉപഭോഗവും എണ്ണയുടെയും ഗ്യാസിന്റെയും വില വർധനയ്ക്കു കാരണമായി. ഇതേസമയം അടുത്ത വർഷം ക്രൂഡ് വില ബാരലിന് 100 ഡോളറിലെത്താനുള്ള സാധ്യത യുഎഇ ഊർജ മന്ത്രി സുഹൈൽ അൽ മസ്‌റൂഇ തള്ളി. 30 വർഷത്തിനകം സംശുദ്ധ, പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ 16,000 കോടി ഡോളർ നിക്ഷേപിക്കാൻ യുഎഇ പദ്ധതിയിടുന്നതായും മന്ത്രി സൂചിപ്പിച്ചു.
ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗവും അബുദാബി എക്‌സിക്യൂട്ടിവ് ഓഫിസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങി ഒട്ടേറെ പ്രമുഖരും പ്രദർശനം കാണാൻ എത്തിയിരുന്നു. എണ്ണ, പ്രകൃതി വാതക മേഖലകളിലെ നൂതന ആശയങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്ന സമ്മേളനത്തിൽ ഇന്ത്യ ഉൾപ്പെടെ 26 രാജ്യങ്ങളിലെ 2000 പ്രദർശകർ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ, റഷ്യ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ ഊർജ മന്ത്രിമാർ ഉൾപ്പെടെ 160 മന്ത്രിമാർ, വിദഗ്ധർ, ചീഫ് എക്സിക്യൂട്ടീവുമാരും സാമ്പത്തിക വിദഗ്ധരുമടക്കം 800ലധികം സാങ്കേതിക വിദഗ്ധർ 127 സെഷനുകളിലായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഒപെക് ഇതര രാജ്യങ്ങളിലെ മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്.
‘നിക്ഷേപകർക്ക് ഇന്ത്യയിൽ അവസരങ്ങളേറെ’
അബുദാബി∙ ഊർജ രംഗത്ത് ഇന്ത്യയിൽ ധാരാളം നിക്ഷേപ അവസരങ്ങളുണ്ടെന്നും അവ പ്രയോജനപ്പെടുത്താൻ മുന്നോട്ടുവരണമെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ഭവന, നഗരവികസന കാര്യ മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. രാജ്യാന്തര പെട്രോളിയം പ്രദർശനത്തോടനുബന്ധിച്ച് അബുദാബി ദുസിത് താനിയിൽ നടത്തിയ റോഡ്ഷോയിലാണ് നിക്ഷേപകർക്കു മുന്നിൽ അവസരങ്ങൾ തുറന്നിട്ടത്. സാധ്യമായ എല്ലാ പിന്തുണയും നിക്ഷേപകർക്ക് നൽകുമെന്നും പറഞ്ഞു.
65 കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത റോഡ് ഷോയിൽ വിവിധ രംഗത്തെ നിക്ഷേപ മേഖലകളെക്കുറിച്ചും അവയുടെ സാധ്യതകളും മന്ത്രി വിശദീകരിച്ചു. വിവിധ രാജ്യങ്ങളിലെ സർക്കാർ, സ്വകാര്യ കമ്പനികളുമായി ചർച്ച നടത്തിയതായും ഇരുരാജ്യങ്ങൾക്കും പ്രയോജനകരമായ പദ്ധതികളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്ഥാനപതി പവൻ കപൂറും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും റോഡ്ഷോയിൽ പങ്കെടുത്തു.