ചാലഞ്ച് ഏറ്റെടുത്തത് 1,46000 പേർ; ദുബായ് സാക്ഷിയായത് ലോകത്തെ ഏറ്റവും വലിയ കൂട്ട ഓട്ടത്തിന്
Mail This Article
ദുബായ് ∙ ലോകത്തെ ഏറ്റവും വലിയ കൂട്ട ഓട്ടത്തിനാണ് ഇന്നലെ ദുബായ് സാക്ഷ്യം വഹിച്ചത്. ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ ഗ്രാൻഡ് ഫിനാലെയിൽ 1,46000 പേരാണ് ഷെയ്ഖ് സായിദ് റോഡിൽ ഓടിയത്. യുഎഇയുടെ പലഭാഗങ്ങളിൽ നിന്നുള്ളവർ ഓട്ടത്തിൽ പങ്കെടുക്കാൻ എത്തിയതോടെ ഷെയ്ഖ് സായ്ദ് റോഡ് അക്ഷരാർഥത്തിൽ വൻ ട്രാക്കായി മാറി.
മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ സമീപത്തെ സ്റ്റാർട്ട് ലൈനിൽ നിന്ന് അതിരാവിലെ ഓട്ടം ആരംഭിച്ചപ്പോൾത്തന്നെ പതിനായിരങ്ങൾ എത്തിയിരുന്നു. ദുബായ് ബുർജ് ഖലീഫ, എമിറേറ്റ്സ് ടവർ തുടങ്ങിയ പ്രശസ്തമായ കെട്ടിടങ്ങൾക്ക് മുന്നിലൂടെ ഓട്ടം തുടർന്ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിന് സമീപമുള്ള അൽ മുസ്തക് ബാൽ റോഡിലാണ് അവസാനിപ്പിച്ചത്.
അഞ്ചു കി.മീ, 10 കി.മീ എന്നിങ്ങനെ രണ്ടുവിഭാഗങ്ങളിലായാണ് ഓട്ടം നടത്തിയത്. അഞ്ചു കി.മീറ്റർ ഓട്ടത്തിൽ കൂടുതലും കുടുംബങ്ങളാണ് പങ്കുചേർന്നത്. അതേസമയം 10 കി.മീ വിഭാഗത്തിൽ ലോകത്തിലെ പ്രമുഖ മധ്യദൂര ഓട്ടക്കാർ ഉൾപ്പെടെ പങ്കെടുത്തു.
1,46000 പേർ ഇത്ര മഹത്തായ ഉദ്യമത്തിൽ പങ്കെടുത്തതിൽ ആഹ്ലാദവും അഭിമാനവും ഉണ്ടെന്നും ജോലി ചെയ്യാനും താമസിക്കാനും ലോകത്തിലെ ഏറ്റവും യോജ്യമായ സ്ഥലം ദുബായ് ആണെന്ന് ഇത് ലോകത്തോട് വിളിച്ചുപറയുകയാണെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറച്ചു. ഇതിൽ പങ്കെടുത്ത വ്യക്തികളെയും സംഘടനകളെയും സർക്കാർ വകുപ്പുകളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.