ADVERTISEMENT

അബുദാബി∙ വിതരണക്കാരും ഇടപാടുകാരും തമ്മിലുള്ള ഇമെയിൽ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘം വ്യാപകമായതിനാൽ ഇ–മെയിൽ ആശയവിനിമയത്തിൽ ജാഗ്രത പാലിക്കണമെന്ന് സൈബർ വിദഗ്ധർ. വിതരണക്കാരുടെയും ഇടപാടുകാരുടെയും ഇമെയിൽ സന്ദേശങ്ങൾ ഹാക്ക് ചെയ്യുന്ന സംഘം വിദേശം, ജിസിസി, പ്രാദേശികം എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് സൈബർസുരക്ഷാ വിദഗ്ധനും അബുദാബി ഇസ്‌ലാമിക് ബാങ്ക് ഗ്രൂപ്പ് ചീഫ് സെക്യൂരിറ്റി ഇൻഫർമേഷൻ ഓഫിസറുമായ ഇല്യാസ് കൂളിയങ്കാൽ പറഞ്ഞു.

ഇമെയിലുമായി സാമ്യമുള്ള വ്യാജ മെയിലുണ്ടാക്കിയാണ് ഇടപാടുകൾ. നേരത്തെ നടത്തിയ ഇടപാടുകളുടെ തുടർച്ചയായി തട്ടിപ്പുകാർ ഇമെയിൽ അയയ്ക്കുന്നതോടെ സംശയത്തിന് ഇടമില്ലാത്തവിധം കുരുക്ക് മുറുക്കും. ഇതേസമയം യഥാർഥ വിതരണക്കാരനുമായി  ഇടപാടുകാരുടെ ഇമെയിൽ ബന്ധം തടസ്സപ്പെടുത്തുകയും ചെയ്യും.

ഇ–മെയിൽ അക്ഷരങ്ങളിലെ വ്യത്യാസം മനസ്സിലാകാതെ പണമിടപാട് നടത്തുന്നവർക്ക് പണം നഷ്ടപ്പെടും. വിദേശ രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം തട്ടിയെടുത്തതെങ്കിൽ വീണ്ടെടുക്കൽ പ്രയാസമാണെന്ന് ഇല്യാസ് പറയുന്നു. പണം ലഭിച്ച രാജ്യത്ത് കേസ് നൽകി  അക്കൗണ്ട് മരവിപ്പിക്കാനായാൽ അപൂർവം ചില കേസുകളിൽ പണം തിരിച്ചുകിട്ടും. 

പണം കൈമാറും മുൻപ്

∙ ധനകാര്യം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക്  സൈബർ തട്ടിപ്പുകളെക്കുറിച്ച് കാലോചിത പരിശീലനം നൽകുക.

∙ യഥാർഥ ഇടപാടുകാരുമായാണ് ആശയവിനിമയമെന്ന് ആവർത്തിച്ച് ഉറപ്പുവരുത്തുക.

∙ ഇമെയിലിനെ മാത്രം ആശ്രയിച്ച് പണമിടപാട് നടത്താതിരിക്കുക.  പ്രസ്തുത കമ്പനിയുടെ റജിസ്റ്റേർഡ് നമ്പറിൽ ഫോണിൽ വിളിച്ച് പണം അയയ്ക്കുന്നത് അറിയിക്കുക.

∙ മറ്റൊരു അക്കൗണ്ടിലേക്കു പണം അയയ്ക്കാൻ ആവശ്യപ്പെട്ടാൽ ഉത്തരവാദപ്പെട്ടവരെ വിളിച്ച് ഉറപ്പുവരുത്തുക.

∙ ഇടപാടിൽ സംശയം ഉണ്ടെങ്കിൽ കോൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുക.

∙ വരുന്ന മെയിലുകളുടെ സോഴ്സ് അഡ്രസ് പരിശോധിക്കുക. റജിസ്റ്റേർഡ് ഇ–മെയിലിലേക്ക് സന്ദേശം അയച്ച് പരിശോധിക്കുക.

∙ ഫിഷിങ്, സ്പാം ഇമെയിലുകൾക്കെതിരെ ജാഗ്രത പാലിക്കുക. 

∙ തീരുമാനമെടുക്കുന്നതിന് മുൻപ് ആവർത്തിച്ചു ഉറപ്പുവരുത്തുക.

പണം മാറ്റുന്നത് മ്യൂൾ അക്കൗണ്ട് വഴി 

ദുബായ് ∙ പ്രാദേശിക ബാങ്കുകളിൽ വ്യാജരേഖകൾ നൽകിയോ സ്ഥലത്തില്ലാത്തവരുടെ രേഖകൾ കാണിച്ചോ തയാറാക്കുന്ന  മ്യൂൾ അക്കൗണ്ടുകളാണ് തട്ടിപ്പുകാർ പണം ട്രാൻസ്ഫർ ചെയ്യാനായി ഉപയോഗിക്കുന്നത്.  ട്രാൻസ്ഫർ ചെയ്ത ഉടൻ തന്നെ തട്ടിപ്പുകാർ ഈ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കും. തട്ടിപ്പ് ബോധ്യപ്പെട്ടാൽ ഉടൻ പൊലീസിലും ബാങ്കിലും സെൻട്രൽ ബാങ്കിലും പരാതിപ്പെട്ട് പണം വീണ്ടെടുക്കാനുള്ള നടപടി ആരംഭിക്കണം.

പരാതിപ്പെടാം

∙ ടോൾ ഫ്രീ: 800 2626

∙ എസ്എംഎസ്: 2828

∙ ഇമെയിൽ: aman@adpolice.gov.ae

∙ സ്മാർട് ആപ്: Abu Dhabi Police smart app

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com