ADVERTISEMENT

ദുബായ്∙ സുസ്ഥിര വികസനം ലക്ഷ്യമാക്കി യുഎഇ അടക്കമുള്ള അറബ് രാജ്യങ്ങൾ രൂപീകരിച്ച വ്യവസായ സഖ്യത്തിൽ ബഹ്റൈനും പങ്കാളിയായി. ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയിൽ ചേർന്ന സഖ്യ രാഷ്ട്രങ്ങളുടെ യോഗത്തിൽ 27,134 കോടി രൂപയുടെ 12 വ്യവസായ പദ്ധതികളുടെ സാധ്യത പഠനത്തിന് അംഗീകാരം നൽകി.

 

കൃഷി, വളം, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് 87 പദ്ധതികളുടെ നിർദേശവും യോഗത്തിലെത്തി. ആഭ്യന്തര ഉൽപാദനത്തിൽ 64.56 ലക്ഷം കോടി രൂപയുടെ വർധനയാണ് വ്യവസായ സഖ്യത്തിലൂടെ ഓരോ രാജ്യവും ലക്ഷ്യമിടുന്നത്. ബഹ്റൈൻ ചേർന്നതോടെ അലുമിനിയം കയറ്റി അയയ്ക്കുന്ന രാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായി അറബ് സഖ്യം മാറി.

 

മേഖലയിൽ ഏറ്റവും കൂടുതൽ അലുമിനിയവും ഇരുമ്പയിരും ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ബഹ്റൈൻ. 9500 കമ്പനികളും 55000 ജീവനക്കാരും 34323 കോടി രൂപയുടെ വിദേശ നിക്ഷേപവും ഈ മേഖലയിൽ ബഹ്റൈനുണ്ട്.സംയുക്ത വ്യവസായ പദ്ധതികൾ, പുതിയ തൊഴിലവസരങ്ങൾ, രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച, സാമ്പത്തിക രംഗത്തിന്റെ വൈവിധ്യവൽക്കരണം, കയറ്റുമതി വർധന എന്നിവയാണ് സഖ്യത്തിന്റെ ലക്ഷ്യം.

 

വ്യവസായ രംഗത്ത് സ്വയം പര്യാപ്തത എന്നതും സഖ്യത്തിന്റെ ലക്ഷ്യങ്ങളിൽ പ്രധാനമാണ്. സാങ്കേതിക വിദ്യാ കൈമാറ്റവും വിപണികൾ തുറന്നു കൊടുക്കലും ഇതിൽ ഉൾപ്പെടും. വ്യവസായ മേഖലയിലെ സഹകരണം അറബ് മേഖലയിലെ രാജ്യങ്ങളുടെ രാഷ്ട്രീയ സഖ്യമായി കൂടി വളരുമെന്നാണ് യോഗം നൽകുന്ന സൂചന. ബഹ്റൈന്റെ കടന്നു വരവ് സഖ്യത്തിനു പുതിയ ഉണർവേകി. ബഹ്റൈന്റെ തുറമുഖവും വിദേശ നിക്ഷേപത്തിനായി തുറന്ന വ്യവസായ മേഖലയും സഖ്യ രാജ്യങ്ങളുടെ വളർച്ചയ്ക്കു കൂടി ഉപകാരപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com