ഒറ്റയടിക്ക് യുഎഇയിൽ 1400 ബസ് വിറ്റ് അശോക് ലെയ്‌ലൻഡ്; നടന്നത് 400 കോടി രൂപയുടെ ഇടപാട്
Mail This Article
ദുബായ്∙ യുഎഇ വാഹന വിപണിയിൽ 1400 ബസുകൾ ഒരുമിച്ച് വിറ്റ് ഇന്ത്യൻ വാഹന നിർമാതാക്കളായ അശോക് ലെയ്‌ലൻഡ്. മുഴുവൻ ബസുകളും സ്കൂൾ ആവശ്യങ്ങൾക്കായി ഉപയോഗിക്കും. യുഎഇയിലെ സ്കൂൾ ട്രാൻസ്പോർട് സൊലൂഷൻസും എമിറേറ്റ്സ് ട്രാൻസ്പോർട്ടുമാണ് ബസുകൾ വാങ്ങിയത്. ഒരു ബസിന് 2 ലക്ഷം ദിർഹമാണ് വില (43.30 ലക്ഷം രൂപ). മൊത്തം 400 കോടി രൂപയുടെ ഇടപാടാണ് നടന്നത്.
റാസൽഖൈമയിൽ അശോക് ലെയ്‌ലൻഡിന്റെ നിർമാണ യൂണിറ്റിലാണ് മുഴുവൻ ബസുകളും നിർമിച്ചത്. നിർമാണത്തിന് ആവശ്യമായ വസ്തുക്കളുടെ 55 ശതമാനവും യുഎഇയിൽ നിന്നു തന്നെ വാങ്ങിയതാണ്, ബാക്കി മാത്രമാണ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തതെന്ന് എക്സിക്യൂട്ടിവ് ചെയർമാൻ ധീരജ് ഹിന്ദുജ ‘മനോരമ’യോടു പറഞ്ഞു. ഇന്ത്യയിലും യുകെയിലും വിപണിയിലിറക്കിയ ഇലക്ട്രിക് ബസുകൾ വൈകാതെ ഗൾഫ് രാജ്യങ്ങളിലും അവതരിപ്പിക്കും.
ഇലക്ട്രിക് ബസുകളുടെ ചെറുപതിപ്പ് സ്വിച്ച് എന്ന പേരിൽ ഗൾഫ് രാജ്യങ്ങളിൽ പരീക്ഷണ ഓട്ടം നടത്തുകയാണ്. ഗൾഫിലെ ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ കഴിയുന്ന ബാറ്ററികൾ നിർമിക്കുന്നതാണ് വെല്ലുവിളി. ബാറ്ററികൾക്ക് ചൂടിനെ പ്രതിരോധിക്കാൻ ശേഷി കൈവരിക്കുന്നതോടെ ഗൾഫ് രാജ്യങ്ങളിലും ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ ബസ് വിപണിയിലെ 70% അശോക് ലെയ്‌ലൻഡിനാണ്. ഇന്ത്യൻ വിപണിയിൽ 30 ശതമാനവും. റാസൽഖൈമയിലെ പ്ലാന്റിൽ വർഷം 5000 വാഹനങ്ങളാണ് നിർമിക്കുന്നത്. നിർമാണ യൂണിറ്റ് അതിന്റെ പരമാവധി ഉൽപാദനത്തിൽ എത്തി. പുതിയ യൂണിറ്റ് തുടങ്ങുന്നതിന്റെ നടപടികൾ പുരോഗമിക്കുകയാണ്.
കാർ നിർമാണത്തിലേക്കില്ല
ഇലക്ട്രിക് ബസുകൾ പുതിയ കാലത്തിന് അനുസരിച്ചുള്ള രൂപത്തിലാണ് ഇറക്കിയിരിക്കുന്നത്. പുതിയ രൂപത്തിലേക്കു മാറുമ്പോൾ നിർമാണ ചെലവിൽ വർധനയുണ്ടാകും. ഇത് ബസുകളുടെ വില കൂട്ടും. പോക്കറ്റ് ചോരാത്ത വിലയിൽ ബസുകൾ ഇറക്കുന്നതാണ് കമ്പനിയുടെ ജനപ്രീതിയുടെ അടിസ്ഥാനം. പരമ്പരാഗത രൂപം മാറാത്തതിന്റെ കാരണം അതാണ്. ബസ്, ലോറി നിർമാണത്തിൽ നിന്ന് മാറില്ല. കാർ നിർമാണം മറ്റൊരു വ്യവസായ മേഖലയാണ്. അതിലേക്കു കടക്കുന്നില്ല. കൂടുതൽ വാഹനങ്ങൾ നിർമിക്കുന്നതിൽ ചിപ്പുകളുടെയും സെമി കണ്ടക്ടറുകളുടെയും ക്ഷാമം തിരിച്ചടിയാണ്. തായ്‌വാനിലെയും ചൈനയിലേയും ചിപ്പ് നിർമാണ കമ്പനികൾ ഉൽപാദനം ഇരട്ടിയാക്കിയിട്ടും തികയുന്നില്ല. എന്നാൽ, പുതിയ കണക്ക് പ്രകാരം ചിപ്പുകളുടെയും സെമി കണ്ടക്ടറുകളുടെയും ക്ഷാമം മാറുന്നുണ്ട്- ധീരജ് ഹിന്ദുജ, എക്സിക്യൂട്ടിവ് ചെയർമാൻ