പാർശ്വവൽകരിക്കപ്പെട്ടവന്റെ കലാരൂപം ശീതങ്കൻ തുള്ളൽ
Mail This Article
അബുദാബി∙ പാർശ്വവൽകരിക്കപ്പെട്ടവന്റെ കലാരൂപമാണ് ശീതങ്കൻ തുള്ളലെന്ന് മുംബൈ കേളിയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ രാമചന്ദ്രൻ പറഞ്ഞു. അബുദാബി കേരള സോഷ്യൽ സെന്ററിന്റെ (കെ.എസ്.സി) സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഉത്സവത്തിൽ ശീതങ്കൻ തുള്ളലിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കലാമണ്ഡലം പ്രീജയാണ് ശീതങ്കൻ തുള്ളൽ അവതരിപ്പിച്ചത്.
ശീതം എന്നാൽ പതിയെ എന്നാണർഥം. പാർശ്വവൽകരിക്കപ്പെട്ട ഒരു ജാതിയുടെ പേരുകൂടിയാണ് ശീതങ്കൻ. കുരുത്തോല ഉപയോഗിച്ച് പ്രകൃതിയോട് കൂടുതൽ ഇണങ്ങും വിധമുള്ള വേഷവിധാനം ഇതിനെ വ്യത്യസ്തമാക്കുന്നു. മഹാഭാരതത്തിലെ കല്യാണസൗഗന്ധികം ആണ് ശീതങ്കൻ തുള്ളലിനു വിഷയമായത്. കല്യാണസൗഗന്ധികം അന്വേഷിച്ചു ഭീമസേനൻ പോകുന്നതും വഴിയിൽ ഹനുമാനെ കണ്ടുമുട്ടുന്നതും തുടർന്ന് അവർ തമ്മിലുള്ള സംവാദവുമാണ് കഥ.
രണ്ട് ഭാഗങ്ങളും തന്മയത്വത്തോടെ അഭിനയിച്ച കലാമണ്ഡലം പ്രീജയുടെ കഴിവിനെ കാണികൾ മുക്തകണ്ഠം പ്രശംസിച്ചു. കലാമണ്ഡലം നയനൻ, കലാമണ്ഡലം ഷർമിള (വായ്പ്പാട്ട്), കലാമണ്ഡലം രാജീവ് സോണ (മൃദംഗം), കലാമണ്ഡലം അരുൺദാസ് (ഇടയ്ക്ക) എന്നിവരും മികച്ച പിന്തുണ നൽകി.
സമാപന ചടങ്ങിൽ കെ.എസ്.സി പ്രസിഡന്റ് വി.പി കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് റോയ് ഐ വർഗീസ്, ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ, ട്രഷറർ നികേഷ് വലിയവളപ്പിൽ, കലാവിഭാഗം സെക്രട്ടറി നിഷാംവെള്ളുത്തടത്തിൽ, ലൈബ്രേറിയൻ സജീഷ് നായർ, അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി ലതീഷ് ശങ്കർ എന്നിവർ പങ്കെടുത്തു.