ഫേഷ്യൽ ബയോമെട്രിക് പേയ്‌മെന്റ് ഇടപാടുമായി ഖത്തർ നാഷനൽ ബാങ്ക്
Mail This Article
ദോഹ∙ബാങ്ക് കാർഡോ മൊബൈൽ ഫോണോ ഉപയോഗിക്കാതെ ഉപഭോക്താവിന്റെ മുഖം തിരിച്ചറിഞ്ഞ് പേയ്‌മെന്റ് നടപടികൾ വേഗത്തിലാക്കുന്നതിനുള്ള പുതിയ ഫേഷ്യൽ ബയോമെട്രിക് പേയ്‌മെന്റ് സംവിധാനത്തിന് തുടക്കമിട്ട് ഖത്തർ നാഷനൽ ബാങ്ക്. രാജ്യത്തെ വ്യാപാരികൾക്ക് പേയ്‌മെന്റ് നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംവിധാനം.
Read also: യുഎഇയിൽ ഇനി അനിശ്ചിതകാല കരാർ ഇല്ല; തൊഴിൽ കരാറുകൾക്ക് കാലപരിധി
ബാങ്ക് കാർഡോ മൊബൈൽ ഫോണോ ഇല്ലാതെ തന്നെ ഉപഭോക്താവിന്റെ മുഖം തിരിച്ചറിഞ്ഞ് പണമടയ്ക്കാനുള്ള നടപടികൾ എളുപ്പമാക്കുന്ന സാങ്കേതികവിദ്യയാണിത്. കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും സുരക്ഷിതമായും പണം അടയ്ക്കാൻ ഫേഷ്യൽ ബയോമെട്രിക് സംവിധാനം ഗുണകരമാണ്. പുതിയ സേവനം ലഭിക്കാൻ ഒറ്റത്തവണ സൈൻ-അപ്പ് ചെയ്യുന്നതിനായി ഉപഭോക്താക്കൾ തങ്ങളുടെ ഫോൺ നമ്പറും കാർഡിലെ വിശദാംശങ്ങളും നൽകുന്നതിന് മുൻപായി സ്മാർട് ഫോൺ ഉപയോഗിച്ച് സെൽഫി എടുത്ത് പ്രൊഫൈൽ ഉണ്ടാക്കണം.
സൈൻ-അപ്പ് പൂർത്തിയാക്കി കഴിയുന്നതോടെ കാർഡ് നമ്പർ ഫേഷ്യൽ ബയോമെട്രിക് ടംപ്ലേറ്റുമായി സുരക്ഷിതമായി ബന്ധിപ്പിക്കും. ഇതിനായി പരമാവധി 2 മിനിറ്റ് മതി. തുടർന്ന് ചുരുങ്ങിയ സമയം കൊണ്ട് പെയ്‌മെന്റ് നടത്താം. ബാങ്ക് ശാഖകളിൽ തന്നെ പുതിയ സംവിധാനത്തിലേക്ക് സൈൻ-അപ്പ് ചെയ്യാനുള്ള സൗകര്യമുണ്ട്. മധ്യപൂർവദേശത്തെയും ആഫ്രിക്കയിലെയും (മിന) ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ഖത്തർ നാഷനൽ ബാങ്ക്.