ADVERTISEMENT

ദോഹ∙ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് കരുത്തേകുന്നതിൽ സ്വകാര്യ മേഖലയ്ക്ക് ഗണ്യമായ പങ്ക്. ഭക്ഷ്യ ഉൽപാദനം, സംസ്‌കരണം, സംഭരണം എന്നിവയിൽ സ്വകാര്യ മേഖല വലിയ സംഭാവന നൽകുന്നു. ഇക്കാര്യങ്ങളിൽ സ്വകാര്യ മേഖലയെ സർക്കാർ പിന്തുണയ്ക്കുന്നുമുണ്ട്.

 

രാജ്യാന്തര വ്യാപാരവും ലോജിസ്റ്റിക്‌സും, ആഭ്യന്തര ഉൽപന്നങ്ങളുടെ സ്വയം പര്യാപ്തത, ആഭ്യന്തര വിപണി, തന്ത്രപരമായ കരുതൽ എന്നിങ്ങനെ 4 ഘടകങ്ങളെ ആശ്രയിച്ചാണ് രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാ നയം. വിപണിയുടെ ആവശ്യകത നിറവേറ്റാൻ സ്വകാര്യ മേഖലയുടെ പ്രവർത്തനങ്ങളിലൂടെ സാധ്യമാകുന്നുണ്ടെന്ന് നഗരസഭ മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് മേധാവി ഡോ. മസൗദ് അൽമാരി വ്യക്തമാക്കി.

 

ആഗോള സുസ്ഥിരത വികസന റിപ്പോർട്ട്-2023 എന്ന പേരിൽ നടന്ന അറബ് മേഖലാ-വെസ്റ്റ് ഏഷ്യൻ റീജനൽ സമ്മേളനത്തിൽ പങ്കെടുക്കവേയാണ്  ഡോ. അൽമാരി സ്വകാര്യ മേഖലയുടെ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞത്. നഗരസഭ മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ്  രണ്ടാമത് ദേശീയ ഭക്ഷ്യ സുരക്ഷാ നയം (2023-2030) വികസിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

 

രാജ്യാന്തര വ്യാപാരത്തിൽ, പ്രത്യേകിച്ചും  പതിവായി ഇറക്കുമതി ചെയ്യേണ്ടി വരുന്ന വേഗത്തിൽ കേടുവരുന്നതും അല്ലാത്തതുമായ ഉൽപന്നങ്ങളുടെ കാര്യത്തിലും സ്വകാര്യ മേഖല നിർണായക പങ്കു വഹിക്കുന്നുണ്ട്. ഭക്ഷ്യസാധനങ്ങളുടെ കരുതൽ സൗകര്യത്തിന്റെ കൃത്യമായ പ്രവർത്തനത്തിനായി സ്വകാര്യ മേഖലയുമായി സഹകരിച്ചുള്ള സംവിധാനവും രാജ്യത്തിനുണ്ട്.

 

സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് സഹായകമാകുന്ന കേന്ദ്രമായി മാറാൻ ഹമദ് തുറമുഖത്ത് വൻകിട ഭക്ഷ്യ സുരക്ഷാ സംഭരണകേന്ദ്രം ആരംഭിക്കുന്നതിനുള്ള പദ്ധതി പുരോഗതിയിലാണ്. കേന്ദ്രത്തിന്റെ പ്രവർത്തന ചുമതല സ്വകാര്യ മേഖലയ്ക്ക് നൽകാനുള്ള നടപടികളും പുരോഗമിക്കുന്നു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ ഫലപ്രദമായ നടപടികളും പദ്ധതികളുമാണ് മന്ത്രാലയം സ്വീകരിക്കുന്നത്.

 

യുകെ ആസ്ഥാനമായുള്ള ഇക്കോണമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ കഴിഞ്ഞ വർഷത്തെ ആഗോള ഭക്ഷ്യ സുരക്ഷാ സൂചികയിൽ 113 രാജ്യങ്ങളുടെ പട്ടികയിൽ അറബ് രാജ്യങ്ങൾക്കിടയിൽ ഒന്നാമതും ആഗോള തലത്തിൽ 24-ാം സ്ഥാനത്തുമാണ് ഖത്തർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com