ADVERTISEMENT

ദോഹ∙ പ്രാദേശികമായി ഉൽപാദിപ്പിച്ച ഫ്രഷ് പച്ചക്കറികൾ വിപണിയിൽ സുലഭം.  പ്രാദേശിക ഫാമുകളിൽ നിന്ന് വിപണിക്കാവശ്യമായ  ശുദ്ധ പച്ചക്കറികൾ യഥേഷ്ടം ലഭിക്കുന്നതിനാൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള പച്ചക്കറി ഇറക്കുമതിയിൽ വലിയ കുറവ് വരുത്തി. ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളെ ആശ്രയിക്കാതെ തന്നെ വിപണിയുടെ ആവശ്യകത നിറവേറ്റാൻ പ്രാദേശിക ഫാമുകൾക്ക് കഴിയുന്നുണ്ട്.

Also read: റെക്കോർഡിട്ട് ഖത്തർ; നൂറിരട്ടിയായി വിമാനയാത്രികർ

ഇടവിട്ടുള്ള മഴയും കാറ്റും ഫാമുകളിലെ കൃഷിയെ ബാധിച്ചിട്ടുണ്ടെങ്കിലും പച്ചക്കറി ലഭ്യതയിൽ കുറവു വന്നിട്ടില്ല. ഫാമുകളിൽ ഉൽപാദനം ഉഷാർ ആയതിനാൽ ഏപ്രിൽ അവസാനം വരെ പച്ചക്കറി ഇറക്കുമതിയുടെ ആവശ്യം വേണ്ടി വരില്ലെന്നാണ് കച്ചവടക്കാരുടെ കണക്കുകൂട്ടൽ. ഇറക്കുമതി കുറച്ചത് പ്രവർത്തന ചെലവും കുറച്ചിട്ടുണ്ട്. നിലവിൽ പച്ചക്കറി വിപണിയിൽ ഏകദേശം 90 ശതമാനവും പ്രാദേശിക ഫാമുകളിൽ നിന്നുള്ളവയാണ്.

തക്കാളി, കാപ്‌സിക്കം, കോളിഫ്‌ളവർ, വഴുതനങ്ങ, ലെറ്റൂസ് എന്നിവയെല്ലാം പ്രാദേശിക ഫാമുകളിൽ നിന്ന് എത്തുന്നതിനാൽ ഇവയുടെ ഇറക്കുമതിയും നിർത്തി. ശൈത്യകാലമായതിനാൽ നഗരസഭ മന്ത്രാലയത്തിന്റെ കാർഷിക ചന്തകളിലും മഹാസീൽ മാർക്കറ്റുകളിലുമെല്ലാം പച്ചക്കറികൾ സുലഭമാണ്. പ്രാദേശിക പച്ചക്കറികളുടെ മഹാസീൽ വാരാന്ത്യ വിപണി കത്താറയിലും സജീവമാണ്. പച്ചക്കറി ലഭ്യത ഉയർന്നതോടെ വിലയിലും  കുറവുണ്ട്.

വ്യവസായ-വാണിജ്യ മന്ത്രാലയമാണ് പച്ചക്കറികളുടെ വില നിശ്ചയിക്കുന്നത്. മന്ത്രാലയത്തിന്റെ പ്രതിദിന വിലവിവര പട്ടിക അനുസരിച്ച് മാത്രമേ വില ഈടാക്കാനാകൂ.  മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയിലാണ് ഹൈപ്പർമാർക്കറ്റുകളിലെ വിൽപന. തക്കാളി കിലോയ്ക്ക് 3 റിയാൽ (67 ഇന്ത്യൻ രൂപ), വഴുതനങ്ങ 3.50 റിയാൽ (78 ഇന്ത്യൻ രൂപ), കാബേജ് 2 റിയാൽ, കുക്കുംബർ 5 റിയാൽ (111 രൂപ 35 പൈസ) എന്നിങ്ങനെയാണ് ഇന്നലത്തെ നിരക്ക്.

സെൻട്രൽ മാർക്കറ്റുകളിൽ നിന്ന് 3-4 കിലോയുടെ ബോക്‌സ് പച്ചക്കറികൾ വാങ്ങുന്നതും ലാഭം തന്നെയാണ്. ശൈത്യകാലമായതിനാൽ പച്ചക്കറികളേക്കാൾ ചിക്കൻ, മട്ടൺ, ബീഫ് എന്നിവയ്ക്കാണ് ഡിമാൻഡ് കൂടുതൽ. പനി, ചുമ തുടങ്ങിയ ശൈത്യകാല ആരോഗ്യ പ്രശ്‌നങ്ങൾ വ്യാപകമായതിനാൽ പഴ വർഗങ്ങൾക്കും വിൽപന കുറഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com