അബുദാബി–കോഴിക്കോട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം ശനിയാഴ്ച പുലർച്ചെ പുറപ്പെടും
Mail This Article
ദുബായ് ∙ അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ടേക്ക് ഒാഫ് ചെയ്ത ശേഷം അവിടെ തന്നെ സുരക്ഷിതമായി തിരിച്ചിറക്കേണ്ടി വന്ന അബുദാബി –കോഴിക്കോട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം (െഎഎക്സ്348) സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് യുഎഇ സമയം നാളെ (4 ശനി) പുലർച്ചെ 1.45ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ ഇന്നു രാത്രി 10.45ന് അബുദാബി രാജ്യാന്തര വിമാനത്താവളം ടെർമിനൽ 1 എയില്‍ റിപ്പോർട്ട് ചെയ്യണം. യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കുമെന്നു അധികൃതർ അറിയിച്ചിരുന്നു.
Also Read: എൻജിനിൽ തീ; അബുദാബി-കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി
എൻജിനിൽ തീ കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എല്ലാ നടപടിക്രമങ്ങളും പാലിച്ച് വിമാനം 184 യാത്രക്കാരുമായി പറന്നുയരുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തുകയും സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നു അധികൃതർ അറിയിച്ചു. പ്രോട്ടോക്കോൾ അനുസരിച്ച് ഇത് ഇവന്റ് റെഗുലേറ്ററി അധികാരികൾക്ക് റിപ്പോർട്ട് ചെയ്തിരുന്നു. അതിഥികൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.