‘സ്വന്തം ആകാശം’; രാജ്യത്തിന്റെ വ്യോമ മേഖലയുടെ പൂർണ നിയന്ത്രണം സ്വന്തമാക്കി ഖത്തർ
Mail This Article
ദോഹ∙രാജ്യത്തിന്റെ വ്യോമ മേഖലയുടെ പൂർണ നിയന്ത്രണം ഇനി ഖത്തറിന്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഖത്തറിന് സ്വന്തമായി വ്യോമ മേഖല-ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജൻ (എഫ്‌ഐആർ)- യാഥാർഥ്യമായത്.
Also read: ഖത്തറില്‍ കെട്ടിടം തകർന്നത് അറ്റകുറ്റപ്പണിക്കിടെ; പ്രാഥമിക അന്വേഷണം നടത്തി
2 ഘട്ടങ്ങളായാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലെ ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ(ഐസിഎഒ) പദ്ധതി പ്രഖ്യാപിച്ചത്. ഇത് പൂർണമായതോടെ ദോഹ വ്യോമ മേഖലയുടെ പൂർണ 'ഉത്തരവാദിത്വമുള്ള അതോറിറ്റി'യായി ഖത്തർ മാറി. ദോഹ എഫ്‌ഐആർ 'എ' യുടെ നിയന്ത്രണം മാത്രമായിരുന്നു തുടക്കത്തിൽ ലഭിച്ചിരുന്നത്. രണ്ടാം ഘട്ടം വിജയകരമായതോടെ ഏരിയ 'എ'യും 'ബി'യും ഉൾപ്പെടെയുള്ള ദോഹ വ്യോമ മേഖല പൂർണമായി.
ഏരിയ 'എ' യിൽ സമുദ്രനിരപ്പു മുതൽ മുകളിലേക്ക് എത്ര ഉയരം വരെയുമുള്ള ആകാശത്തിന്റെ പൂർണ നിയന്ത്രണം ഇനി ഖത്തറിനാണ്. രാജ്യാന്തര സമുദ്രത്തിനു മുകളിലുള്ള ആകാശവും ഇതിൽ ഉൾപ്പെടും. ഏരിയ 'ബി'യിൽ നിലവിൽ 24,500 അടി വരെയാണ് അധികാരം ലഭിക്കുക. രണ്ടു കൊല്ലത്തിനുള്ളിൽ ഈ മേഖലയിലും ഖത്തറിന് ഉയര പരിധിയില്ലാത്ത നിയന്ത്രണം ലഭിക്കും. വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് സ്വന്തം പേരിലുള്ള എയർസ്‌പേസ് ലഭിച്ചത്.
പതിറ്റാണ്ടുകൾക്ക് ശേഷമാണ് വ്യോമ ഭൂപടത്തിൽ മാറ്റം വരുന്നത്. ബഹ്റൈന്റെ എയർസ്പേസ് ചുരുക്കി, ഖത്തറിന് സ്വന്തമായി വ്യോമമേഖല വേർതിരിച്ചു നൽകിയത് രാജ്യ ചരിത്രത്തിലെ നാഴികക്കല്ലാണ്. സൗദി അറേബ്യ, ബഹ്‌റൈൻ, യുഎഇ രാജ്യങ്ങളുമായി ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജൻ (എഫ്‌ഐആർ) കരാറിൽ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി ഒപ്പുവച്ചതോടെ കഴിഞ്ഞ സെപ്റ്റംബറിൽ ഖത്തറിന് സ്വന്തമായി വ്യോമ മേഖല നിലവിൽ വന്നിരുന്നു. ഇതോടെ ബഹ്‌റൈൻ വ്യോമമേഖല വിഭജിക്കുകയായിരുന്നു.
നേരത്തെ ഖത്തറിന്റെ മുകളിലുള്ള എയർസ്പേസിന്റെ നിയന്ത്രണം ബഹ്റൈനായിരുന്നു. 2017 ൽ ബഹ്റൈൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് സ്വന്തമായി വ്യോമമേഖല എന്ന ആവശ്യം ഖത്തർ മുന്നോട്ടുവയ്ക്കുന്നത്. ഉപരോധം ആകാശത്തും പൂർണമായി നടപ്പാക്കിയാൽ ഖത്തർ വിമാനങ്ങൾക്ക് പുറത്തേക്കു പറക്കാനാകാത്ത സ്ഥിതിയായിരുന്നു. ഇതോടെയാണ് രാജ്യങ്ങളുടെ വ്യോമാതിർത്തി നിശ്ചയിക്കുന്ന യുഎന്നിലെ ഐസിഎഒയെ ഖത്തർ സമീപിച്ചതും ശ്രമം വിജയം കണ്ടതും.