ADVERTISEMENT

അബുദാബി∙ സാംക്രമികേതര രോഗങ്ങളെ ചെറുത്ത് ആരോഗ്യകരമായ ജീവിത ശൈലി ഉറപ്പാക്കുന്നതിന് യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രാ സെനക്കയുമായി കരാർ ഒപ്പിട്ടു. ലോകോത്തര ആരോഗ്യ പരിപാലന സംവിധാനം വികസിപ്പിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

 

ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് ശിൽപശാല ഉൾപ്പെടെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കും. സാംക്രമികേതര രോഗങ്ങളെ ചെറുക്കുന്നതിനുള്ള പദ്ധതികളുടെ ആസൂത്രണം, നടപ്പാക്കൽ, തന്ത്രപരമായ തുടർനടപടികൾ എന്നിവയാണ് സംയുക്തമായി ഉറപ്പുവരുത്തുക. അർബുദം, ഹൃദ്രോഗം, വൃക്ക രോഗം ശ്വാസകോശ രോഗങ്ങൾ തുടങ്ങി സുപ്രധാന മേഖലകളിൽ ഊന്നിയായിരിക്കും പ്രവർത്തനങ്ങൾ. 

 

ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ പൊതു ആരോഗ്യവിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൽ റഹ്മാൻ അൽ റാൻഡും അസ്ട്രാ സെനക്ക എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് റൂഡ് ഡോബറും ഒപ്പുവച്ചു. ലോകോത്തര ആരോഗ്യ പരിരക്ഷാ സംവിധാനത്തിലൂടെ വ്യക്തികളുടെയും സമൂഹത്തിന്റെയും ജീവിതനിലവാരം മെച്ചപ്പെടുത്താൻ കരാർ സഹായിക്കുമെന്നു ഡോ. അൽ റാൻഡ് പറഞ്ഞു.

 

യുഎഇയിലുള്ളവർക്ക് ഗുണനിലവാരമുള്ള ആരോഗ്യസേവനം ഉറപ്പാക്കാൻ പുതിയ സഹകരണം വഴിവയ്ക്കുമെന്ന് ആസ്ട്രാ സെനക്കയുടെ ജിസിസി കൺട്രി പ്രസിഡന്റ് സാമിഹ് എൽ ഫാംഗറി പറഞ്ഞു. സർക്കാർ. സ്വകാര്യ മേഖലകൾ തമ്മിലുള്ള ക്രിയാത്മകമായ സഹകരണം ജനങ്ങളുടെ ജീവിതത്തിലും ആരോഗ്യത്തിലും ക്രിയാത്മകമായി പ്രതിഫലിക്കുമെന്നും കൂട്ടിച്ചേർത്തു. സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷിതത്വവും വർധിപ്പിക്കുന്നതായിരിക്കും തന്ത്രപരമായ പ്രവർത്തനങ്ങൾ. യുഎഇയുടെ പൊതു ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇതു സഹായകമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com