ADVERTISEMENT

ജിദ്ദ∙ മേഖലയുടെ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് അറബ് ഐക്യം ശക്തിപ്പെടണമെന്ന ജിദ്ദ പ്രഖ്യാപനത്തോടെ അറബ് ലീഗ് ഉച്ചകോടി സമാപിച്ചു. ഒരു പതിറ്റാണ്ടിനുശേഷം ആദ്യമായാണ് 22 രാജ്യ പ്രതിനിധികൾ അറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. അറബ് ലോകത്തും പുറത്തും സുരക്ഷിതത്വവും സ്ഥിരതയും നേടാനുള്ള ശ്രമം തുടരുമെന്നും ഉച്ചകോടി ആവർത്തിച്ചു.

ഇസ്രയേൽ–പലസ്തീൻ സംഘർഷം, സുഡാനിലെ ആഭ്യന്തര യുദ്ധം, യെമനിലെ സമാധാന ശ്രമങ്ങൾ, ലിബിയയിലെ അസ്ഥിരത, ലബനനിലെ രാഷ്ട്രീയ സാഹചര്യം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്തു.


Read Also: കേരളത്തിൽ കാണപ്പെടുന്ന ചിത്രശലഭം ഗൾഫിലെത്തി; ശലഭത്തെ കണ്ടെത്തിയവരിൽ മലയാളിയും 

 2011ൽ സസ്പെൻഡ് ചെയ്ത ശേഷം ആദ്യമായി സിറിയ പങ്കെടുത്ത ഉച്ചകോടി എന്ന പ്രത്യേകതയുമുണ്ട്. സിറിയ പ്രസിഡന്റ് ബഷാർ അൽ അസദിന് ഊഷ്മള സ്വീകരണമാണ് ഉച്ചകോടി നൽകിയത്.

പലസ്തീൻ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായാൽ മാത്രമേ മേഖലയിലെ സമാധാനം വീണ്ടെടുക്കാനാകൂ എന്ന് ഉച്ചകോടി ആവർത്തിച്ചു. 

കിഴക്കൻ ജറുസലം തലസ്ഥാനമാക്കി 1967ലെ അതിർത്തി അടിസ്ഥാനമാക്കി പലസ്തീൻ രാജ്യം നിലവിൽ വരണമെന്നും ആവശ്യപ്പെട്ടു. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളെയും അപലപിച്ചു.   

യെമന്റെ സുരക്ഷയും സ്ഥിരതയും വീണ്ടെടുക്കാൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.  

 സംഘർഷത്തിനിടെ പിടിച്ചെടുത്ത മേഖലകളിൽ നിന്ന് ഹൂതികൾ പിന്മാറണമെന്നും സൈനിക, സുരക്ഷാ സ്ഥാപനങ്ങളിൽനിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുംവിധം സുഡാനിൽ വിദേശ ഇടപെടലുകളെ വിമർശിക്കുകയും ചെയ്തു.

അറബ് ലീഗിലേക്കുള്ള സിറിയയുടെ തിരിച്ചുവരവ് രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും പുനരേകീകരണത്തിനും സഹായകമാകുമെന്നും വ്യക്തമാക്കി.

 കുറ്റകൃത്യങ്ങൾക്കും അഴിമതിക്കുമെതിരെ പോരാട്ടം തുടരാനും സുരക്ഷ, സ്ഥിരത, ക്ഷേമം എന്നിവ ഉറപ്പാക്കാൻ അംഗരാജ്യങ്ങൾ കൈകോർക്കണമെന്നും ആവശ്യപ്പെട്ടു. അറബ് ലോകത്തെ സംഘർഷ മേഖലയാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് ഉച്ചകോടി അധ്യക്ഷൻ  സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ  പറഞ്ഞു.

 മേഖലയിലെ പ്രശ്നപരിഹാരത്തിന് സൗദി തീവ്രപരിശ്രമം നടത്തുന്നതായും സൂചിപ്പിച്ചു.  അറബ് രാജ്യങ്ങളുമായുള്ള ബന്ധം ഉറപ്പിക്കുന്നതിനൊപ്പം കിഴക്കുമായും പടിഞ്ഞാറുമായുള്ള സൗഹൃദം തുടരുമെന്നും വ്യക്തമാക്കി.

ക്ഷേമത്തിനും വികസനത്തിനും അംഗരാജ്യങ്ങളുടെ സഹകരണം അനിവാര്യമെന്ന് യുഎഇ

അബുദാബി/ജിദ്ദ∙ മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താൻ യുഎഇയുടെ പിന്തുണ ഉണ്ടാകുമെന്ന് വൈസ് പ്രസി‍ഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ. അറബ് ലീഗ് ഉച്ചകോടിക്ക് എത്തിയതായിരുന്നു അദ്ദേഹം. അറബ് മേഖലയുടെ വികസനത്തിനും ക്ഷേമത്തിനും അംഗ രാജ്യങ്ങളുടെ സഹകരണം അനിവാര്യമാണെന്നും പറഞ്ഞു.‍ ഉച്ചകോടി വിജയകരമാക്കിയ സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നന്ദി രേഖപ്പെടുത്തി. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായും ഷെയ്ഖ് മൻസൂർ കൂടിക്കാഴ്ച നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com