അറബ് വനിത ബഹിരാകാശത്ത്; ചരിത്രം കുറിച്ച് സൗദി, സ്വീകരിച്ച് അൽ നെയാദി
Mail This Article
ദുബായ്∙ അറബ് മേഖലയിൽ നിന്ന് ആദ്യ വനിതയെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ചു ചരിത്രം കുറിച്ചു സൗദി. സൗദിയുടെ രണ്ടു ബഹിരാകാശ സഞ്ചാരികളുമായി സ്പേസ് എക്സ് ഡ്രാഗൺ എന്ന ബഹിരാകാശ പേടകം സൗദി പ്രാദേശിക സമയം 4.12ന് (ഇന്ത്യൻ സമയം 6.45ന്) രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തി.
Also read: ആഗോള കണ്ടെയ്നർ പ്രകടന സൂചിക: എട്ടാമതായി ഹമദ് തുറമുഖം
റയ്യന ബർനാവി, അലി അൽ ഖർനി എന്നീ സൗദി സഞ്ചാരികൾക്ക് അറബിയിൽ സ്വാഗതമോതി യുഎഇ സഞ്ചാരി സുൽത്താൻ അൽ നെയാദി ഇരുവരെയും ബഹിരാകാശ നിലയത്തിലേക്കു സ്വീകരിച്ചു. ഒരേ സമയം രണ്ടു സഞ്ചാരികളെ ബഹിരാകാശ നിലയത്തിൽ എത്തിക്കുന്ന അറബ് രാജ്യമെന്ന ബഹുമതിയും സൗദിക്കു സ്വന്തം.
കമാൻഡർ പെഗ്ഗി വിറ്റ്സൺ, പൈലറ്റ് ജോൺ ഷോഫ്നർ എന്നിവരും പേടകത്തിലുണ്ടായിരുന്നു. ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽ നിന്ന് ഇന്നലെ പുലർച്ചെ പുറപ്പെട്ട പേടകം 16 മണിക്കൂറു കൊണ്ടാണ് ബഹിരാകാശ നിലയത്തിലെത്തിയത്. 4 സഞ്ചാരികളും അടുത്ത 8 ദിവസം ബഹിരാകാശ നിലയത്തിൽ ചെലവഴിക്കും.
സൗദിയിലെ പരമ്പരാഗത കാപ്പിപ്പൊടിയും ഈന്തപ്പഴവുമായാണ് സഞ്ചാരികൾ ബഹിരാകാശ നിലയത്തിലെത്തിയത്. ഭൂമിയിൽ നിന്നുള്ള പാഴ്സൽ ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞർക്കു കൈമാറും. 30നു ഭൂമിയിലേക്കു തിരിക്കുന്ന സംഘം ഫ്ലോറിഡ തീരത്ത് ലാൻഡ് ചെയ്യുമെന്നു നാസ അറിയിച്ചു. ഇത് ആദ്യമായാണ് രണ്ട് അറബ് രാജ്യങ്ങളിൽ നിന്ന് 3 പേർ ഒരേ സമയം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കഴിയുന്നത്.