കരുതലിന്റെ കാവലായി ഐസിബിഎഫ് ലൈഫ് പോളിസി
Mail This Article
ദോഹ ∙ ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐസിബിഎഫ്) ലൈഫ് ഇൻഷുറൻസ് പോളിസിയിൽ ഇതുവരെ ചേർന്നത് 37,000 പേർ. പോളിസി ക്ലെയിമിനായി ലഭിച്ചത് 72 അപേക്ഷകൾ. ഒറ്റത്തവണ 125 റിയാൽ അടച്ചാൽ 2 വർഷത്തേക്ക് ഒരു ലക്ഷം റിയാലിന്റെ വ്യക്തിഗത ഇൻഷുറൻസ് ലഭ്യമാക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസി ദമാൻ (ഭീമ) ഇസ്‌ലാമിക് ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് ഐസിബിഎഫ് നടപ്പാക്കിയിട്ട് 3 വർഷം പിന്നിട്ടു.
Also read: അറബ് വനിത ബഹിരാകാശത്ത്; ചരിത്രം കുറിച്ച് സൗദി, സ്വീകരിച്ച് അൽ നെയാദി
പോളിസി ഉടമകളിൽ മരണവും അംഗവൈകല്യവും സംഭവിച്ചതിനെ തുടർന്ന് 72 അപേക്ഷകൾ ക്ലെയിമിനായി ലഭിച്ചു. ഇതിൽ 35 അപേക്ഷകർക്കും പോളിസി തുക നൽകി. 20 എണ്ണം ക്ലെയിം നൽകാനുള്ള നടപടികളിലാണ്. വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്തതിനാൽ 17 അപേക്ഷകൾ തള്ളിയതായും ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ വ്യക്തമാക്കി. പ്രവാസി അസോസിയേഷനുകൾക്കിടയിലും ലേബർ ക്യാംപുകളിലുമെല്ലാം പോളിസിയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നുണ്ടെങ്കിലും പോളിസിയെടുക്കാൻ തൊഴിലാളികൾ പലപ്പോഴും വിമുഖത കാണിക്കുന്നുണ്ടെന്ന് ഐസിബിഎഫ് ഭാരവാഹികൾ പറയുന്നു.
ജീവനക്കാർക്കായി സ്വന്തം ചെലവിൽ ഐസിബിഎഫ് ഇൻഷുറൻസ് പോളിസി എടുത്തു കൊടുക്കുന്ന സ്വകാര്യ കമ്പനികളും അംഗങ്ങൾക്കായി പോളിസി എടുക്കുന്ന പ്രവാസി അസോസിയേഷനുകളും ഏറെയുണ്ട്. ഇന്ത്യക്കാർക്ക് വേണ്ടി മാത്രമായിരുന്ന പോളിസി ഇപ്പോൾ ഖത്തറിലെ വിവിധ രാജ്യക്കാരായ പ്രവാസി തൊഴിലാളികൾക്കു വേണ്ടിയും നൽകുന്നുണ്ടെന്ന് ഐസിബിഎഫ് വ്യക്തമാക്കി.
എന്തുകൊണ്ട് ലൈഫ് ഇൻഷുറൻസ്
തൊഴിലിടങ്ങളിലും വാഹനാപകടങ്ങളിലും മരണപ്പെടുന്നവരും അപകടങ്ങളെ തുടർന്ന് പൂർണമായോ ഭാഗികമായോ ഉണ്ടാകുന്ന അംഗവൈകല്യങ്ങളെ തുടർന്ന് കട്ടിലിൽ ജീവിതം തളച്ചിടാൻ വിധിക്കപ്പെട്ടവരുമായി പ്രവാസത്തിൽ ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ ധാരാളം പേരുണ്ട്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ നാളെ കുടുംബത്തിന്റെ ഗതി എന്താകുമെന്ന് ആശങ്കപ്പെടുന്ന പ്രവാസികൾക്ക് ഐസിബിഎഫിന്റെ ലൈഫ് ഇൻഷുറൻസ് പോളിസി സഹായകമാണ്.
കമ്പനി വർക്ക് പോളിസി ഉണ്ടല്ലോ
കമ്പനി വക വർക്ക്‌മെൻ കോംപൻസേഷൻ പോളിസി ഉണ്ടല്ലോ പിന്നെന്തിന് ലൈഫ് ഇൻഷുറൻസ് പോളിസി എന്നു ചോദിക്കുന്നവരാണ് ഏറെ പേരും. ഖത്തറിലെ എല്ലാ കമ്പനികളും ജീവനക്കാർക്ക് വർക്ക്‌മെൻ കോംപൻസേഷൻ നൽകണമെന്നത് രാജ്യത്തെ തൊഴിൽ നിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ്. കമ്പനികൾ നൽകുന്ന ഈ നഷ്ടപരിഹാരം തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾക്കും മരണങ്ങൾക്കും മാത്രമുള്ളതാണ്. ഐസിബിഎഫിന്റെ ലൈഫ് ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ ഖത്തർ പ്രവാസിയായിരിക്കുന്നിടത്തോളം കാലം ജീവിതത്തിലുടനീളം പോളിസി കവറേജ് ലഭിക്കും. ഓരോ 2 വർഷവും പോളിസി കൃത്യമായി പുതുക്കണമെന്നു മാത്രം. ലോകത്തെവിടെയും സ്വാഭാവികമായോ അപകടത്തിലോ മരിച്ചാൽണപ്പെട്ടാൽ നോമിനിക്ക് മുഴുവൻ ഇൻഷുറൻസ് തുകയും ലഭിക്കും. സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാൽ ഇൻഷുറൻസ് തുകയുടെ നിശ്ചിത ശതമാനം ലഭിക്കും.
ആർക്കൊക്കെ പോളിസി എടുക്കാം
∙ കാലാവധിയുള്ള ഖത്തർ റസിഡന്റ് പെർമിറ്റും പാസ്‌പോർട്ടുമുള്ള 18 നും 65 നും ഇടയിൽ പ്രായമുള്ള ഖത്തറിൽ ജോലി ചെയ്യുന്ന ഏതു രാജ്യക്കാർക്കും പോളിസിയിൽ ചേരാം.
∙ ഖത്തർ ഐഡിയുള്ള ഇന്ത്യക്കാർക്ക് മാത്രമല്ല എല്ലാ രാജ്യക്കാർക്കും ഐസിബിഎഫിന്റെ പോളിസിയിൽ ചേരാം.
പോളിസി എങ്ങനെ?
∙ വർഷത്തേക്ക് ഒറ്റത്തവണ 125 റിയാൽ ( ഏകദേശം 2,829 ഇന്ത്യൻ രൂപ) മാത്രം പ്രീമിയം തുക അടച്ചാൽ മതി.
പോളിസിയിൽ ചേരുന്ന തീയതി മുതൽ 24 മാസത്തേക്ക് (2 വർഷം) ആണ് കാലാവധി. പോളിസി തുക 1,00,000 റിയാൽ (ഇന്നലത്തെ വിനിമയ നിരക്ക് അനുസരിച്ച് 22,63,000 ഇന്ത്യൻ രൂപ).
∙ വർഷത്തിന് ശേഷം വീണ്ടും 125 റിയാൽ അടച്ച് പോളിസി പുതുക്കാം.
∙ പോളിസി നിബന്ധനകൾക്ക് വിധേയം.
ഇൻഷുറൻസ് പരിരക്ഷ
∙ സ്വാഭാവിക മരണം അല്ലെങ്കിൽ അപകട മരണത്തിന് 100 ശതമാനം പോളിസി തുകയും ലഭിക്കും.
∙ ഏതു കാരണം കൊണ്ടായാലും സ്ഥിരമായ സമ്പൂർണ അംഗവൈകല്യമോ (പെർമനന്റ് ടോട്ടൽ ഡിസെബിലിറ്റി), സ്ഥിരമായ ഭാഗിക വൈകല്യമോ (പെർമനന്റ് പാർഷ്യൽ ഡിസെബിലിറ്റി) സംഭവിച്ചാൽ വൈകല്യത്തിന്റെ തീവ്രത കണക്കാക്കി മൊത്തം പോളിസി തുകയുടെ നിശ്ചിത ശതമാനം തുക ലഭിക്കും.
∙ ഖത്തർ ഐഡിക്ക് കാലാവധിയുള്ള നാൾ വരെ ലോകത്ത് എവിടെ വച്ചായാലും പോളിസി അംഗത്തിന് അപകടമോ മരണമോ സംഭവിച്ചാൽ ഇൻഷുറൻസ് തുക ലഭിക്കും.
പോളിസി തുക ക്ലെയിം മരണം സംഭവിച്ചാൽ
∙ പോളിസി അംഗം മരിച്ച തീയതി മുതൽ 90 ദിവസത്തിനുള്ളിൽ നോമിനി അല്ലെങ്കിൽ ആ വ്യക്തിയുടെ നിയമപരമായ പ്രതിനിധിയോ രേഖാമൂലം മരണവിവരം ഐസിബിഎഫിനെ അറിയിക്കണം.
∙ മരിച്ച പോളിസി അംഗത്തിന്റെ ഖത്തർ ഐഡി, പാസ്‌പോർട്ട് പകർപ്പുകളും പോളിസി നമ്പറും ഹാജരാക്കണം.
∙ ഒറിജിനൽ മരണ സർട്ടിഫിക്കറ്റ് (ഖത്തറിന് പുറത്താണ് മരിക്കുന്നതെങ്കിൽ പ്രാദേശിക അതോറിറ്റിയിൽ നിന്ന് മരണ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി വാങ്ങി ഖത്തറിലെ ഇന്ത്യൻ എംബസിയിൽ അറ്റസ്റ്റ് ചെയ്തു വേണം ഐസിബിഎഫിൽ ഹാജരാക്കാൻ).
∙ മെഡിക്കൽ റിപ്പോർട്ടുകൾ, അപകട മരണമെങ്കിൽ പൊലീസ് റിപ്പോർട്ട് എന്നിവ ഹാജരാക്കണം.
അംഗവൈകല്യം സംഭവിച്ചാൽ
∙ ഖത്തറിന് പുറത്തുവച്ചാണ് അപകടത്തിൽ ഭാഗികമായോ പൂർണമായോ സ്ഥിരമായ അംഗവൈകല്യം സംഭവിക്കുന്നതെങ്കിൽ പ്രാദേശിക അതോറിറ്റിയിൽ നിന്നുള്ള വൈകല്യ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി വാങ്ങി ഖത്തറിലെ ഇന്ത്യൻ എംബസിയിൽ അറ്റസ്റ്റ് ചെയ്തു വേണം ഹാജരാക്കാൻ.
∙ അപകടത്തിന്റെ പൊലീസ് റിപ്പോർട്ട്, മെഡിക്കൽ റിപ്പോർട്ട് എന്നിവയും നിർബന്ധം.
∙ പോളിസി അംഗത്തിന്റെ ഖത്തർ ഐഡി, പാസ്‌പോർട്ട് പകർപ്പും പോളിസി നമ്പറും ഹാജരാക്കണം.
പോളിസിയിൽ ചേരാൻ
∙ പൂരിപ്പിച്ച പോളിസി അപേക്ഷാ ഫോറം, ഖത്തർ ഐഡി, പാസ്‌പോർട്ട് പകർപ്പുകൾ, പ്രീമിയം തുക 125 റിയാൽ എന്നിവ സഹിതം തുമാമയിലെ ഐസിബിഎഫ് ഓഫിസിലെത്തി നൽകാം. അപേക്ഷാ ഫോറം ഇവിടെ നിന്നു ലഭിക്കും.
∙ ശനി മുതൽ വ്യാഴം വരെ രാവിലെ 12.00 മുതൽ രാത്രി 8.00 വരെ അപേക്ഷ നൽകാം.
∙ കൂടുതൽ വിവരങ്ങൾക്ക്: 30322730. വാട്‌സാപ്പ്-77867794. ഇ-മെയിൽ: icbfqatar@gmail.com.